ഗുരുവായൂരില്‍ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ തുടങ്ങി
ഗുരുവായൂര്‍: അഷ്ടമിരോഹിണി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂരിലേക്കൊഴുകിയെത്തും. വൈദ്യുത ദീപങ്ങളാലും മറ്റും അലംകൃതമായ ക്ഷേത്രനഗരി ആഹ്ലാദത്തിമര്‍പ്പിലാണ്. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രനഗരിയില്‍ ഇന്നലെ അവതാര വിളംബര ഘോഷയാത്ര നടന്നു. മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ഗജവീരന്മാര്‍, രാധാകൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍, ഗോപികാനൃത്തങ്ങള്‍, മോഹിനിയാട്ടം,അമ്മന്‍കുടങ്ങള്‍, കരകാട്ടം, മയിലാട്ടം, കാളിദാരികനൃത്തം, വില്ലിന്മേല്‍ തായമ്പക, മാമാങ്കം കുതിരകളി, കളരിപ്പയറ്റ്, കോല്‍ക്കളി, നിലക്കാവടികള്‍, മുത്തുക്കുടകള്‍, തഴ, കൊടിക്കൂറകള്‍ എന്നിവയും ആയിരത്തൊന്ന് മഹിളകള്‍ പങ്കെടുത്ത താലപ്പൊലിയും അണിനിരന്നു. പ്രഗത്ഭരായ കലാകാരന്മാര്‍ അണിനിരന്ന ചെണ്ടമേളവും നാദസ്വരം, പഞ്ചവാദ്യം, ഉടുക്കുപാട്ട് എന്നിവയും ഘോഷയാത്രയ്ക്ക് അകമ്പടിയായി. നിറപറയും നിലവിളക്കും പുഷ്പവൃഷ്ടിയുമായി ഘോഷയാത്രയ്ക്ക് വഴിനീളെ സ്വീകരണമൊരുക്കിയിരുന്നു.
അഷ്ടമിരോഹിണി ദിനത്തില്‍ ക്ഷേത്രത്തില്‍ മൂന്നു നേരവും ശീവേലിക്ക് സ്വര്‍ണക്കോലം എഴുന്നെള്ളിക്കും. രാവിലെയും ഉച്ചയ്ക്കും ശീവേലിക്ക് ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ കോലമേന്തും. ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ക്ക് വിഭവസമൃദ്ധമായ പിറന്നാള്‍സദ്യ നല്‍കും. രാവിലെ ഗുരുവായൂര്‍ നായര്‍ സമാജം, ശിവകൃഷ്ണ ആഘോഷസമിതി എന്നിവയുടെ നേതൃത്വത്തില്‍ ഉറിയടി ഘോഷയാത്രകള്‍ നഗരത്തെ ഉത്സവലഹരിയിലാഴ്ത്തും.
കൃഷ്ണന്റേയും രാധയുടേയും ഗോപികമാരുടേയും വേഷം ധരിച്ച കുട്ടികള്‍ താളത്തിനൊപ്പിച്ച് ചുവടുവെച്ച് ഉറികള്‍ ഉടച്ച് നൃത്തംവെക്കുന്ന കാഴ്ച അതിമനോഹരമാണ്. ഇതിനായി നഗരത്തിലാകെ ഉറികള്‍ കെട്ടിത്തൂക്കിയിട്ടുണ്ട്. വൈകുന്നേരം ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ വേഷധാരികളായ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന് ശോഭായാത്രയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."