ഇനി എല്ലാം ഇന്റര്‍നെറ്റ് നിശ്ചയിക്കട്ടെ
ആഹാരമില്ലാതെ 16 വര്‍ഷത്തോളം ലോകത്തിലെ ദീര്‍ഘമേറിയ സഹനസമരം നടത്തിയ ഇറോംശര്‍മ്മിളയെക്കുറിച്ചു കഴിഞ്ഞ ദിവസംവരെ ദേശീയ,അന്തര്‍ദേശീയമാധ്യമങ്ങള്‍ ഏറെ ചര്‍ച്ചചെയ്തു. ഒരുപക്ഷേ ഇങ്ങനെയൊരു സമരംനടത്തിയ വനിത ലോകത്തിലൊരിടത്തും ഉണ്ടാവാനിടയില്ല. ഇനി ഉണ്ടായിക്കൂടെന്നുമില്ല.
എന്നാല്‍ ഇന്റര്‍നെറ്റ് എന്ന വിപ്ലവശൃംഖല ഒരു സെക്കന്‍ഡ് നിശ്ചലമായാല്‍ ലോകത്തിലെ ജനങ്ങള്‍ ആഹാരംപോലും കഴിക്കാതെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍വരെ മറക്കുന്ന അവസ്ഥയാണുണ്ടാകാന്‍ പോകുന്നത്. വിവരസാങ്കേതികവിദ്യ കീഴടക്കിയിട്ടുള്ള മനുഷ്യപ്രപഞ്ചത്തെ അത്രയേറെ കീഴടക്കിക്കഴിഞ്ഞു. ഇന്റര്‍നെറ്റില്ലാതെ ജീവിതമില്ലെന്ന അവസ്ഥ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിരിക്കുന്നു.
ലോകത്തിലെ അഞ്ചു ഭൂഖണ്ഡങ്ങളെയും ഇന്റര്‍നെറ്റെന്ന രാക്ഷസന്‍ കൈയടക്കിയിരിക്കുകയാണ്. ഓരോവര്‍ഷവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ജനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കുകയാണ്. വടക്കന്‍ അമേരിക്കയില്‍ 89 ശതമാനവും യുറോപ്യന്‍ രാജ്യങ്ങളില്‍ 79 ശതമാനവും ഏഷ്യയില്‍ 44 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 28 ശതമാനവും ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. രാജ്യങ്ങളുടെ കണക്കുപരിശോധിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം വരെ ഒന്നാംസ്ഥാനത്തുനിന്ന അമേരിക്കയെ പിന്തള്ളി ഇന്ത്യ മുന്‍നിരയിലേയ്‌ക്കെത്തിക്കഴിഞ്ഞു. ചൈനയാണു മൂന്നാംസ്ഥാനത്ത്. മൊബൈല്‍ വിപ്ലവംവന്നതോടെ ഇന്റര്‍നെറ്റുപയോഗം ഇരട്ടിയായി. ഫ്യൂച്ചര്‍ ഓഫ് ഇന്റര്‍നെറ്റ് ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ നാസ്‌കോം, അക്കമെ ടെക്‌നോളജീസ് എന്നിവ നടത്തിയ പഠനത്തില്‍ 2020 ആകുമ്പോള്‍ ഇന്ത്യയിലെ 730 ദശലക്ഷം ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമെന്നു കണ്ടെത്തിയിരിക്കുന്നു.
ഇ കൊമേഴ്‌സ്, ഇ പേയ്‌മെന്റ്, നെറ്റ് ബാങ്കിങ് എന്നിവയിലൂടെയാണു യുവതലമുറ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 2015 വരെയുള്ള കണക്കനുസരിച്ച് ഇ കൊമേഴ്‌സിലൂടെ 17 ദശലക്ഷം ഡോളറിന്റെ വിപണിയാണ് ഇന്ത്യയില്‍ നടന്നത്. 2020 ആകുമ്പോള്‍ 34 ദശലക്ഷം ഡോളറിലേയ്ക്ക് ഇതുയരും. ഓണ്‍ലൈന്‍ ഷോപ്പിങ്ങാണ് ഇ കൊമേഴ്‌സിലൂടെ ഏറ്റവും കൂടുതല്‍ നടക്കുന്നത്. 2015 ല്‍ മാത്രം 50 ദശലക്ഷം ഇ ഷോപ്പിങ് ഇടപാടുനടന്നിരുന്നുവെങ്കില്‍ 2020 ആകുമ്പോള്‍ ഈ കണക്ക് 175 ദശലക്ഷത്തിലേയ്ക്കുയരും. 2020 ആകുമ്പോള്‍ ഇന്ത്യയില്‍ മാത്രം 702 ദശലക്ഷം സ്മാര്‍ട്ട് , മൊബൈല്‍ ഫോണുകളും ഇ ഷോപ്പിങ്ങിലൂടെ വില്‍ക്കപ്പെടും. ഇപ്പോള്‍ നടക്കുന്ന ഇ ഷോപ്പിങ്ങില്‍ 70 ശതമാനവും മൊബൈല്‍ ഫോണുകളുടെ വില്‍പ്പനയാണു നടക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഉപയോഗം ഈ രീതിയില്‍ രാജ്യത്ത് തുടര്‍ന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത ജീവിതം താറുമാറാകാനും കുടുംബജീവിതംതന്നെ നശിക്കാനും ഇടയാകുമെന്നുറപ്പ്.
അതേസമയം ഇന്റര്‍നെറ്റിലൂടെ വ്യാപാരസ്ഥാപനങ്ങള്‍ വന്‍കുതിച്ചുചാട്ടത്തിലേയ്ക്കാണു നീങ്ങുന്നത്. ഓണ്‍ലൈന്‍ വ്യാപാര,വാണിജ്യസ്ഥാപനങ്ങളായ റിസോര്‍ട്ടുകളും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരും ഇതിലൂടെ നേടിയനേട്ടങ്ങള്‍ ചെറുതല്ല. റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും ഓണ്‍ലൈന്‍ ബുക്കിങ് നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം 50 ദശലക്ഷമാണ്. 2020 ആകുമ്പോള്‍ ഇന്റര്‍നെറ്റ് എന്ന വിപ്ലവശൃംഖല 50 ശതമാനത്തോളം സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനഘടകമായി മാറും.
വിദ്യാഭ്യാസരംഗത്ത് ഇന്റര്‍നെറ്റ് സൃഷ്ടിച്ച വിപ്ലവങ്ങള്‍ ചെറുതൊന്നുമല്ല. ക്ലാസ്മുറികളില്‍ നേടുന്ന അറിവിനേക്കാളും ഗൂഗിളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പ്രോജക്ടുകളും റിപ്പോര്‍ട്ടുകളും തയാറാക്കാന്‍ ഉപകരിക്കുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെല്ലാം ഇ ക്ലാസ് റൂമുകള്‍ ആരംഭിച്ചിട്ടു വര്‍ഷങ്ങളായി. കഴുതകളെപ്പോലെ പുസ്തകങ്ങള്‍ ചുമക്കുന്ന വിദ്യാര്‍ഥികളെ ആ രാജ്യങ്ങളില്‍ കാണാന്‍ കഴിയില്ല. നെറ്റ്ക്ലാസ് റൂമുകള്‍ക്കു മുന്‍തൂക്കം നല്‍കിക്കൊണ്ടു വിദ്യാഭ്യാസ ഉയര്‍ച്ചയ്ക്കുതകുന്ന വിവരസാങ്കേതികവിദ്യകള്‍ നല്‍കുന്ന രാജ്യങ്ങളായി മാറുന്ന അവസ്ഥയ്ക്ക് അടിസ്ഥാനഘടകമായി നിലനില്‍ക്കുന്നത് ഇന്റര്‍നെറ്റാണ്.
അപ്പോള്‍ ഇന്റര്‍നെറ്റില്ലാത്ത നിമിഷങ്ങള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍ ദിവസങ്ങള്‍, ലോകത്തിലെ ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികളായി മാറുന്ന സ്ഥിതി വിദൂരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."