ഉപദേശകഭരണത്തിലേക്കോ നമ്മുടെ കേരളം?
നൂറുനാള്‍ മുന്‍പ് അധികാരമേറ്റ കേരള മന്ത്രിസഭയില്‍ അംഗങ്ങള്‍ക്ക് എണ്ണക്കുറവൊന്നുമില്ല. എണ്ണണമെങ്കില്‍ എണ്ണിക്കോ. പിണറായി വിജയനു കൂട്ടായി അവര്‍ 18 പേരുണ്ട് അനന്തപുരിയിലിരുന്ന് ഭരണം നടത്താന്‍. എന്നാല്‍ 14 ാം നിയമസഭക്ക് നേതൃത്വം നല്‍കുന്ന ഇടതുപക്ഷം ഭരണനടത്തിപ്പ് ഉപദേശക പടക്ക്് വിട്ടുകൊടുക്കുകയാണെന്നു തോന്നുന്നു. ഭരണസാരഥ്യം കിട്ടുമോ ഇല്ലയോ എന്ന ഉറപ്പുകിട്ടാത്തപ്പോഴും മലമ്പുഴയില്‍ നിന്ന് ജയിച്ചുകയറിയ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ പിണക്കാതിരിക്കാന്‍ തന്നെയാണ് പിണറായി നോക്കിയത്. ആഴ്ചകളുടെ കാത്തിരിപ്പിനു ശേഷമാണെങ്കിലും ഭരണപരിഷ്‌കാര കമ്മിഷന്റെ ചുമതല നല്‍കി നിയമഭേദഗതി പോലും വരുത്തി തൊണ്ണൂറ്റിരണ്ടുകാരനായ നേതാവിനു ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും ഔദ്യോഗിക വസതിയാവാം, കൊടിവച്ച കാറാവാം, സര്‍ക്കാര്‍ ചെലവില്‍ 25 പേരെ വരെ പേഴ്‌സണല്‍ സ്റ്റാഫാക്കിവയ്ക്കാം. ഇറക്കിവിട്ട പോളിറ്റ് ബ്യൂറോയിലേക്ക് മടക്കടിക്കറ്റ് കിട്ടാത്തപ്പോഴും അച്ചുമാമനു സന്തോഷം. എന്നാല്‍ മുന്‍പ് നിലവിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മിഷനുകള്‍ക്കില്ലാത്ത ആനുകൂല്യങ്ങള്‍ നല്‍കിയാണ് അച്യുതാനന്ദനെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത്. അദ്ദേഹം അധ്യക്ഷന്‍, മുന്‍ചീഫ് സെക്രട്ടറിമാരായ സി.പി നായര്‍, നീല ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളായും നിയമിച്ച ഉത്തരവില്‍ പറയുന്നത് ഭരണനിര്‍വഹണമാണ് കാര്യമായ ചുമതലയെന്നാണ്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ ഖജനാവില്‍ ചെലവെത്ര കൂടുമെന്നതിനെക്കുറിച്ച് ഒരു കണക്കും പുറത്തുവന്നിട്ടില്ല.
പ്ലാനിങ് കമ്മിഷന്‍ തന്നെ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു കക്ഷി, കേന്ദ്രം ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് ഒരു ആസൂത്രണ ബോര്‍ഡ് രൂപവല്‍ക്കരിക്കുന്നതില്‍ ആരും കുറ്റം കാണില്ല. എന്നാല്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ രാഷ്ട്രപതി പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുമ്പോഴൊക്കെയും ''അഡൈ്വസര്‍ ഭരണം വേണ്ടേ വേണ്ട'' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നവര്‍ക്ക് ഇന്നു അധികാരത്തില്‍ തുടരാന്‍ ഉപദേശകരില്ലാതെ വയ്യ എന്നായിരിക്കുന്നു. അഡൈ്വസര്‍ ഭരണത്തെ എന്നും എതിര്‍ത്തവരാണ് ഇടതുപക്ഷ കക്ഷികള്‍ എന്നറിയാത്തവരില്ല. ഭരണം നടത്താന്‍ വേണ്ടപ്പെട്ടവരെ തെരഞ്ഞെടുക്കുക എന്ന പ്രക്രിയ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം 1919 ല്‍ ആരംഭിച്ചതാണ്. ഇന്നത്തേതിന്റെ അഞ്ചിലൊന്നു ജനങ്ങള്‍ മാത്രം ഉണ്ടായിരുന്ന ആ കാലത്ത് വോട്ടവകാശമുണ്ടായിരുന്നത് കേവലം ഒന്‍പതു ലക്ഷം പേര്‍ക്ക്. പ്രായപൂര്‍ത്തി വോട്ടവകാശം വന്നതോടെയാണ് എണ്ണം കോടികള്‍ കടന്നത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ഒരുനിയമസഭ രൂപം പൂണ്ടത്, ഇപ്പോള്‍ കേരളത്തിന്റെ ഭാഗമായ തിരുവിതാംകൂറിലുമാണ്. 1888 ല്‍ ആറു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രണ്ടു അര്‍ധ ഉദ്യോഗസ്ഥരുമായി ഒരു ഭരണം വന്നതോടെ തിരുവിതാംകൂറില്‍ തുടങ്ങിയതാണ് ഉപദേശക ഭരണം. കേരള സംസ്ഥാന രൂപവല്‍ക്കരണത്തിനു തൊട്ടുമുന്‍പ് തിരുകൊച്ചിയില്‍ നടന്ന അവസാനത്തെ തെരെഞ്ഞെടുപ്പ് 1954 ജൂലൈയിലായിരുന്നു. 117 അംഗ നിയമസഭയില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ല. 45 സീറ്റുള്ള വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഭരണത്തിനൊന്നും മുതിര്‍ന്നില്ല. അവര്‍ 19 അംഗ പി.എസ്.പിക്കു പിന്തുണ പ്രഖ്യാപിച്ചു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ പി.എസ് നടരാജപിള്ളയും പി.കെ കുഞ്ഞും എ. അച്ചുതനും മന്ത്രിമാരായി അധികാരമേറ്റു.
എന്നാല്‍ വര്‍ഷം രണ്ടുതികയും മുന്‍പ് പി.എസ്.പിയില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് കാലുമാറി പിന്തുണച്ചു. തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസും പിന്തുണച്ചതോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷമായി. അവര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പട്ടം മന്ത്രിസഭ പുറത്ത്. പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ 1955 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് മന്ത്രിസഭയായി. എന്നാല്‍ ഒരുവര്‍ഷം തികഞ്ഞതേയുള്ളൂ, ഭൂരിപക്ഷം തെളിയിക്കാനാകാതെ പനമ്പിള്ളി മന്ത്രിസഭയും പുറത്ത്. ആദ്യമായി ഇവിടെ പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കപ്പെട്ടു. ഡോ. പി എന്ന റാവു ഉപദേശകനായും നിയമിതനായി. 1956 ലെ ഇ.എം.എസ് ഭരണം വിമോചനസമരത്തെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ടപ്പോള്‍ കേരളത്തില്‍ വീണ്ടും പ്രസിഡന്റ് ഭരണമായി. പി.വി. ആര്‍ റാവു ഗവര്‍ണറുടെ അഡൈ്വസറായി നിയമിക്കപ്പെടുകയും ചെയ്തു. ആറുമാസമാണ് അദ്ദേഹം സംസ്ഥാനം ഭരിച്ചത്. 1962 ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭ രാജിവച്ചപ്പോഴും 1969 ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭ അധികാരമൊഴിഞ്ഞപ്പോഴും കേരളം അഡൈ്വസര്‍ ഭരണം കണ്ടു. 1965 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ പി.കെ. കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായപ്പോള്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയ്ക്കു പതനം. ആര്‍. പ്രസാദും ഗോവിന്ദ നാരായണനും അഡൈ്വസര്‍മാരായി.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിയമസഭ പിരിച്ചുവിട്ടു. വീണ്ടും പ്രസിഡന്റ് ഭരണം. 1967 ലെ തെരഞ്ഞെടുപ്പ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണി ചര്‍ച്ച ചെയ്ത അധികാരത്തിലെത്തിലേറി. അനിശ്ചിതത്വത്തിലേക്കു നീങ്ങിയ മന്ത്രിസഭ 1970 ല്‍ രാജിവച്ചപ്പോള്‍ ഗവര്‍ണര്‍ നിയമസഭയും പിരിച്ചുവിട്ടു. അഞ്ചാം തവണയും കേരളത്തില്‍ പ്രസിഡന്റ് ഭരണവും അഡൈ്വസര്‍ വാഴ്ചയും. 1979 ല്‍ സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭ രാജിവച്ചതിനെ തുടര്‍ന്നും 1981 ല്‍ കെ കരുണാകരന്‍ മന്ത്രിസഭ രാജിവച്ചപ്പോഴും പ്രസിഡന്റിനുവേണ്ടിയുള്ള അഡൈ്വസര്‍ ഭരണം വന്നു. എന്നാല്‍ അടുത്ത കാലത്തൊന്നും പ്രസിഡന്റ് ഭരണമോ അഡൈ്വസര്‍ വാഴ്ചയോ കേരളം കണ്ടില്ല. അതേസമയം അധികാരമേറിയ ജനകീയ മന്ത്രിസഭ ഭരണനടത്തിപ്പിനായി ഉപദേശകരെ തിരഞ്ഞുപിടിക്കുന്നു.
കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ എം.കെ ദാമോദരനെ നിയമോപദേഷ്ടാവായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമിച്ചതായ വാര്‍ത്ത വന്നതോടെയാണ് ഈ അഡൈ്വസര്‍ ഭരണം തല ഉയര്‍ത്തിയത്. ലാവ്‌ലിന്‍ കേസില്‍ പ്രതിഫലമൊന്നും വാങ്ങാതെ തനിക്കു വേണ്ടി ഹാജരായ എം.കെ ദാമോദരനോടുള്ള പ്രത്യേക പരിഗണന ആണിതെന്നു പറഞ്ഞു പ്രതിപക്ഷം ബഹളംകൂട്ടി. ഈ ബഹളത്തില്‍ പങ്കുചേരാന്‍ സി.പി.എമ്മിന്റെ പ്രമുഖനേതാവ് വി.എസ് അച്യുതാനന്ദന്‍പോലും മടിച്ചില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ അന്ന് അഡ്വക്കറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍ നായനായര്‍ മന്ത്രിസഭയുടെ കാലം മുതല്‍ക്കേ ശ്രദ്ധിച്ചിരുന്നുവെന്നു പറഞ്ഞുനടന്നയാളാണല്ലോ അച്യുതാനന്ദന്‍.
നിയമിച്ചത് ശരിയാണെന്ന് സര്‍ക്കാരിനെതിരായതടക്കം ഏതു കേസും അദ്ദേഹത്തിനു വാദിക്കാമെന്നും മുഖ്യമന്ത്രിതന്നെ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷം വിട്ടുകൊടുത്തില്ല. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അതത് സമയത്ത് ഉപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറല്‍ എന്ന സ്ഥാനം നിലനില്‍ക്കേ സര്‍ക്കാരിനെതിരായ കേസുകള്‍ നമ്മുടെ നിയമോപദേശകന്‍ വാദിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി തന്നെ സാക്ഷ്യപത്രം നല്‍കുമ്പോള്‍ എത്രത്തോളം വിജയിക്കുമെന്നു കണ്ടറിയേണ്ടതുണ്ട്. അതിനിടയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ കേരള ഹൈക്കോടതി ബെഞ്ചില്‍ സര്‍ക്കാരിനെതിരേ അഡ്വ. ദാമോദരന്‍ ഹാജരാകുന്നത്. പരിസ്ഥിതി അനുമതി ക്വാറികള്‍ക്ക് ഒഴിവാക്കണമെന്ന ക്വാറി ഉടമകളുടെ ഹരജിയാണ് ദാമോദരന്‍ ഏറ്റെടുത്തത്. നേരത്തേ തന്നെ ക്വാറി ഉടമകളുടെ കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകനാണദ്ദേഹം.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായിക്കൊണ്ട് അന്യസംസ്ഥാന ലോട്ടറി തുടരണമോ വേണ്ടയോ എന്ന കേസിലും അദ്ദേഹം രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ വരുമാനം പറ്റുന്ന അഡ്വക്കറ്റ് ജനറല്‍ നല്‍കുന്ന ഉപദേശത്തിനു കടകവിരുദ്ധമായി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നിലപാടെടുക്കുന്നു എന്ന് പ്രതിപക്ഷം മുറവിളി കൂട്ടുകയും ചെയ്തു. കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിക്കേസ് നേരിടുന്ന ഐ.എന്‍.ടി.യു.സി നേതാവ് ആര്‍ ചന്ദ്രശേഖരനു വേണ്ടിയും ദാമോദരന്‍ ഹാജരാകുന്നുണ്ട്.
എന്നാല്‍ വിവാദങ്ങളിലൊന്നും ചാടാതെ അഡ്വ. ദാമോദരന്‍ തന്റെ നിലപാട് വ്യക്തമാക്കി. ഉത്തരവ് ഇറങ്ങിയിട്ട് ഒന്നരമാസമായെന്നും വായിച്ചെന്നും എന്നാല്‍ താനത് സ്വീകരിച്ചിട്ടില്ലെന്നും ദാമോദരന്‍ അറിയിച്ചു. നിയമോപദേശത്തിനു ഫയല്‍ വരുത്തേണ്ട കാര്യമില്ല. ഇതുവരെ മുഖ്യമന്ത്രി ഒരുപദേശവും തേടിയിട്ടുമില്ല. മറ്റുചില കാര്യങ്ങള്‍ക്ക് തിരുവനന്തപുരത്തുപോയപ്പോഴാകട്ടെ ചെലവുകള്‍ സ്വന്തം കൈയില്‍ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പിന്നാലെ ഔദ്യോഗിക വാര്‍ത്തവന്നു. അഡ്വ. ദാമോദരന്‍ ഇതുവരെ നിയമിതനായിട്ടില്ല. എന്നാല്‍ ദാമോദരനെ നിയമിച്ചതില്‍ തെറ്റില്ലെന്നു ന്യായീകരിച്ച മുഖമന്ത്രി പിണറായി വിജയന്‍ അദ്ദേഹം ചാര്‍ജെടുത്തിട്ടില്ലെന്ന വിവരം നിയമസഭയെ അറിയിച്ചില്ലെന്നും പരാതിയായി പിന്നീട്. കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസാകട്ടെ ഇതിന്റെ പേരില്‍ പിണറായിക്കെതിരേ നിയമസഭയില്‍ അവകാശലംഘന പ്രമേയത്തിനു നോട്ടീസ് നല്‍കുകയും ചെയ്തു. നിയമന ഉത്തരവ് ഇറങ്ങുന്നതിനു മുന്‍പുതന്നെ കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറായ മുന്‍ എസ്.എഫ്.ഐ നേതാവ് ജോണ്‍ ബ്രിട്ടാസിനെ മാധ്യമ ഉപദേശകനായും മുഖ്യമന്ത്രി ഒപ്പംകൊണ്ടുനടന്നിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ ഒപ്പം കൂട്ടിയത് അറിയപ്പെട്ട ഇടതുപക്ഷക്കാരനായ ഇദ്ദേഹത്തെത്തന്നെയായിരുന്നു. പിന്നാലെ ശാസ്‌ത്രോപദേശകന്റെ നിയമനം വന്നു. ഇടതുപക്ഷ നിലപാടുകളെ പൂര്‍ണമായും അംഗീകരിക്കാത്ത അമേരിക്കന്‍ സര്‍വകലാശാല പ്രൊഫസര്‍ ഗീതാഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായും നിയമിച്ചു.
ഇന്ത്യക്ക് വളര്‍ച്ചയുണ്ടാകണമെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണമെന്നു ധരിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലാ വിദഗ്ധയാണ് ഗീതാഗോപിനാഥ് എന്ന ആക്ഷേപം സി.പി.എം നേതൃത്വം നല്‍കിയ ഇടതുകക്ഷികള്‍ എതിര്‍ത്തു തോല്‍പിച്ചു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ അനുകൂലിച്ചും അഭിപ്രായ പ്രകടനം നടത്തിയവരാണവര്‍. കോര്‍പറേറ്റുകള്‍ക്കുള്ള നികുതി വെട്ടിക്കുറച്ചതിനെ അനുകൂലിക്കുകയും വളം സബ്‌സിഡി നിയന്ത്രിക്കണമെന്നാവശ്യപ്പെടുകയും ചെയ്ത ചരിത്രവും അവര്‍ക്കുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു. എതിര്‍പ്പുകാര്‍ പറഞ്ഞത്, ബൂര്‍ഷ്വാ വിജ്ഞാനത്തിന്റെ സിരാകേന്ദ്രമെന്ന് വര്‍ഷങ്ങളായി ഇടതുപക്ഷക്കാര്‍ ആരോപിക്കുന്ന ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഗീത ഗോപിനാഥിന്റെ വരവ് എന്നാണ്. മന്ത്രിസഭയില്‍ തന്നെ സാമ്പത്തിക കാര്യം കലക്കിക്കുടിച്ച ഡോ. തോമസ് ഐസക് സര്‍ക്കാര്‍ വാഹനത്തിലിരിക്കേ പിന്നെയും കാറില്‍ കൊടിവെക്കാനുള്ള അവകാശത്തോടെ അമേരിക്കന്‍ മുതലാളിത്വത്തില്‍ നിന്ന് ഒരാളെ കടമെടുക്കണമോ എന്നാണ് ചോദ്യം. നവഉദാരീകരണ നിലപാടുകളുടെ ശക്തയായ വക്താവാണ് പ്രൊഫ. ഗീതയെന്നു കാണിച്ച് മുന്‍മുഖ്യമന്ത്രി അച്ചുതാനന്ദന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തയക്കുക പോലും ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടി അണികളിലുണ്ടായിരിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. നിയമനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. പ്രൊഫ. ഗീതയുടെ നിയമനത്തില്‍ അനിഷ്ടമുണ്ടെങ്കിലും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്കു മങ്ങലേല്‍ക്കരുതെന്നതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നു പറഞ്ഞു സി.പി.എം പോളിറ്റ് ബ്യൂറോയും കൈകഴുകി.
ബാംഗ്ലൂരിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പത്തികവിഭാഗം മേധാവിയും ബംഗാള്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന തൃശൂര്‍ പൂങ്കുന്നം സ്വദേശി കെ. രാമചന്ദ്രന്‍ കേരളാ സ്റ്റേറ്റ് പ്ലാനിങ്‌സെല്‍സിന്റെ വൈസ് ചെയര്‍മാന്‍ പദം ഏറ്റെടുക്കുന്നിനിടയ്ക്കാണ് പ്രൊഫ. ഗീതയുടെ നിയമനം. ഒരു യോഗ്യതയും ഇല്ലാത്ത ഷാഫി മേത്തറെ മുഖ്യമന്ത്രി തന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചില്ലേ എന്നും അക്കൂട്ടത്തില്‍ സി.പി.എം സ്‌റ്റേറ്റ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ ഷാഫി മേത്തര്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ ജോണ്‍ എഫ്.കെ.സഡ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റില്‍ മേജര്‍ ഫെലോയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്ില്‍ വിസിറ്റിങ് ലക്ചററുമാണെന്നു അദ്ദേഹം അറിയാതെ പോയപ്പോള്‍ ലോക ഹെവി വെയ്റ്റ് ബോക്‌സര്‍ മുഹമ്മദലി കേരളീയനാണെന്ന സന്ദേശമിറക്കിയ മന്ത്രിയെ നിയോഗിച്ച പാര്‍ട്ടിയുടെ തലപ്പത്തിരിക്കേണ്ട ആള്‍ തന്നെയാണ് കോടിയേരിയെന്ന് ജനം തിരിച്ചറിയും.
ഭരണച്ചെലവ് ഇന്നും വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഭരണച്ചെലവ് കുറയ്ക്കാനുള്ള കമ്മിഷനു പോലും ചെലവു വേണ്ടി വരുന്നു. പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് നേരിട്ടു നിയമനം നടത്താനും കേരള ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ തന്നെ കലക്ടര്‍മാരേക്കാള്‍ ശമ്പളം വാങ്ങുന്ന പ്രൈവറ്റ് സെക്രട്ടറിമാര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇരിക്കുന്നുണ്ട്. അണ്ടര്‍ സെക്രട്ടറിമാരുടെ ശമ്പളമാകട്ടെ 45800 രൂപ മുതല്‍ 89500 രൂപവരെയായി പുതുക്കി നിശ്ചയിച്ചിരിക്കുന്നു. ആയിടക്കാണ് ഈ ഉപദേശകനിയമനങ്ങള്‍. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉണ്ടെന്നല്ലാതെ അവര്‍ക്കു പ്രതിഫലമൊന്നും കിട്ടുകയില്ല എന്നു പറഞ്ഞ് സര്‍ക്കാര്‍ തടിതപ്പാന്‍ നോക്കുന്നത്. എന്നാല്‍ ക്ലാസ് വണ്‍ ഓഫിസര്‍മാരുടെ യാത്രാബത്തയും ക്ഷാമബത്തയും അവര്‍ക്കു ലഭിക്കാതിരിക്കുന്നില്ല. കണ്ടിടത്തൊക്കെ വേണ്ടപ്പെട്ട കുറേപ്പേരെക്കൂടി തിരുകിക്കയറ്റാനുള്ള ശ്രമം, സംസ്ഥാനത്തിന്റെ ബജറ്റിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."