കൃഷിയിടത്തില്‍ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം കുടിലിങ്ങ ബസാറില്‍ കൃഷിയിടത്തില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ആറ്റുപുറം സെന്റ് മേരീസ് ചര്‍ച്ച് റോഡില്‍ നാല് ഏക്കറോളം വരുന്ന കരനെല്‍ കൃഷിയിടത്തിലാണ് മനുഷ്യന്റെ തലയോട്ടിയും, അസ്ഥികൂടവും കണ്ടെത്തിയത്. വൈകീട്ട് ആറ് മണിയോടെ കൃഷിയിടത്തില്‍ നന്നാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളാണ് തലയോട്ടിയും അസ്ഥികൂടവും ആദ്യം കണ്ടത്.
ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മതിലകം പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൂന്ന് ആഴ്ച മുമ്പ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിലമൊരുക്കി വിത്ത് വിതച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് തൊഴിലാളികള്‍ ഇവിടേക്ക് എത്തിയത്. തലയോട്ടിക്ക് നേരിയ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പ്രദേശത്ത് നിന്നും കാണാതായ വൃദ്ധന്റേതാണ് തലയോട്ടിയും അസ്ഥികൂടമെന്നും സംശയിക്കുന്നു.
സമീപത്തു നിന്നും ഒരു മുണ്ടും, ഷര്‍ട്ടും കണ്ണടയും ലഭിച്ചിട്ടുണ്ട്. പൊലിസ് സംഘം പരിസരത്ത് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇന്ന് രാവിലെ ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം മാത്രമെ വിശദവിവരങ്ങള്‍ അറിവാകൂവെന്ന് പൊലിസ് അറിയിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എസ്.ടി സുരേഷ്കുമാര്‍, കൊടുങ്ങല്ലൂര്‍ സി.ഐ പി.സി ബിജുകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."