കനത്ത സുരക്ഷയില്‍ ഇന്ന് ഘോഷയാത്രകള്‍ ശ്രീകൃഷ്ണ ജയന്തി
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്രയും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ 'നമ്മളൊന്ന്' ഘോഷയാത്രയും നടക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലിസ് സുരക്ഷ കര്‍ശനമാക്കി. ഇന്നലെ രാത്രി മുതല്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കിള്‍തല പരിശോധന ആരംഭിച്ചു. ഘോഷയാത്രയുടെ മറവില്‍ സംഘര്‍ഷം നടക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന.
ഒരു കമ്പനി കെ.എ.പി യൂനിറ്റും സുരക്ഷയുടെ ഭാഗമായി നിയോഗിക്കും. 24, 25 തിയതികളില്‍ അവധിയില്‍ പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് പൊലിസ് സേനാംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയിട്ടുണ്ട്. സി.പി.എം നേതൃത്വത്തില്‍ 206 കേന്ദ്രങ്ങളിലും ബാലഗോകുലം 300 കേന്ദ്രങ്ങളിലുമാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്.
ഇരുവിഭാഗത്തിനും പോലിസ് പ്രത്യേക സമയം ക്രമീകരിച്ചു നല്‍കിയിട്ടുണ്ട്. സമയക്രമം പാലിക്കാത്ത ഘോഷയാത്രയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലിസ് തീരുമാനം. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ പ്രകടനവും ഘോഷയാത്രയും സംഘടിപ്പിക്കുകയാണെങ്കില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദേശമുണ്ട്.
സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പയ്യന്നൂര്‍, തലശ്ശേരി, ചക്കരക്കല്‍, മട്ടന്നൂര്‍ മേഖലയില്‍ അതീവ ജാഗ്രത നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിനും ഗതാഗതകുരുക്കിനും വഴിവച്ചാല്‍ സംഘാടകര്‍ക്കും നേതാക്കള്‍ക്കുമെതിരേ കേസെടുക്കുമെന്നും ഇരുവിഭാഗത്തിനും നല്‍കിയ നോട്ടിസില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."