മരണം പതിയിരിക്കുന്ന'മരണപ്പൊഴി'
എം. ജോൺസൺ റോച്ച്
കഠിനംകുളം കായലും അറബിക്കടലും ചേരുന്ന സ്ഥലമാണ് മുതലപ്പൊഴി. ഇവിടം ഫിഷിങ് തുറമുഖമായി മാറിയശേഷം മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള കേന്ദ്രമായി മാറുകയായിരുന്നു. ഫിഷിങ് ഹാർബർ നിർമാണത്തിനുശേഷമാണ് ഇവിടെ അപകടമേഖലയായി മാറുന്നത്. അപകടങ്ങൾ പെരുകിയപ്പോൾ 'മരണപ്പൊഴി' എന്ന വിളിപ്പേരിൽ മുതലപ്പൊഴിയെ അറിയപ്പെടാൻ തുടങ്ങി. 2006 നുശേഷമുണ്ടായ അപകടങ്ങളിൽ 70 മത്സ്യത്തൊഴിലാളികളുടെ ജീവൻ അപഹരിക്കപ്പെട്ടു. എഴുന്നൂറിലേറെ പേർക്ക് സാരമായ പരുക്കു പറ്റി. കോടിക്കണക്കിനു രൂപയുടെ മത്സ്യബന്ധന യാനങ്ങളും മത്സ്യബന്ധന സാമഗ്രികളും നഷ്ടമായി.
ജൂലൈ 11ന് മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട്, പുലിമുട്ടിലിടിച്ച് തകർന്ന് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. അപകടത്തിൽ ആൾനാശങ്ങളുണ്ടാകുമ്പോഴെല്ലാം വാഗ്ദാനങ്ങളുമായി എത്തുകയും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് വിളിച്ചുപറയുകയും ചെയ്യുന്ന പതിവുരീതി, സർക്കാർ ഇപ്പോഴും നിർവഹിച്ചു. ഇനി ഈ ഉറപ്പു കേൾക്കാൻ അടുത്ത അപകടമരണംവരെ കാത്തിരുന്നാൽ മതിയാകും.
മുതലപ്പൊഴി മുഖത്തെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമായി, അപകടങ്ങളെക്കുറിച്ച് പഠിക്കുന്നതിന് പൂനയിലെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനെ(സി.ഡബ്ല്യു.പി.ആർ.എസ്) സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
2011 ജനുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് 'ബ്രേക്ക് വാട്ടർ (പുലിമുട്ട്) കടലിന്റെ സ്വാഭാവിക ഒഴുക്കിനു തടസം സൃഷ്ടിക്കുന്നതിനാൽ തെക്കുനിന്ന് ഒഴുകിയെത്തുന്ന മണൽ തെക്കെ പുലിമുട്ടിന്റെ തെക്കുഭാഗത്ത് വന്ന് അടിയുന്നു എന്നാണ്. വടക്കുഭാഗത്തെ ബ്രേക്ക് വാട്ടറിൽനിന്ന് കടലൊഴുക്കിൽ മണൽ വടക്കുഭാഗത്ത് സഞ്ചരിക്കുന്നതിനാൽ വടക്കേ പുലിമുട്ടിന്റെ ഭാഗത്ത് തീരശോഷണം ഉണ്ടാകുന്നു. ഇതിന് പരിഹാരമായി മണൽ അടിയുന്ന തെക്കുഭാഗത്തുനിന്ന് മണൽ ശേഖരിച്ച് തീരശോഷണം നടന്നുകൊണ്ടിരിക്കുന്ന വടക്കുഭാഗത്ത് നിക്ഷേപിക്കണമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഈയൊരു പ്രക്രിയയ്ക്ക് പഠന റിപ്പോർട്ടിൽ ഉപയോഗിച്ച പദം 'സാൻഡ് ബൈപ്പാസിങ്' എന്നാണ്. ഇവിടെ കടലൊഴുക്ക് രൂക്ഷമായ പ്രദേശമായതിനാൽ 'സാൻഡ് ബൈപ്പാസിങ്' തുടർപ്രക്രിയായി നടന്നുകൊണ്ടിരിക്കണമെന്ന് റിപ്പോർട്ട് നിഷ്‌കർഷിക്കുന്നുണ്ട്. കൂടാതെ, കടലൊഴുക്കിൽ മണൽ അഴിമുഖംവഴി പ്രവേശിച്ച്, യാനങ്ങളുടെ ചാലിൽ വന്ന് അടിയുന്നു. പുലിമുട്ട് നിർമാണത്തിലെ അപാകത കാരണം ഇരുവശത്തെ പുലിമുട്ടുകളിൽ ഉണ്ടായ, വിടവുകളിലൂടെയും ദ്വാരങ്ങളിലൂടെയും മണൽ പ്രവേശിച്ച് തുറമുഖത്ത് വന്നടിയുന്നുണ്ട്. അതിനാൽ തുറമുഖത്തിന്റെ ആഴത്തിൽ കുറവ് സംഭവിക്കുന്നു. ഈ ആഴക്കുറവ് കാരണമാണ് ശക്തമായ തിരമാലകൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.
ആഴമുള്ള കടലിലെ തിരമാലകൾ പൊതുവെ ശാന്തമായിരിക്കും. ഇവിടെ മണൽ വന്നടിയുന്നതിനാലും കടലിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുന്നതിനാലും കടലിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ട് കടൽക്ഷോഭം ഉണ്ടാകുന്നു. ഈ ക്ഷോഭത്തിലുണ്ടാകുന്ന തിരമാലകൾ ചുഴികൾ സൃഷ്ടിക്കുന്നതായിരിക്കും. ഇതിനൊരു പരിഹാരമാർഗമാണ് ഡ്രെഡ്ജിങ്. സി.ഡബ്ല്യു.പി.ആർ.എസിൻ്റെ റിപ്പോർട്ടിൽ 'സാൻഡ് ബൈപ്പാസിങ്ങി'നും ഡ്രെഡ്ജിങ്ങിനും പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ, സ്ഥിര സംവിധാനം ഏർപ്പെടുത്തി തുറമുഖത്തിന്റെ നിർദിഷ്ട ആഴം നിലനിർത്താൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. ഡ്രെഡ്ജിങ് നടത്തിക്കൊണ്ടിരിക്കുമെന്ന് മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ കൊടുത്ത വാഗ്ദാനം നിറവേറ്റാനായി ഒരു ചെപ്പടി വിദ്യ സർക്കാർ പ്രയോഗിച്ചു. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടിയുള്ള കല്ല് ശേഖരണത്തിനുമാത്രം ഈ പ്രദേശങ്ങൾ അദാനി പോർട്ടിനു വിട്ടുകൊടുത്തു. പകരമായി മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ ഡ്രെഡ്ജിങ് നടത്താമെന്ന്, പരസ്പര സമ്മതപ്രകാരം വ്യവസ്ഥയുണ്ടാക്കി.
എന്നാൽ അദാനി പോർട്ട് ഈ കരാർ പാലിക്കാൻ തയാറായില്ല. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള ചങ്കൂറ്റവും സർക്കാരിന് ഇല്ലാതെപോയി. വിഴിഞ്ഞം തുറമുഖത്തിന്റെ മറവിൽ ആ ഭാഗത്തെ ഭൂമി സൗജന്യമായി സർക്കാരിൽനിന്ന് ഏറ്റെടുത്ത്, റിയൽ എസ്റ്റേറ്റ് മുതലായ ബിസിനസുകൾ നടത്തി അദാനി തടിച്ചുകൊഴുക്കാനും അധ്വാനിക്കുന്ന ജനതയെ അന്യവൽക്കരിക്കാനും ആട്ടിപ്പായിക്കാനും ഈ സർക്കാർ കുടപിടിക്കുന്നു.
അപകടം ഒഴിവാക്കുന്നതിന് പുലിമുട്ടിന്റെ നീളം കൂട്ടണമെന്ന് പഠന റിപ്പോർട്ടിൽ നിർദേശിക്കുമ്പോഴാണ്, വിഴിഞ്ഞത്തേക്ക് പാറകൊണ്ടുപോകാൻ സൗകര്യം ഒരുക്കുന്നതിന് പുലിമുട്ടിന്റെ വലിയൊരു ഭാഗം അദാനിക്കുവേണ്ടി പൊളിച്ചു മാറ്റിയത്. ഇതിലൂടെ ബ്രേക്ക് വാട്ടറിന്റെ നീളം കുറയുക മാത്രമല്ല, ഇളകിയ പുലിമുട്ടുകളുടെ ഭാഗങ്ങളും പാറകളും മറ്റ് അവശിഷ്ടങ്ങളും അഴിമുഖത്തു വീണ് അടിഞ്ഞുകൂടി. ഇൗ പാറകളും പുലിമുട്ടുകളും അഴിമുഖത്തെ യാനങ്ങളുടെ ചാനലിൽ മണൽ വന്നടിയുന്നതിനുള്ള കൂടുതൽ സൗകര്യം തീർക്കുകയായിരുന്നു. സമരങ്ങളെ തുടർന്ന് അവ നീക്കം ചെയ്യാമെന്ന് സർക്കാർ അധികൃതർ ഉറപ്പു നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
കരാറുകാരനെക്കൊണ്ട് കരാർ പ്രകാരം ജോലി ചെയ്യിപ്പിക്കുന്നതിൽ സർക്കാർ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന്റെ ഫലമായി രണ്ടുഭാഗത്തുള്ള പുലിമുട്ടുകൾക്കിടയിലൂടെയും മണൽ കടന്നുവന്ന് ഉരുക്കുകളുടെ ചാനലിൽ അടിഞ്ഞുകൊണ്ടിരിക്കുന്നു. മണൽ വന്നടിഞ്ഞുകഴിഞ്ഞാൽ ശക്തമായ ചുഴികളോടുകൂടിയ തിരമാലകൾ രൂപപ്പെടുന്നു. അത് അപകടസാധ്യതയിലേക്ക് നയിക്കുമെന്നും സി.ഡബ്ല്യു.പി.ആർ.എസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനുള്ള പ്രതിവിധി സാൻഡ് ബൈപ്പാസിങ്ങാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
റിപ്പോർട്ടിലെ കാര്യങ്ങൾ നടപ്പാക്കാതെ മറ്റു പഠനങ്ങളെക്കുറിച്ച് പറഞ്ഞ് സർക്കാർ തടിതപ്പുകയാണ്. മുതലപ്പൊഴിയുടെ അപകടകാരണങ്ങളും അതിന്റെ പരിഹാരമാർഗങ്ങളും പഠിക്കാനായി ഗുജറാത്തിലെ പ്രൊഫഷണൽ മാനേജ്‌മെന്റുമായി സർക്കാർ കരാർ ചെയ്തിട്ടുണ്ട്. ഈ കരാർ ഒപ്പിട്ട് രണ്ടുവർഷം പിന്നിടുന്നു. ഇപ്പോഴും പഠനം ആരംഭിച്ചിട്ടില്ലായെന്നാണ് അറിയാൻ കഴിയുന്നത്. കാരണം, പഠനത്തിനായി കരാറിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള രണ്ടു കോടി രൂപ കൊടുക്കാനായിട്ടില്ല. ആരംഭിച്ചിട്ടില്ലാത്ത ഈ പഠന റിപ്പോർട്ടാണ് 'വരട്ടെ'യെന്ന് സർക്കാർ പറയുന്നത്.
സി.ഡബ്ല്യു.പി.ആർ.എസിനെ പഠന ചുമതല ഏൽപിക്കുന്നതിനു മുൻപ് പഠനത്തിനായി മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചതിന്റെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടതുമില്ല! തുടർന്നാണ് സി.ഡബ്ല്യു.പി.ആർ.എസിനെ ഏൽപ്പിക്കുന്നത്.
പണം കൈമാറിയാൽതന്നെ ഗുജറാത്തിലെ പ്രൊഫഷണൽ മാനേജ്‌മെന്റിൻ്റെ പഠന റിപ്പോർട്ട് ലഭിക്കാൻ ഒരു കൊല്ലമെങ്കിലും എടുക്കും. അതുവരെ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ആശ്വാസത്തിനു വേണ്ടിയാണെങ്കിലും 'സാൻഡ് ബൈപാസിങ്' നടപ്പാക്കണം. കൂടാതെ, തെക്കും വടക്കും സ്ഥിതിചെയ്യുന്ന രണ്ടു പുലിമുട്ടിന്റെ ഭാഗങ്ങളിലും മികച്ച വെളിച്ചം നൽകുന്ന ആധുനിക ലൈറ്റിങ് സംവിധാനം ഒരുക്കണം. ജൂലൈ 11ലെ അപകടത്തിൽ വെളിച്ചക്കുറവ് പലതരം ബുദ്ധിമുട്ടുകൾക്കും കാരണമായിമാറി. ആഴം കുറവുള്ള ഭാഗങ്ങളിൽ 'ബോയികൾ' സ്ഥാപിക്കണം. ബോയികൾ സ്ഥാപിച്ചാൽ മീൻപിടിത്തക്കാർക്ക് ഈ ഭാഗം ഒഴിവാക്കി കടലിലേക്ക് പോകുന്നതിനും വരുന്നതിനും സഹായകരമായിരിക്കും. ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ഒരു രക്ഷാബോട്ടിന്റെ നിരീക്ഷണം ഏർപ്പെടുത്തണം. വിദഗ്ധ കോസ്റ്റ് ഗാർഡുകളുടെയും മുങ്ങൽ വിദഗ്ധരുടെയും സേവനവും ഉറപ്പു വരുത്തണം.
അപകടം ഉണ്ടാകുമ്പോൾ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി അവ നടപ്പാക്കാതെ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയല്ല വേണ്ടത്.
സി.ഡബ്ല്യു.പി.ആർ.എസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന 'സാൻഡ് ബൈപാസിങ്' ഏർപ്പെടുത്തണം. അതായത് അഴിമുഖത്തു നിന്നും അപ്രോച്ച് ചാനലുകളിൽ നിന്നും ഡെഡ്ജിങ് നടത്തിക്കൊണ്ടിരിക്കാനുള്ള ഏർപ്പാടുണ്ടാക്കി, മുതലപ്പൊഴിയെ അപകടരഹിത പ്രദേശമാക്കി മാറ്റിയെടുക്കണം. പുനർനിർമാണമാണ് ആവശ്യമെങ്കിൽ അതിനും സർക്കാർ തയാറാകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനങ്ങളിലൂടെയുള്ള റിപ്പോർട്ടുകൾ നമുക്ക് പ്രതീക്ഷിക്കാം. അതുവരട്ടെ, അതുവരെ കാത്തിരിക്കരുത്. മുതലപ്പൊഴിയിലെ അപകടങ്ങളെ നേരിടാനുള്ള ആധികാരികമായ ഒരു പഠന റിപ്പോർട്ടേ മുന്നിലുള്ളൂ. അതുകൊണ്ട് സി.ഡബ്ല്യു.പി.ആർ.എസിന്റെ റിപ്പോർട്ടു പ്രകാരമുള്ള 'സാൻഡ് ബൈപാസിങ്' ഉടമ്പടി നടപ്പാക്കണം. ഇത് ഫലപ്രദമാകുന്നില്ലെങ്കിൽ, ഇനി കിട്ടാൻ പോകുന്ന കേന്ദ്ര-സംസ്ഥാന പഠന റിപ്പോർട്ടുകളെ ആശ്രയിക്കാനുമാകും.
(എഴുത്തുകാരനും
സാമൂഹികപ്രവർത്തകനുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."