മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം: കേസ് സിബിഐക്ക് വിട്ടു
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ് ആഭ്യന്തരമന്ത്രാലയം സിബിഐക്ക് വിട്ടു. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
നേരത്തെ 19കാരനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിടുന്നത്. കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ അഭാവത്താല്‍ ആണെന്നായിരുന്നു മണിപ്പൂര്‍ പൊലീസിന്റെ വിശദീകരണം.
കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂര്‍ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
തൗബാല്‍ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ്ങാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ഇതിന് പിന്നാലെ അരുണ്‍ സിങ്, ജിവാന്‍ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 22ാം തീയതി 19കാരനടക്കം രണ്ടു പേര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹെരോദാസ് സിങ്ങിന്റെ വീട് കത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."