HOME
DETAILS

വിചാരണയിൽ തീരുന്ന ജീവിതം

  
backup
July 27 2023 | 18:07 PM

todays-article-about-abdul-nazer-mahdani

എം.ജി രാധാക‍ൃഷ്ണൻ

അബ്ദുൽ നാസർ മഅ്ദനിയുടെ വിചാരണത്തടങ്കൽ കാൽനൂറ്റാണ്ടിനോടടുക്കുന്നു. രണ്ടു വ്യത്യസ്ത കേസുകളിലായാണ് മഅ്ദനി വിചാരണ നേരിടുന്നത്. ആദ്യ കേസിൽ ഒമ്പതുവർഷത്തെ തടവനുഭവിച്ച മഅ്ദനിയെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. മൂന്നു വർഷത്തിനുശേഷം മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും പതിനഞ്ചു വർഷത്തോളമായി വിചാരണത്തടവുകാരനായും കഴിയുന്നു. അതെ, കേരളം ആസ്ഥാനമായിപ്രവർത്തിക്കുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും അധ്യക്ഷനുമായ അബ്ദുൽ നാസർ മഅ്ദനിയുടെ ജീവിതമാണിത്.

ഇന്ത്യയിൽ ഏറ്റവും അധികകാലം വിചാരണത്തടവനുഭവിച്ചത് താനാണെന്നാണ് മഅ്ദനിയുടെ പക്ഷം. ലോകാടിസ്ഥാനത്തിൽതന്നെ ഏറ്റവും കൂടുതൽ വിചാരണത്തടവുകാരുള്ളത് ഇന്ത്യയിലാണ്. മൂന്നര ലക്ഷത്തോളം വരുന്ന വിചാരണത്തടവുകാരിലാവട്ടെ, ഭൂരിഭാഗവും അപരവത്കൃത സമൂഹങ്ങളിൽ നിന്നുള്ളവരും. കഴിഞ്ഞ വർഷം വിചാരണത്തടവുകാരുടെ ആധിക്യത്തിൽ സംഭ്രമം പ്രകടിപ്പിച്ച പ്രധാനമന്ത്രിയും രാഷ്ട്രപതി ദ്രൗപദി മുർമുവും ഇവരുടെ വിടുതൽ നടപടികൾ വേഗത്തിലാക്കണമെന്നു പറഞ്ഞിരുന്നു.


ആരോഗ്യവാനും വാക്ചാതുര്യത്താൽ ആൾക്കൂട്ടത്തെ ഇളക്കിമറിക്കുകയും ചെയ്ത അബ്ദുൽ നാസർ മഅ്ദനി എന്ന യുവാവ് മുപ്പത്തിമൂന്നാം വയസിലാണ് തീവ്ര ഇസ്‌ലാമിസ്റ്റ് എന്ന ആരോപണത്തിന്മേൽ അറസ്റ്റിലാവുന്നത്. എന്നാൽ ഇന്ന് അൻപത്തിയേഴുകാരനായ മഅ്ദനി വീൽചെയറിലിരിക്കുന്ന, പരസഹായത്തോടെ മാത്രം ചലിക്കാനാവുന്ന മെലിഞ്ഞ് ശോഷിച്ച മനുഷ്യനാണ്. കൂടാതെ, പ്രമേഹവും രക്തസമ്മർദവും വൃക്കരോഗവും തുടങ്ങി വിട്ടുമാറാത്ത രോഗങ്ങളും. കസ്റ്റഡിയിലായിരിക്കെ നിരവധി ശസ്ത്രക്രിയകൾക്ക് മഅ്ദനി വിധേയനായിരുന്നു. തടങ്കലിലായിരിക്കേ, മഅ്ദനിയുടെ ഉമ്മ മരണപ്പെടുകയും കുടുംബസ്ഥയായ ഭാര്യ തീവ്രവാദ കേസിൽ പെട്ട് അറസ്റ്റിലാവുകയും മക്കൾ വിവാഹിതരാവുകയും ചെയ്തു.


കൊല്ലം ജില്ലയിലെ അൻവാർശ്ശേരി ഗ്രാമത്തിൽ മതപഠന സ്ഥാപനത്തോടൊപ്പം അനാഥാലയവും നടത്തിപ്പോന്നിരുന്ന പണ്ഡിതനായിരുന്നു അബ്ദുൽ നാസർ മഅ്ദനി. 1990ൽ ഇസ് ലാമിക് സേവാ സംഘം എന്ന പേരിൽ സംഘടന ആരംഭിച്ചതോടെയാണ് മഅ്ദനി ശ്രദ്ധേയനാവുന്നത്. ഉത്തരേന്ത്യയിലെ വർഗീയ കലാപങ്ങളെയും ആർ.എസ്.എസിന്റെ അയോധ്യാ പ്രസ്ഥാനത്തെയും പ്രതിരോധിക്കുന്നതിനുള്ള ബദൽ മുന്നേറ്റമായിരുന്നു മഅ്ദനിയുടെ സംഘടന. എന്നാൽ, തീപ്പൊരി പ്രസംഗങ്ങളോടൊപ്പം ശക്തമായ വ്യക്തിപ്രഭാവമുള്ള അദ്ദേഹം തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മുസ്‌ലിം യുവാക്കൾക്കിടയിൽ ഊർജമായി മാറി.

1992 ഒാഗസ്റ്റിൽ ഹിന്ദു തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ അദ്ദേഹത്തിൻ്റെ വലതുകാൽ നഷ്ടമായി. ഡിസംബറിൽ നടന്ന ബാബരി മസ്ജിദ് ധ്വംസനത്തോടെ ഹിന്ദുത്വർക്കെതിരേ മഅ്ദനി തീവ്രമായി രംഗത്തെത്തി. അദ്ദേഹത്തിന് ലഭിച്ചതാവട്ടെ മുറിവേറ്റ വീരപുരുഷ പരിവേഷമായിരുന്നു. മഅ്ദനിയുടെ പ്രസംഗങ്ങളടങ്ങിയ കാസറ്റുകൾക്ക് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയായിരുന്നു. ബാബരി മസ്ജിദ് പൊളിച്ചതിനെ തുടർന്നുണ്ടായ കലാപാന്തരീക്ഷത്തിൽ കേന്ദ്രസർക്കാർ ഐ.എസ്.എസ് സംഘടനയെ നിരോധിച്ചു.

എന്നാൽ, കേരളത്തിൽ കലാപസംഭവങ്ങളൊന്നും ഉണ്ടായില്ലെന്നത് മറ്റൊരു വാസ്തവം. ഇതോടെ ഐ.എസ്.എസ് പിരിച്ചുവിട്ട മഅ്ദനി പി.ഡി.പി രൂപീകരിച്ചു. ഇസ്‌ലാമിക വേദികളിൽ നിന്ന് അകന്ന മഅ്ദനിയുടെ പുതിയ രാഷ്ട്രീയസമവാക്യം മുസ് ലിം-ദലിത് ഐക്യമായിരുന്നു. 1993ലെ ഉപ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പി.ഡി.പി പിന്തുണ നൽകി. ബൈക്കിൽ കറുത്ത വസ്ത്രം ധരിച്ച് അകമ്പടി സേവിക്കുന്നവർക്കൊപ്പം സഞ്ചരിച്ചുകൊണ്ട് എൽ.ഡി.എഫിനും യു.ഡി.എഫിനും മഅ്ദനിയുടെ പിന്തുണ മാറിമാറി ലഭിച്ചു.


മഅ്ദനിയെ ആദ്യമായി കേരളാ പൊലിസ് അറസ്റ്റ് ചെയ്യുന്നത് 1998 മാർച്ച് മുപ്പത്തിയൊന്നിന് അദ്ദേഹത്തിന്റെ വീട്ടിൽവച്ചാണ്. അൻപത്തിയെട്ടാളുകൾ കൊല്ലപ്പെട്ട ഫെബ്രുവരി 14ലെ കോയമ്പത്തൂർ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലിസിന്റെ നിർദേശപ്രകാരമായിരുന്നു ഈ അറസ്റ്റ്. ഈ സ്‌ഫോടന പരമ്പര നടന്നതാവട്ടെ അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന എൽ.കെ അദ്വാനി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നതിനു മണിക്കൂറുകൾക്കുമുമ്പ്. സ്‌ഫോടനത്തിന്റെ ലക്ഷ്യം അദ്വാനിയാണെന്നായിരുന്നു പൊലിസ് നിഗമനം. 1997ൽ പതിനെട്ടു മുസ് ലിംകൾ കൊല്ലപ്പെട്ട കോയമ്പത്തൂർ കലാപത്തിന്റെ പ്രതികാരം ചെയ്യുന്നതു സംബന്ധിച്ച് മഅ്ദനി ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് പൊലിസിന്റെ ആരോപണം.

ഒന്നാം പ്രതിയെന്ന് സംശയിക്കുന്ന അൽ ഉമ്മ ഫൗണ്ടേഷൻ സ്ഥാപകൻ എസ്. എ ബാഷയുമായാണ് മഅ്ദനി ഫോണിൽ സംസാരിച്ചതെന്നാണ് പൊലിസ് കണ്ടെത്തിയത്. മഅ്ദനിയുടെ വിടുതൽ ആവശ്യപ്പെട്ടു കൊണ്ട് 2006ൽ കേരളാ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. 2007 ഒഗസ്റ്റിൽ പ്രത്യേക കോടതി ഉത്തരവനുസരിച്ച് കുറ്റാരോപിത പട്ടികയിൽ പതിനഞ്ചാമതായ മഅ്ദനിയെ കുറ്റവിമുക്തനാക്കി. മഅ്ദനിയുടെ മോചനത്തിൽ രോഷംപൂണ്ട പല ഉന്നത ബി.ജെ.പി നേതാക്കളും അന്ന് പ്രസ്താവന പുറപ്പെടുവിച്ചു.


എന്നാൽ തടങ്കലിൽനിന്ന് ഇറങ്ങിയ മഅ്ദനി പുതിയൊരു വ്യക്തിയായിരുന്നു. കഴിഞ്ഞ കാല സായുധ പ്രവർത്തനങ്ങളിൽ ഖേദിക്കുന്നുവെന്ന് മഅ്ദനി പൊതുമധ്യത്തിൽ പറഞ്ഞു. കൂടാതെ, തൻ്റെ പ്രവൃത്തികൾ ഇനി ജനാധിപത്യപരവും അഹിംസയിലധിഷ്ഠിതമായിരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ, 2009ൽ മഅ്ദനി തടങ്കലിലായിരിക്കേ അദ്ദേഹത്തിനുവേണ്ടിയുള്ള നിയമപോരാട്ടത്തിൽ മുമ്പിലുണ്ടായിരുന്ന ഭാര്യ സൂഫിയയെ പൊലിസ് അറസ്റ്റ് ചെയ്തു. മഅ്ദനിയുടെ അറസ്റ്റിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2005ൽ കൊച്ചിയിൽവച്ച് തമിഴ്‌നാട് ബസിനു തീവച്ചു എന്നതായിരുന്നു ഇവർക്കുമേൽ ചുമത്തിയ കുറ്റം. ഈ കേസിലെ പത്താമത്തെ കുറ്റാരോപിതയാണ് സൂഫിയ മഅ്ദനി. ഇതിന്റെ വിചാരണ ഇപ്പോഴും പൂർത്തിയായിട്ടില്ല. എന്നാൽ, 2010 ഒാഗസ്റ്റിൽ മഅ്ദനിയെ വീണ്ടും പൊലിസ് അറസ്റ്റ് ചെയ്തു.

2008 ജൂലൈ 25നു ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത ബംഗളൂരു സ്‌ഫോടന പരമ്പരയുടെ ഭാഗമായാണ് ഇത്തവണ കർണാടക സർക്കാർ മഅ്ദനിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, കർണാടകയിലെ ബി.ജെ.പി സർക്കാരിന്റെ പ്രതികാരമാണ് ഈ അറസ്റ്റിനു പിന്നിലെന്നാണ് പി.ഡി.പിയുടെ വാദം. കേസിൽ മുപ്പത്തൊന്നാം പ്രതിയായ മഅ്ദനിയെ ബംഗളൂരു സെൻട്രൽ ജയിലിൽ തടവിലാക്കുകയും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി നിരവധി തവണ തള്ളുകയും ചെയ്തു. ലഷ്‌കറെ ത്വയ്ബയുടെ ദക്ഷിണേന്ത്യൻ നേതാവായ ടി. നസീറുമായി ചേർന്ന് മഅ്ദനി ഗൂഢാലോചന നടത്തിയെന്നാണ് പൊലിസ് കണ്ടെത്തൽ. കൂടാതെ, മഅ്ദനിക്കെതിരായ ചില സാക്ഷിമൊഴികൾ കെട്ടിച്ചമച്ചതാണെന്നു വാർത്ത നൽകിയ മലയാളി പത്രപ്രവർത്തക കെ.കെ ഷാഹിനക്കെതിരേയും കർണാടക പൊലിസ് കേസെടുത്തു.


മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് 2013ൽ സുപ്രിംകോടതി മഅ്ദനിക്ക് ആദ്യമായി ജാമ്യം അനുവദിക്കുന്നത്. ശേഷം, മഅ്ദനിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും ഭാര്യക്ക് ഒപ്പം തങ്ങാനുമുള്ള അനുമതി നൽകിയെങ്കിലും ഇതിനെതിരേ എതിർപ്പുമായി കർണാടക സർക്കാർ രംഗത്തുവന്നു. എന്നാൽ, സൂഫിയക്ക് മഅ്ദനിക്കൊപ്പം തങ്ങുന്നതിന് പ്രത്യേക എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ഇതുവരെ നാലു തവണയാണ് മഅ്ദനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. മക്കളുടെ വിവാഹം, മരണപ്പെടുന്നതിനുമുമ്പ് രോഗിയായ മാതാവിനെ സന്ദർശിക്കാൻ തുടങ്ങിയ സാഹചര്യങ്ങളിലായിരുന്നു ഇത്.

എന്നാൽ, തന്റെ രോഗപരിചരണത്തിനുവേണ്ടി കേരളത്തിലേക്ക് പോകണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി തള്ളുകയും അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മഅ്ദനിയെ 'അപകടകാരിയായ മനുഷ്യൻ' എന്നു വിശേഷിപ്പിക്കുകയുമുണ്ടായി.
ബംഗളൂരുവിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന മഅ്ദനി കഴിഞ്ഞ ജൂൺ ഇരുപത്തിയാറിനു കൊച്ചിയിലെത്തി. രോഗിയായ പിതാവിനെ കാണാൻ സുപ്രിംകോടതി നൽകിയ പ്രത്യേകാനുമതി പ്രകാരമാണ് കർണാടക പൊലിസിന്റെ സുരക്ഷയിൽ മഅ്ദനി എത്തിയത്. എന്നാൽ കൊച്ചി വിമാനത്താവളത്തിലെത്തിയ ഉടനെ ആരോഗ്യനില വഷളായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ ഏഴിനു ആശുപത്രി വിട്ടെങ്കിലും മഅ്ദനിക്ക് അനുവദിച്ച ജാമ്യ കാലാവധി ഇതിനകം അവസാനിച്ചിരുന്നു. ഇതോടെ പിതാവിനെ സന്ദർശിക്കാതെ ബംഗളൂരുവിലേക്ക് മഅ്ദനിക്കു മടങ്ങേണ്ടിവന്നു. ബംഗളൂരുവിൽനിന്ന് അകമ്പടി വന്ന ഇരുപത് പൊലിസുകാരുടെ ഭക്ഷണ-താമസ ചെലവിലേക്കായി മഅ്ദനി 6.76 ലക്ഷം രൂപ നൽകാനും കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നു. അകമ്പടി വരുന്ന ഉദ്യോഗസ്ഥരുടെ ചെലവ് നൽകണമെന്ന വ്യവസ്ഥയിന്മേലാണ് മഅ്ദനിക്ക് ഏപ്രിലിൽ മൂന്നു മാസത്തെ ജാമ്യം അനുവദിച്ചത്.

എന്നാൽ സുരക്ഷാ സൗകര്യങ്ങളൊരുക്കുന്നതിനു കർണാടക സർക്കാർ ആവശ്യപ്പെട്ട 54.63 ലക്ഷം രൂപ നൽകാൻ തനിക്കാവില്ലെന്നു കാണിച്ച് മഅ്ദനി സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. കോടതി ഉത്തരവുപ്രകാരം സുരക്ഷാചെലവ് ചുരുക്കിയതിനു ശേഷമാണ് മഅ്ദനി ജാമ്യത്തിലിറങ്ങിയത്. എന്നാൽ ജൂലൈ പതിനേഴിലെ സുപ്രിംകോടതി ഉത്തരവ് മഅ്ദനിക്ക് വലിയൊരാശ്വാസമായി. തന്റെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്നത് കാലങ്ങളായുള്ള മഅ്ദനിയുടെ ആവശ്യമായിരുന്നു. കർണാടക സർക്കാരിന്റെ എതിർപ്പിനെ മറികടന്നുകൊണ്ട് സുപ്രിംകോടതി മഅ്ദനിയുടെ ആവശ്യം അംഗീകരിച്ചെന്നു മാത്രമല്ല, പൊലിസ് സുരക്ഷ പിൻവലിക്കുകയും എല്ലാ രണ്ടാഴ്ചയിലും ലോക്കൽ പോലിസ് സ്റ്റേഷനിൽ ഹാജരാവാനും നിർദേശിച്ചിരിക്കയാണ്.


ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും പൊലിസ് സംവിധാനത്തിലുമുള്ള അപാകതകളോടൊപ്പം മതേതരമെന്ന് ഊറ്റംകൊള്ളുന്ന കേരളീയ സമൂഹത്തിലടക്കം ആഴ്ന്നിറങ്ങിയ ഗുരുതരമായ മുൻവിധികളാണ് മഅ്ദനിയുടെ വിഷയത്തിൽ വ്യക്തമാകുന്നത്. തനിക്കെതിരേയുള്ള ഒരു കുറ്റംപോലും തെളിയിക്കപ്പെടാതെ ഇരുപത്തിരണ്ടു കൊല്ലം മഅ്ദനി എന്ന വ്യക്തി തടങ്കലിൽ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നതിൽ സംശയമേതുമില്ല. സമൂഹമാധ്യമങ്ങളിലുണ്ടാവുന്ന അവകാശലംഘനങ്ങൾക്കും ചെറിയ ഒച്ചപ്പാടുകൾക്കുമെതിരേ പോലും രംഗത്തുവരുന്ന രാഷ്ട്രീയ-സാമൂഹിക, മാധ്യമ വൃത്തങ്ങളിൽ നിന്നും മഅ്ദനിക്ക് ധാർമിക പിന്തുണ ലഭിക്കുന്നില്ലെന്നത് ആശങ്കാജനകമാണ്.

(മുതിർന്ന മാധ്യമപ്രവർത്തകനായ
ലേഖകൻ ദ ടെലഗ്രാഫിൽ എഴുതിയത്)

Content Highlights:Today's Article About Abdul Nazer Mahdani



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago