മുട്ടില്‍ മരംമുറി; പ്രതികളുടെ വാദം പൊളിഞ്ഞെന്ന് എ.കെ ശശീന്ദ്രന്‍, നടപടികള്‍ വേഗത്തിലാക്കും
മുട്ടില്‍ മരംമുറി; പ്രതികളുടെ വാദം പൊളിഞ്ഞെന്ന് എ.കെ ശശീന്ദ്രന്‍, നടപടികള്‍ വേഗത്തിലാക്കും
തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വനംവകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡിഎന്‍എ പരിശോധന നടത്തിയത്. പരിശോധനയില്‍ മുറിച്ച മരങ്ങളുടെ പഴക്കം തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.
പിടിച്ചെടുത്തത് മുറിച്ചു മാറ്റിയ മരങ്ങള്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായാണ് വനംമന്ത്രി പറയുന്നത്. മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും. കുറ്റം തെളിയുന്ന പക്ഷം മുറിച്ചുകളഞ്ഞ മരത്തിന്റെ അഞ്ചിരട്ടി വില പിഴയായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു. മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കേസെടുത്താല്‍ പ്രതികള്‍ക്ക് 500 രൂപ മാത്രമാണ് പിഴ ചുമത്തുന്നത്. അതുകൊണ്ടാണ് പിഡിപിപി ആക്റ്റ് പ്രകാരം കേസെടുത്ത് നീങ്ങിയതെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.
പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെയാണ് കൂടുതല്‍ കുരുക്ക് മുറുകുന്നത്.
അതേസമയം, മരം മുറിച്ച ഭൂമി പട്ടയഭൂമിയാണോ എന്ന് വ്യക്തമാക്കേണ്ടത് റവന്യൂ വകുപ്പാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി എല്ലാ വിവരങ്ങളും വനംവകുപ്പ് നല്‍കിയിട്ടുണ്ട്. ഭൂവുടമകളുടെ പേരില്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ കത്തുകളാണ് വ്യാജമെന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്‍കിയ ഏഴു കത്തുകളും എഴുതിയത് പ്രതി റോജി അഗസ്റ്റിനാണെന്ന് കൈയക്ഷര പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് കത്തുകള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."