'ശബ്ദം കേട്ടുണര്‍ന്നപ്പോള്‍ കണ്ടത് റൈഫിളും പിടിച്ച് നില്‍ക്കുന്ന ചേതന്‍ സിങ്ങിനെ, താഴെ ചോരയില്‍ കുളിച്ച് മീണയും' ട്രെയിനിലെ വെടിവെപ്പിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെച്ച് ദൃക്‌സാക്ഷി
'ശബ്ദം കേട്ടുണര്‍ന്നപ്പോള്‍ കണ്ടത് റൈഫിളും പിടിച്ച് നില്‍ക്കുന്ന ചേതന്‍ സിങ്ങിനെ, താഴെ ചോരയില്‍ കുളിച്ച് മീണയും' ട്രെയിനിലെ വെടിവെപ്പിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെച്ച് ദൃക്‌സാക്ഷി
മുംബൈ: 'വലിയ ശബ്ദം കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റത്. എന്താണെന്ന് നോക്കിയപ്പോള്‍ കണ്ടത് തോക്കും പിടിച്ച് നില്‍ക്കുന്ന ചേതന്‍ സിങ്ങിനെയാണ്. താഴെ ചോരയില്‍ കുളിച്ചു കിടക്കുന്ന ടിക്കാറാം മീണയേയും' ജയ്പൂര്‍- മുംബൈ എക്‌സപ്രസിലെ വെടിവെപ്പിന് സാക്ഷിയാവേണ്ടി വന്ന കൃഷ്ണകുമാര്‍ ശുക്ല എന്ന 41കാരന്റെ വാക്കുകളാണിത്. ഓടുന്ന ട്രെയിനില്‍ റെയില്‍വെ സുരക്ഷാ സേന കോണ്‍സ്റ്റബിള്‍ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയതിന് ദൃക്‌സാക്ഷിയാവേണ്ടിവന്നതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല കൃഷ്ണകുമാര്‍ ശുക്ലക്ക്. ജയ്പുര്‍-മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസിലെ ബി5 കോച്ചിലെ അറ്റന്‍ഡറാണ് ശുക്ല. ഈ കോച്ചില്‍ വെച്ചാണ് ആര്‍.പി.എഫ് കോണ്‍സ്റ്റബ്ള്‍ ചേതന്‍ സിങ്ങ് തന്റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചു കൊന്നത്. തുടര്‍ന്ന് അടുത്തുള്ള കോച്ചുകളിലേക്ക് പോയി മുസ്‌ലിംകളായ മൂന്നു യാത്രക്കാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അസ്ഗര്‍ അബ്ബാസ് ശൈഖ് (48), അബ്ദുല്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍ ഭന്‍പുര്‍വാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികര്‍.
തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ കൂട്ടക്കൊലയെ കുറിച്ച് കൃഷ്ണകുമാര്‍ ശുക്ല പറയുന്നത് ഇങ്ങനെ: 'കൊല്ലപ്പെട്ട ഭന്‍പുര്‍വാല ട്രെയിനിലെ സ്ഥിരം യാത്രക്കാരനാണ്. അദ്ദേഹത്തെ പരിചയുണ്ട്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ഒരു ചായക്ക് അദ്ദേഹം ചോദിച്ചു. ഞാന്‍ വാങ്ങിനല്‍കി. സാധാരണയായി ബി5നും ബി4നും ഇടയിലെ അറ്റന്‍ഡറുടെ സീറ്റിലാണ് ഞാന്‍ ഉറങ്ങാറ്. എന്നാല്‍, സുഖമില്ല എന്ന് തോന്നിയത് കാരണം ബി5നും ബി6നും ഇടയിലെ സീറ്റില്‍ പോയിരുന്നു.
ഹരിയാനയിലെ വി.എച്ച്.പി കലാപം: മരണം ആറായി, 116 പേര്‍ അറസ്റ്റില്‍, ഡല്‍ഹിയില്‍ ജാഗ്രത
'പുലര്‍ച്ചെ അഞ്ചുമണിയായിക്കാണും വലിയ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പൊട്ടിത്തെറി ശബ്ദം കേട്ടപ്പോള്‍ ഷോര്‍ട് സര്‍ക്യൂട്ട് ആകുമെന്നാണ് കരുതിയത്. ശബ്ദം കേട്ട ബി5 കോച്ചിലേക്ക് പോയി നോക്കി. ചേതന്‍ സിങ് റൈഫിളും കൈയിലെടുത്ത് നില്‍ക്കുന്നതാണ് കണ്ടത്. ടിക്കാറാം മീണ രക്തത്തില്‍ കുളിച്ച് തറയില്‍ വീണ നിലയിലായിരുന്നു.
ഏതാനും നിമിഷത്തിനകം ചേതന്‍ സിങ് തോക്കുമായി ബ4 കോച്ചിന് നേരെ പോയി. ഒരു യാത്രക്കാരന്‍ ഓടിവന്ന് ആര്‍.പി.എഫുകാരില്‍ ഒരാള്‍ മറ്റൊരാളെ വെടിവെച്ചതായി പറഞ്ഞു. ഇരുവരും ഏറെ നേരമായി തര്‍ക്കത്തിലായിരുന്നുവെന്നും അതിനൊടുവിലാണ് വെടിവെപ്പെന്നും യാത്രക്കാരന്‍ പറഞ്ഞു' ശുക്ല ഓര്‍ത്തു.
തോക്കുമായി പോയ ചേതന്‍ സിങ് തിരിച്ച് വരാതിരിക്കാനായി മറ്റ് യാത്രക്കാരുമായി ചേര്‍ന്ന് ബി6നും ബി5നും ഇടയിലെ വാതില്‍ അടച്ചു. തന്റെ കോച്ചായ ബി5ല്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കി. അല്‍പസമയത്തിനകം ചേതന്‍ സിങ് തോക്കുമായി തിരിച്ചെത്തി. ടിക്കാറാം മീണയുടെ മൃതദേഹത്തിനരികെ അഞ്ച് മിനിറ്റോളം നിന്നു. ഇതിന് ശേഷം ബി4ലേക്ക് ഇയാള്‍ കടന്നു. അവിടെവെച്ചാണ് അബ്ദുല്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍ ഭന്‍പുര്‍വാലയെ വെടിവെച്ചത്. പാന്‍ട്രി കോച്ചിലുണ്ടായിരുന്ന സയ്യിദ് സൈഫുല്ലയെയും എസ്6 കോച്ചിലുണ്ടായിരുന്ന അസ്ഗര്‍ അബ്ബാസ് ശൈഖിനെയും വെടിവെച്ചു-ശുക്ല തുടരുന്നു.
അപ്പോഴേക്കും ഞാന്‍ ആര്‍.പി.എഫിനെ ഫോണില്‍ വിവരം അറിയിച്ചിരുന്നു. അവര്‍ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ അമയ് ആചാര്യയെ അറിയിച്ചു. അദ്ദേഹം എന്നെ ബന്ധപ്പെട്ടു. ആചാര്യ പാന്‍ട്രി കോച്ചിനടുത്തായിരുന്നു ഉണ്ടായിരുന്നത്. എന്നോട് അങ്ങോട്ട് വരാന്‍ പറഞ്ഞു. എന്നാല്‍ പേടി കാരണം ഒരടി നീങ്ങാന്‍ സാധിച്ചില്ല' കൃഷ്ണകുമാര്‍ ശുക്ല പറഞ്ഞു.
ആറ് മണിയോടെ മിര റോഡിനും ദഹിസാര്‍ റെയില്‍വേ സ്റ്റേഷനും ഇടയിലായാണ് ട്രെയിന്‍ നിര്‍ത്തിയത്. പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ചേതന്‍ സിങ്ങിനെ ഇവിടെവെച്ച് പിടികൂടുകയായിരുന്നു. '12 വര്‍ഷമായി ഞാന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. ഇതുപോലൊരു സംഭവം ജീവിതത്തില്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല' ശുക്ല പറഞ്ഞു.
ചേതന്‍ സിങ് മുസ്‌ലിംകളായ മൂന്നു യാത്രക്കാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്തത്തില്‍ കുളിച്ചുകിടന്ന മൃതദേഹങ്ങള്‍ക്കു സമീപം നിന്ന് 'ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക' എന്ന് പ്രതി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ചേതന്‍ സിങ്ങിന്റെ സര്‍വിസ് തോക്കില്‍നിന്ന് 12 റൗണ്ട് വെടിയുതിര്‍ത്തതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഹാഥറസ് സ്വദേശിയായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായാണ് പൊലിസ് കോടതിയില്‍ പറഞ്ഞത്. ആശുപത്രിയിലേക്കു മാറ്റിയ ഇയാള്‍ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ആക്രമണത്തിന്റെ പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലിസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേ പൊലിസ് ട്രെയിനിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."