വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി
മക്ക: കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സഊദി അധികൃതരുടെ പ്രത്യേക ക്ഷണിതാവായി ലുലു ഗ്രൂപ്പ് മേധാവി എം. എ യൂസഫലിയും പങ്കെടുത്തു. ലോക മുസ്ലിംകളുടെ ആരാധനയുടെ കേന്ദ്ര ദിശയായ പരിശുദ്ധ മക്കയിൽ വിശുദ്ധ കഅ്ബ കഴുകൽ കർമ്മത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമാണെന്നും ഈ ക്ഷണത്തിന് സഊദി ഭരണാധികാരികളോട് അകം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുന്നുവെന്നും യൂസുഫലി പറഞ്ഞു.
സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. ഇരുഹറം കാര്യ വകുപ്പ് മേധാവിയും ചീഫ് ഇമാമുമായ ശൈഖ് സുദൈസും ചടങ്ങിന് നേതൃത്വം നൽകി. പ്രഭാത നിസ്കാരത്തോടെയാണ് പൂർത്തിയായ ഉടൻ ചടങ്ങിന് തുടക്കമായത്. കഴുകൽ ചടങ്ങ് പൂർത്തിയായ ശേഷം ഏറ്റവും മുന്തിയ ഊദ് എണ്ണയും റോസ് ഓയിലും മറ്റും ഉപയോഗിച്ച് കഅ്ബാലയത്തിൽ സുഗന്ധം പൂശി. എല്ലാ വർഷവും മുഹറം 15 ന് ആണ് കഅ്ബ കഴുകൽ ചടങ്ങ് നടത്താറുള്ളത്.
അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ ആധുനിക സഊദി അറേബ്യ നിലവിൽ വന്ന ശേഷം വർഷത്തിൽ രണ്ട് തവണയായിരുന്നു കഅ്ബ കഴുകിയിരുന്നത്. ഹിജ്റ വർഷാരംഭമായ മുഹറം മാസത്തിലും, ഉംറ സീസൺ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശഅബാൻ മാസത്തിലുമായിരുന്നു ഈ ചടങ്ങ് നടത്തി പോന്നിരുന്നത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കഅ്ബ കഴുകൽ ചടങ്ങ് എല്ലാ വർഷവും മുഹറം മാസത്തിൽ മാത്രമാക്കി നടത്താൻ ഇരുഹറം കാര്യാലയം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."