യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്‌ക്കെതിരേ കേസ്; ആരോപണം തള്ളി ബാല
യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്‌ക്കെതിരേ കേസ്
കൊച്ചി: യൂട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്‌ക്കെതിരേ കേസ്.തൃക്കാക്കര പൊലിസാണ് കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇടപ്പള്ളിയിലുള്ള ഫ്‌ലാറ്റിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പൊലിസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ബാല രംഗത്തെത്തി. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. അജുവിന്റെ വീട്ടില്‍ അതിക്രമം കാട്ടിയെന്ന പരാതിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് തെളിവുണ്ടോയെന്നായിരുന്നു ബാലയുടെ മറുചോദ്യം.
ബാല പറയുന്നതിങ്ങനെ
ഞാന്‍ വ്‌ളോഗറുടെ ഫ്‌ലാറ്റില്‍ പോയിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്താനല്ല പോയത്. എന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഒരാളെ ഭീഷണിപ്പെടുത്താന്‍ ഫാമിലിയായാണോ പോകുന്നത്. കൂടെയുണ്ടായിരുന്നത് ഗുണ്ടയല്ല, എന്റെ ജിം കോച്ചാണ്. പിന്നെ ഡ്രൈവറും. എനിക്ക് വണ്ടിയോടിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ കൂട്ടിയത്.
എന്റെ കയ്യില്‍ തോക്കുണ്ടായിരുന്നതായി ആരെങ്കിലും കണ്ടോ? എന്റെ കൂടെ വന്നവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നോ. അയാളൊരു കണ്ടന്റ് സെല്ലറാണ്. നമ്മളെ എല്ലാവരെയും അയാള്‍ പറ്റിക്കുകയാണ്. ഈ കണ്ടന്റ് ജെനറേറ്റ് ചെയ്ത് ആയാള്‍ കാശുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം തെറ്റാണ് നമ്മളെല്ലാം ഒരു ഫാമിലിയായി മുമ്പോട്ട് പോകാം എന്ന് സ്‌നേഹത്തോടെ പറഞ്ഞാല്‍ മനസിലാകും. എന്നാല്‍ തര്‍ക്കിച്ചാലോ ദേഷ്യപ്പെട്ടാലോ അവര്‍ക്ക് മനസിലാകില്ല. രണ്ട് വ്യക്തികളുടെ കൂടെപോയെന്ന് പറയാം. രണ്ട് ഗുണ്ടകളുടെ കൂടെ പോയെന്ന് പറയുന്നത് തെറ്റാണ്.
ഞാന്‍ ഗുണ്ടകളോടൊപ്പമാണ് പോയതെങ്കില്‍ അത് പൊലീസ് അന്വേഷിക്കട്ടെ. അയാള്‍ പറയുന്നത് പോലെ ഞാന്‍ വീടിനുള്ളില്‍ കയറി, തോക്കു ചൂണ്ടി, വീട്ടിലെ സാധനങ്ങളെല്ലാം തകര്‍ത്തു എന്നു തന്നെയിരിക്കട്ടെ. പിന്നെന്തിനാണ് എന്നെ കാറ് വരെ കൊണ്ടുവിട്ടതും അവിടെ നിന്നവരെ എന്നെക്കൊണ്ട് പരിജയപ്പെടുത്തിയതും വളരെ സന്തോഷത്തോടെ യാത്രയാക്കിയതും. ഇതുമായി ബന്ധപ്പെട്ട് എന്നെ ഇതുവരെ ഒരു പൊലീസും വിളിച്ചിട്ടില്ല. അവര്‍ക്ക് ഈ പരാതി കേള്‍ക്കുമ്പോള്‍ തന്നെ ചിരിവരും. അവരുടെ മുന്നില്‍ ഇത് ലളിതമായ കേസാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."