നീതിസംവിധാനത്തിന്റെ രാഷ്ട്രീയ ദുരുപയോഗം
എൻ.പി.ചെക്കുട്ടി
വയനാട് ലോക്സഭാംഗം രാഹുൽഗാന്ധിയുടെ അയോഗ്യത റദ്ദാക്കി സുപ്രിംകോടതി അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചത് നീതിപീഠത്തിന്റെ വൻവിജയമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനകളിൽ അത്തരമൊരു ആശ്വാസത്തിന്റെ പ്രകടനമാണ് കാണുന്നത്.
രാഹുൽഗാന്ധി വീണ്ടും ലോക്‌സഭയിൽ തിരിച്ചെത്തുന്നു എന്നതും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നുപോലും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള തൽപരകക്ഷികളുടെ ഗൂഢപദ്ധതികൾക്ക് തിരിച്ചടി നേരിട്ടുവെന്നതും ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ പ്രതിപക്ഷ രാഷ്ട്രീയനേതാവിനെ പാർലമെന്ററി രംഗത്തുനിന്നുതന്നെ പതിറ്റാണ്ടു കാലത്തേക്ക് കഴുത്തിന് പിടിച്ചു പുറത്തുകളയാനായി ഭരണയന്ത്രത്തെ ദുരുപയോഗിച്ച് ചില ഗൂഢശക്തികൾക്ക് തന്ത്രങ്ങൾ ഒരുക്കാൻ കഴിഞ്ഞതും അതിനു അവർക്കു കൂട്ടായി നമ്മുടെ നീതിപീഠങ്ങൾ പ്രവർത്തിച്ചതും യഥാർഥത്തിൽ അങ്ങേയറ്റം ആശങ്കയോടെ കാണേണ്ട വിഷയമാണ്.
2019ൽ കർണാടകയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഗുജറാത്തിലെ പ്രാദേശിക ബി.ജെ.പി നേതാവ് സൂറത്തിലെ കോടതിയിൽനിന്ന് നേടിയ ഉത്തരവിലൂടെയാണ് രാഹുൽ ഗന്ധിക്കെതിരേയുള്ള ഗൂഢാലോചന മറനീക്കി പുറത്തുവന്നത്. സാധാരണ നിലയിൽ ഏതെങ്കിലും ഒരു രാഷ്‌ട്രീയനേതാവിന്റെ പ്രസംഗം ആർക്കെങ്കിലും അലോസരം ഉണ്ടാക്കി അതേപ്പറ്റി കേസുണ്ടായാൽ പരിമിത ശിക്ഷ മാത്രമേ കോടതികൾ നൽകാറുള്ളൂ. പ്രതി സ്ഥിരം കുറ്റവാളിയോ അല്ലെങ്കിൽ അങ്ങേയറ്റം ഗർഹണീയമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തയാളോ ആണെങ്കിൽ മാത്രമാണ് ഏതു കേസിലും പരമാവധി ശിക്ഷ കോടതികൾ വിധിക്കാറുള്ളത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് അത്തരം കേസുകളെ കോടതികളും നിയമപണ്ഡിതരും വിവരിക്കാറുള്ളതും.
എന്നാൽ രാഹുൽഗാന്ധിയുടെ മോദി പരാമർശം അത്തരമൊരു അപൂർവങ്ങളിൽ അപൂർവ സംഭവമൊന്നും ആയിരുന്നില്ല. നാട്ടിലെ മിക്ക രാഷ്ട്രീയക്കാരും അത്തരം പദപ്രയോഗങ്ങൾ നടത്താറുള്ളതാണ്. അതേപ്പറ്റി കുറേ ദിവസം വിവാദങ്ങളുമുണ്ടാകും. അപൂർവം ചിലതു കോടതിയിൽ പോകും. അവയിൽ മഹാഭൂരിപക്ഷവും കോടതി ശിക്ഷയൊന്നും നൽകാതെ വിട്ടുകളയുകയും ചെയ്യും. കാരണം നമ്മുടെ രാജ്യത്തു നിലനിൽക്കുന്നത് ജനാധിപത്യ സംവിധാനമാണ്. അതിന്റെ ഭാഗമായി പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും ഭരണാധികാരികളെ വിമർശിക്കും; തിരിച്ചും അതൊക്കെ നടക്കും. അത്തരം അഭിപ്രായ സംഘട്ടനങ്ങളും സംവാദങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവമാണ്.
അതിനെ ചോദ്യംചെയ്യുകയോ മാറ്റിത്തീർക്കുകയോ ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല.എന്നാൽ സൂറത്തിലെ മജിസ്‌ട്രേറ്റ് രാഹുൽഗാന്ധി കേസിനെ അങ്ങനെയല്ല കൈകാര്യം ചെയ്തത്. ഇത്തരം കേസുകളിൽ കൊടുക്കാവുന്ന പരമാവധി ശിക്ഷ രണ്ടുവർഷം തടവുതന്നെയാണ് അദ്ദേഹം വിധിച്ചത്. അപ്പീൽ കോടതിയും ഗുജറാത്ത് ഹൈക്കോടതിയുമാകട്ടെ, ശിക്ഷ റദ്ദാക്കുന്നതിനോ കുറക്കുന്നതിനോ തയാറായില്ല. തുടർന്നാണ് സുപ്രിംകോടതിയിൽ കേസ് എത്തുന്നതും രാഹുൽഗാന്ധിക്ക് അനുകൂല വിധി വരുന്നതും.
രാഹുൽഗാന്ധിയുടെ അയോഗ്യത റദ്ദാക്കുന്നതിനു സുപ്രിംകോടതി ചൂണ്ടിക്കാണിച്ച ഒരു പ്രധാനകാര്യം എന്തുകൊണ്ട് അദ്ദേഹത്തിന് പരമാവധി ശിക്ഷ നൽകുന്നു എന്ന വിഷയത്തിൽ വിചാരണക്കോടതിയോ പിന്നീട് കേസ് കൈകാര്യം ചെയ്ത ഉന്നത കോടതികളോ ഒരു വിശദീകരണവും നൽകിയില്ല എന്നതാണ്. കേസിൽ 120 പേജ് വരുന്ന വിപുല വിധി നൽകിയ ഹൈക്കോടതി, അക്കാര്യത്തെ സംബന്ധിച്ച് ഒരു വാക്കുപോലും പറയുന്നില്ല എന്നതും സുപ്രിംകോടതി ചൂണ്ടിക്കാണിക്കുന്നു.
ഇതുതന്നെയാണ് ഈ കേസിലെ മർമപ്രധാനമായ പ്രശ്നവും. ഒരു വ്യക്തിയെ കേസിൽപ്പെടുത്തി പരമാവധി ശിക്ഷ നൽകി അദ്ദേഹത്തെ പൊതുമണ്ഡലത്തിൽ നിന്നുതന്നെ തുടച്ചുനീക്കാനുള്ള ഗൂഢാലോചനയാണ് കേസിൽ തെളിഞ്ഞുകാണുന്നത്.
അതിൽ ഗുജറാത്തിലെ നീതിപീഠങ്ങൾ എന്നറിയപ്പെടുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തവും തെളിഞ്ഞുവരുന്നുണ്ട്. ശിക്ഷ രണ്ടുവർഷത്തിൽ ഒരു ദിവസം കുറഞ്ഞാൽ അദ്ദേഹത്തിന്റെ പാർലമെൻ്റ് അംഗത്വം റദ്ദാക്കാൻ കഴിയില്ല. അതിനാൽ കേസിൽപ്പെടുത്തി രാഹുൽഗാന്ധിയെ ലോക്‌സഭയിൽ നിന്ന് പുറത്തു ചാടിക്കണം എന്ന പദ്ധതിയും അതിനോടുള്ള ജുഡീഷ്യറിയുടെ അനുകൂല മനോഭാവവും സംഭവപരമ്പരകളിൽ വളരെ വ്യക്തമാണ്. ഈ ഗൂഢാലോചനയിൽ അത്യുന്നത നീതിപീഠത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിൽ മാത്രമാണ് ബന്ധപ്പെട്ടവർ പരാജയപ്പെട്ടത്.
സുപ്രിംകോടതിയിലെ നടപടികൾ നീണ്ടുപോകുമെന്നും അതിനിടയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സമയം വരുമെന്നും അയോഗ്യനായി തുടരുന്ന രാഹുൽഗാന്ധി അതോടെ പാർലമെന്റ് കാണാതെ വീട്ടിൽ ഇരിക്കേണ്ടിവരുമെന്നും അങ്ങനെ മോദിക്ക് അടുത്ത അഞ്ചുവർഷവും കാര്യമായ ഒരു അധ്വാനവും ഇല്ലാതെ അദ്ദേഹത്തിന്റെ ഗുജറാത്തി കോർപറേറ്റുകളുടെ പിന്തുണയോടെ രാജ്യഭാരം നടത്തിക്കൊണ്ടുപോകാം എന്നുമൊക്കെയാണ് അവർ മനക്കോട്ട കെട്ടിയത്.
സംഘ്പരിവാർ നിയന്ത്രണത്തിൽ ഇനിയും പൂർണമായി അമർന്നിട്ടില്ലാത്ത ഒരേയൊരു ജനാധിപത്യ ഭരണസ്ഥാപനം ഇന്ത്യയിൽ ജുഡീഷ്യറി ആണെന്നതിൽ ആർക്കും തർക്കമില്ല. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം നീതിപൂർവം പെരുമാറാനുള്ള തങ്ങളുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നു എന്ന ബോധ്യത്തിലേക്കല്ല ബി.ജെ.പിയെ നയിച്ചത്. തങ്ങൾക്ക് എന്ത് അതിക്രമവും ചെയ്യാമെന്നും അതിനെ ചോദ്യം ചെയ്യാൻ ശേഷിയുള്ള ആരും പാർലമെന്റിൽ എത്തുന്നത് പോലും തടയാൻ തങ്ങൾക്കു കഴിയും എന്ന ഔദ്ധത്യമാണ് അവരെ നയിക്കുന്നത്.
അതിന്റെ പ്രകടനമാണ് രാഹുൽഗാന്ധിയെ രായ്ക്കുരാമാനം ലോക്‌സഭയിൽ നിന്ന് പുറത്താക്കാനും കാലങ്ങളായി അദ്ദേഹം താമസിച്ചുവന്ന വീട്ടിൽനിന്ന് ഒഴിപ്പിക്കാനും സർക്കാർ നടത്തിയ ശ്രമങ്ങളിൽ കാണുന്നത്.
ഈ ഗൂഢാലോചന ഇത്തവണ വിജയിച്ചില്ല എന്നതു രാജ്യത്തിന്റെ ഭാഗ്യമായി കരുതണം. എന്നാൽ എല്ലായ്‌പ്പോഴും ഭാഗ്യം രാജ്യത്തിന്റെ തുണയ്ക്കുണ്ടാവും എന്നുറപ്പിക്കാൻ പ്രയാസമാണ്. മാത്രമല്ല, രാഹുൽഗാന്ധിയെപ്പോലെ ശക്തനായ ഒരു രാഷ്ട്രീയ നേതാവിനെപ്പോലും ഇങ്ങനെയാണ് ഭരണകക്ഷിയും നീതിന്യായ സംവിധാനങ്ങളും കൈകാര്യം ചെയ്തതെങ്കിൽ എന്താവും രാജ്യത്തെ മറ്റുള്ളവരുടെ അവസ്ഥ?
ഇന്നത്തെ പൊതുഅനുഭവം വെച്ചുനോക്കിയാൽ യു.എ.പി.എ പോലുള്ള വകുപ്പുകൾ ചാർത്തി ഒരാളെ ജയിലിൽ അടച്ചാൽ ജാമ്യം കിട്ടാൻപോലും സുപ്രിംകോടതിവരെ പോകേണ്ട അവസ്ഥയാണ്. സമീപകാലത്ത് മിക്കവാറും എല്ലാ കേസുകളിലും അന്യായമായി പ്രതി ചേർക്കപ്പെടുന്നവർ അനുഭവിക്കുന്ന ദുരന്തം ഇതുതന്നെയാണ്. സിദ്ദീഖ് കാപ്പൻ മുതൽ ആനന്ദ് തെൽതുംബ്‌ദേ വരെ കുറെപ്പേർക്ക് ദീർഘകാലത്തെ ജയിൽ വാസത്തിനുശേഷം ജാമ്യം കിട്ടിയിട്ടുണ്ട്. എന്നാൽ അതിലും എത്രയോ അധികം പേർ ഇന്നും ജയിലുകളിൽ നരകയാതന അനുഭവിക്കുകയാണ്.
അവർക്ക് എന്ന് പുറംലോകം കാണാനാകും എന്നതിനെപ്പറ്റി ആർക്കും യാതൊരു ഊഹവുമില്ല.പൊലിസ് സംവിധാനം ഇത്തരത്തിൽ ദൂഷിതമാകുമ്പോൾ സാധാരണനിലയിൽ രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുമണ്ഡലവും അതിൽ ശക്തമായി പ്രതികരിക്കും. എന്നാൽ ഇന്ന് ഇന്ത്യയിലെ അവസ്ഥ വ്യത്യസ്തമാണ്. യു.എ.പി.എ നിയമത്തിൽ 2019ൽ വരുത്തിയ മാറ്റങ്ങളുടെ ഏറ്റവും ദുരന്തമയമായ ഫലം പ്രതികളായി ജയിലിൽ കഴിയുന്നവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നതും അവർക്കുവേണ്ടി പിന്തുണ സമാഹരിക്കുന്നതുപോലും കുറ്റകൃത്യമായി പരിഗണിക്കപ്പെടും എന്നതാണ്.
അതായതു കുറ്റാരോപിതർക്കു നീതി ലഭ്യമാക്കാൻ പൊതുമണ്ഡലത്തിന്റെ ഇടപെടൽ പോലും അസാധ്യമാകുന്ന അന്തരീക്ഷം ഇന്ന് നിലനിൽക്കുന്നുണ്ട്. ഇരകളെ സംബന്ധിച്ച് അവരുടെ കുടുംബങ്ങൾ സഹായിക്കാൻ ആരുമില്ലാതെ അനാഥാവസ്ഥയിൽ എത്തുന്ന ഈ സ്ഥിതിവിശേഷം ഭയാനകമാണ്.
മറുവശത്തു ജനാധിപത്യമര്യാദകളെ പൂർണമായും അതിലംഘിച്ചും കൊഞ്ഞനംകുത്തിയുമാണ് ഭരണകക്ഷി നേതാക്കളും അതിന്റെ ഏജന്റുമാരും പ്രവർത്തിക്കുന്നത്.
രാജ്യത്തിന്റെ ഏതെങ്കിലും മൂലയിൽ ഒരു സംഭവം ഉണ്ടായാൽ മറ്റൊരു മൂലയിൽ കേസ് ചാർജ് ചെയ്യുക, ആളെപ്പിടിച്ചു കൊണ്ടുപോകുക, എല്ലാവിധ പീഡനങ്ങൾക്കും വിധേയമാക്കുക, നിയമസഹായം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാക്കുക-ഇതൊക്കെയാണ് ഇപ്പോൾ സംഭവിക്കുന്നത്. ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ ഐക്യത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങളാണിത്. നാളെ ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ തന്നെ അതിന്റെ ഇത്തരത്തിലുള്ള ദുരുപയോഗം ദുർബലപ്പെടുത്തും. ഗുജറാത്തിലെ ദലിത് നേതാവും നിയമസഭാംഗവുമായ ജിഗ്നേഷ് മേവാനിയെ അസമിൽ കേസെടുത്ത് അറസ്റ്റ് ചെയ്തത് ഇതിനൊരു ഉദാഹരണമാണ്.
മുൻകാലങ്ങളിൽ ഇത്തരം പ്രവണതകൾ അപൂർവമായിരുന്നു. ഇന്ന് ബി.ജെ.പിയും സംഘ്പരിവാർ ശക്തികളും വ്യാവസായികാടിസ്ഥാനത്തിൽ കള്ളക്കേസുകൾ ചമച്ചുണ്ടാക്കുന്ന പ്രവൃത്തിയിലാണ്. അവർ ഇന്ത്യൻ നിയമവ്യവസ്ഥയെ വ്യഭിചരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് അതിലൂടെ അവർ യഥാർഥത്തിൽ നടത്തുന്നത്.
Content Highlights:Today'S Article About Rahul Gandi aug08
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."