HOME
DETAILS

മുസ്‌ലിംകളോട് സംസാരിക്കുന്നത് ബുൾഡോസറുകളോ

  
backup
August 07 2023 | 18:08 PM

editorial-aboult-buldozer-raj

ഹരിയാനയിലെ നൂഹിൽ വർഗീയ കലാപത്തിന് പിന്നാലെ മുസ്‌ലിംകളുടെ വീടുകൾ തകർത്ത നടപടി ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരിക്കുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണവും തേടി. 250ലധികം വീടുകളും കെട്ടിടങ്ങളുമാണ് ഇതിനകം ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. തകർക്കപ്പെട്ടതെല്ലാം മുസ്‌ലിംകളുടെ കെട്ടിടങ്ങളാണ്. ഇവ അനധികൃത കൈയേറ്റമാണെന്നും ആറുപേർ മരിച്ച കലാപത്തിനു കാരണം ഇതാണെന്നുമാണ് സർക്കാർ വാദം.

76 ശതമാനം മുസ്‌ലിംകളുള്ള നൂഹിൽ മാത്രമേ ബുൾഡോസറുകളും പൊളിക്കലുകളുമുള്ളൂ. നൂഹിനൊപ്പം കലാപമുണ്ടായ ഗുരുഗ്രാമിൽ ഇതൊന്നുമില്ല. പള്ളി തകർത്തതും ഇമാമിനെ കൊലപ്പെടുത്തിയതും ഗുരുഗ്രാമിലാണ്.
നൂഹിലെ കെട്ടിടങ്ങളെല്ലാം സർക്കാർ ഭൂമി കൈയേറി നിർമിച്ചതാണെന്നാണ് ബി.ജെ.പി സർക്കാരിന്റെ അവകാശവാദം. കൈയേറ്റം എങ്ങനെയാണ് പൊടുന്നനെ ഉണ്ടായത്. ഈ കൈയേറ്റമൊഴിപ്പിക്കാൻ ഇത്രയും കാലം എന്തെങ്കിലും നടപടിയുണ്ടായോ. പൊളിച്ചുമാറ്റുംമുമ്പ് നോട്ടിസ് കൊടുത്തിരുന്നോ.

നൂഹിൽ മാത്രമാണോ കൈയേറ്റമുള്ളത്. ഗുരുഗ്രാമിലില്ലേ. ചോദ്യങ്ങൾ അനവധിയുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയെയും കോടതി ഉത്തരവുകളെയും വെല്ലുവിളിച്ചുള്ള ഇത്തരം നടപടികൾ ഇന്ന് ബി.ജെ.പി സർക്കാരുകളുടെ ഭരണരീതിയുടെ ഭാഗമാണ്. കൈയേറ്റം ഒഴിപ്പിക്കൽ നിയമത്തിന്റെ ദുരുപയോഗമാണിത്. നിയമവിരുദ്ധമായ കൈയേറ്റമാണെങ്കിൽപ്പോലും ഒരു ദിവസം ബുൾഡോസറുകളുമായി ചെന്ന് പൊളിച്ചു നീക്കാൻ കഴിയില്ല.

അതിന് നടപടിക്രമങ്ങളുണ്ട്. ആദ്യം നോട്ടിസ് നൽകണം. തങ്ങളുടെ ഭാഗം അധികാരികൾക്കുമുന്നിലും പിന്നാലെ കോടതിയിലും ബോധിപ്പിക്കാൻ ഇത് ആരോപണവിധേയർക്ക് അവസരമൊരുക്കും. നൂഹിൽ ഇതൊന്നുമുണ്ടായില്ല.
വീട്ടുപകരണങ്ങൾ എടുത്തുമാറ്റാൻപോലും സമയം നൽകാതെയാണ് വീടുകൾ പൊളിച്ചു നീക്കിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുസ്‌ലിം പ്രദേശങ്ങളിലൂടെ വിശ്വഹിന്ദു പരിഷത്ത് ആയുധങ്ങളുമായി നടത്തിയ ഘോഷയാത്രയാണ് നൂഹിൽ ആറുപേർ മരിച്ച വർഗീയ സംഘർഷമുണ്ടാക്കിയത്.

മുസ്‌ലിംകൾക്കെതിരേ കൊലവിളി നടത്തിയവരും ഈ ഘോഷയാത്രയിൽ പങ്കാളികളായിരുന്നു. രണ്ടു മുസ്‌ലിം യുവാക്കളെ രാജസ്ഥാനിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി മോനു മനേശ്വറിനെപ്പോലുള്ള ക്രിമിനലുകളും ഈ ഘോഷയാത്രയുടെ നടത്തിപ്പിന്റെ ഭാഗമാകുകയും സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഈ ഘോഷയാത്ര തടയാതെ ക്രിമിനലുകളെ അതിന്റെ ഭാഗമാകാൻ അനുവദിച്ച ഹരിയാന സർക്കാരാണ് വർഗീയ സംഘർഷത്തിന്റെ ആദ്യ ഉത്തരവാദി.


സംഘർഷം നൂഹ് നിവാസികളുടെ സ്വത്തിനും ജീവനുമുണ്ടാക്കിയ നഷ്ടങ്ങൾക്കു പിന്നാലെയാണ് സർക്കാർ ബുൾഡോസറുകളുമായി പ്രതികാര നടപടിക്കിറങ്ങിയത്. വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്‌ദളും നൂഹിൽ തുടങ്ങിവച്ചത് അധികാരത്തിന്റെ ബലത്തിൽ സർക്കാർ പൂർത്തിയാക്കിയെന്നേ പറയാനാവൂ. നൂഹിൽ സമാധാനമുണ്ടാക്കുക സർക്കാരിന്റെ ലക്ഷ്യമായിരുന്നില്ലെന്ന് വ്യക്തം. സംഘർഷം ആളിക്കത്തിക്കാനാണ് സർക്കാർ നോക്കിയത്. ബി.ജെ.പിക്കെതിരേ ജനാധിപത്യപരമായി പ്രതിഷേധിച്ചവരുടെ വീടുകളിൽപ്പോലും ബുൾഡോസറുകൾ എത്തുന്നത് പുതിയ കാലത്തെ ഉത്തരേന്ത്യയുടെ കാഴ്ചയാണ്.


കൈയേറ്റമല്ല, ആക്രമണ ഹിന്ദുത്വത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ കൈയേറ്റം ഒഴിപ്പിക്കൽ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ് നൂഹിലും അതിനുമുമ്പ് ഡൽഹിയിലെ ജഹാംഗീർ പുരിയിലും യു.പിയിലും അസമിലുമെല്ലാം ബുൾഡോസറുകളെ വീട്ടുപടിക്കലെത്തിച്ചത്. 2011ലെ സെൻസ് പ്രകാരം 1.77 മില്യൻ ആളുകളാണ് രാജ്യത്ത് വീടില്ലാത്തവർ.


പുതിയ കണക്കുകളെടുത്താൽ കൂടുതൽ വരും. ഇതിലേക്കാണ് കൂടുതൽ പേരെ ഭവനരഹിതരാക്കുന്ന ബുൾഡോസർ രാജ് സർക്കാർതന്നെ നടത്തുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികൾ രാജ്യത്തെ ഭവനരഹിതരെ മുന്നിൽക്കണ്ടുള്ളതാണ്. ഒരു വിഭാഗത്തിന്റെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തുകൊണ്ടിരിക്കെയാണ് മറുവശത്ത് പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് സർക്കാർ വാചാലരാവുന്നത്. ഡൽഹിയിൽ ജഹാംഗീർ പുരി മാതൃകയിൽ വീടുകൾ തകർക്കുന്നത് തുടർന്നാൽ 60 ലക്ഷം പേരാണ് ഭവനരഹിതരാവുകയെന്ന് ചൂണ്ടിക്കാട്ടിയത് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്.

അത്രമാത്രം ആളുകളാണ് ഡൽഹിയിൽ അനധികൃത കോളനികളിൽ കഴിയുന്നത്.
ബി.ജെ.പി മുസ്‌ലിംകളോട് ബുൾഡോസറുകൾ ഉപയോഗിച്ചാണ് സംസാരിക്കുന്നത്. സ്വന്തം പ്രശ്നങ്ങൾ ഉന്നയിക്കാൻ അവകാശമുള്ള, അക്കാര്യം ചർച്ച ചെയ്യേണ്ട പൗരന്മാരായി ബി.ജെ.പി സർക്കാരുകൾ മുസ്‌ലിംകളെ കാണുന്നില്ല. തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കേണ്ട ഒരു സംഘമായി അവരെ കണക്കാക്കുന്നു. മുസ്‌ലിം എന്ന വാക്കിനെ അവർ കുറ്റവാളികൾ എന്ന പോലെയാണ് കണക്കാക്കുന്നത്. പല സംസ്ഥാനങ്ങളിലും ഭരണസംവിധാനത്തിന്റെയും നിയമപാലക ഏജൻസികളുടെയും വർഗീയവൽക്കരണം ബി.ജെ.പി സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്.


നൂഹ് ഗ്രാമത്തിൽ സ്ത്രീകൾക്കെതിരേ പ്രത്യേകിച്ച് അക്രമങ്ങളോ തട്ടിക്കൊണ്ടുപോകലോ തുടങ്ങിയ കേസുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹരിയാന പൊലിസ് ഡി.ജി.പി വ്യക്തമാക്കിയത് ഒരു വശത്തുണ്ട്. ഹരിയാനയിലെ ജനങ്ങൾ വിദ്വേഷികളുടെ ആഹ്വാനത്തിന് ചെവികൊടുത്തില്ല. ജാട്ട്, ഗുജ്ജറുകൾ, രജപുത്ര സമുദായ നേതാക്കൾ അക്രമത്തിനെതിരേ ശക്തമായി രംഗത്തുവരികയും നിയമവാഴ്ചയ്ക്കൊപ്പം നിലകൊള്ളുകയും ചെയ്തുവെന്നതും ആശ്വാസകരമാണ്.

എന്നാൽ ഇതുകൊണ്ട് മാത്രമായില്ല, ബുൾഡോസർ രാജിനെതിരേ സുപ്രിംകോടതി സ്വമേധാ ഇടപെടേണ്ട സമയമായിരിക്കുന്നു. ഈ അന്യായം അവസാനിപ്പിച്ചേ മതിയാകൂ. സ്വതന്ത്ര സ്ഥാപനങ്ങളും ജുഡീഷ്യറിയുമുള്ള ഒരു രാജ്യത്ത് ബുൾഡോസർ രീതിക്ക് എന്ത് പ്രസക്തി?

Content Highlights:Editorial Aboult Buldozer raj



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago