സിദ്ദിഖിന്റെ വിയോഗം: ഖബറടക്കം നാളെ വൈകീട്ട്; അനുസ്മരിച്ച് പ്രമുഖര്‍
സിദ്ദിഖിന്റെ വിയോഗം: ഖബറടക്കം നാളെ വൈകീട്ട്; അനുസ്മരിച്ച് പ്രമുഖര്‍
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുകരണ കലയിലൂടെ തുടങ്ങി ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
'ഗൗരവതരമായ ജീവിത പ്രശ്‌നങ്ങളെ നര്‍മ്മ മധുരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലര്‍ത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. സിദ്ദിഖും ലാലും ചേര്‍ന്നൊരുക്കിയ പല സിനിമകളിലെ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും മായാതെ നില്‍ക്കുന്നത് അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.
റാംജി റാവു സ്പീക്കിങ്ങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങള്‍ വ്യത്യസ്ത തലമുറകള്‍ക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നല്‍കാന്‍ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികള്‍ക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ചിരിയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചലചിത്ര പ്രവര്‍ത്തകനായിരുന്നു സിദ്ദിഖെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. മലയാള സിനിമയെ വാണിജ്യ വഴിയിലേക്ക് നടത്തിയ സിദ്ദിഖ്‌ലാല്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. സിദ്ദിഖ് ലാല്‍ എന്ന പേരില്‍ ഇറങ്ങിയ അഞ്ച് സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ കുറിച്ചു.
സിദ്ദിഖിന്റെ നിര്യാണത്തില്‍ കേരള നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അനുശോചിച്ചു. സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങള്‍ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ സംവിധായകനാണ് സിദ്ദിഖെന്നും കാലം എത്ര കഴിഞ്ഞാലും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങള്‍ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലുമുണ്ടെന്നും അനുശോചന കുറിപ്പില്‍ പറഞ്ഞു.
ലാല്‍ എന്ന സംവിധായകനോടൊപ്പം ചേര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും അല്ലാതെ ഒറ്റക്ക് ചെയ്ത ചിത്രങ്ങളും എല്ലാം തന്നെ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ചിത്രത്തിലെ ചില ഡയലോഗുകള്‍ നമ്മള്‍ നിത്യജീവിതത്തില്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദിഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിദ്ദിഖിന്റെതായി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും പറഞ്ഞു.
ഖബറടക്കം നാളെ വൈകീട്ട് നടക്കും. നാളെ രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരാവലിക്കും സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."