മാസപ്പടി വിവാദം പ്രതിപ്പട്ടികയിൽ ആരെല്ലാം?
അഡ്വ.ടി.ആസഫ് അലി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിയിലെ സ്വകാര്യ കമ്പനി 1.72 കോടി രൂപ നൽകിയത് നിയമവിരുദ്ധമെന്ന് കേന്ദ്ര ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലിൽ പ്രധാനമായും പ്രതിക്കൂട്ടിലാവുന്നത് ആരൊക്കെ? രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറെ ഉയർന്നുനിന്ന ചോദ്യമാണിത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കൊച്ചിയിലെ മറ്റൊരു സ്വകാര്യ കമ്പനി ഒരു സേവനവും ലഭിക്കാതെയാണ് മൂന്നുവർഷംകൊണ്ട് ഇത്രയും ഭീമമായ സംഖ്യ നൽകിയിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്.
2018ൽ ഭേദഗതി ചെയ്യപ്പെട്ട 1988 ലെ അഴിമതി നിരോധന നിയമം 13(1) (ബി) വകുപ്പനുസരിച്ച് ഏതെങ്കിലും പൊതുസേവകൻ താൻ ഔദ്യോഗിക പദവി വഹിച്ചുകൊണ്ടിരിക്കുമ്പോൾ നിയമവിരുദ്ധമായി മനഃപൂർവം സ്വയം സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് 4 വർഷത്തിൽ കുറയാത്തതും 10 വർഷം വരെ ആകാവുന്നതുമായ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.
ഏതെങ്കിലും പൊതുസേവകനോ അദ്ദേഹത്തിനുവേണ്ടി മറ്റാരെങ്കിലുമോ താൻ ഔദ്യോഗിക പദവി വഹിക്കുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് ആർജിച്ച് തൃപ്തികരമായി വിശദീകരിക്കാൻ കഴിയാതെയുള്ള എല്ലാവിധ സാമ്പാദ്യവും നിയമവിരുദ്ധമായതും മനഃപൂർവം സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണക്കാക്കണമെന്നുമാണ് അഴിമതിനിരോധന നിയമം 13(1)-ാം വകുപ്പിനോടനുബന്ധിച്ച് വിശദീകരണക്കുറിപ്പിൽ പറയുന്നത്.
വീണാ വിജയന്റെ ഭർത്താവ്, പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി റിയാസും പിതാവ്, മുഖ്യമന്ത്രി പിണറായി വിജയനുമാണ് പൊതുസേവകരുടെ നിർവചനത്തിൽ പെടുന്നത്. പൊതുസേവകനോ അദ്ദേഹത്തിനുവേണ്ടി മറ്റാരെങ്കിലുമോ എന്ന 13(1)-ാം വകുപ്പിന്റെ വിശദീകരണക്കുറിപ്പിന്റെ നിർവചനത്തിൽ വീണാ വിജയന്റെ സ്വത്ത് സമ്പാദനം മന്ത്രി റിയാസിന്റെയും മുഖ്യമന്ത്രിയുടെയും സ്വത്ത് സമ്പാദനമായി കണക്കാക്കണമെന്ന നിയമവ്യവസ്ഥ പരിശോധിച്ചാൽ നിയമവിരുദ്ധമായ, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പ്രതിപ്പട്ടികയിൽനിന്ന് ഇരുവർക്കും രക്ഷപ്പെടാനാവില്ല. വീണാ വിജയൻ ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധപ്പെട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ സ്വീകരിച്ച 1.72 കോടി രൂപ രാഷ്ട്രീയപ്പാർട്ടിക്കുള്ള സംഭാവനയാണെന്ന വാദവും ഉന്നയിക്കുവാൻ കഴിയില്ല.
അപ്രകാരം പ്രതിരോധവുമായി സി.പി.എം മുന്നോട്ടുവന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
1999 ലെ കേരള ലോകായുക്ത(വസ്തു വിവരപ്പട്ടിക സമർപ്പിക്കൽ) ചട്ടം 2 അനുസരിച്ച് പൊതുസേവകൻ എന്ന നിലയിൽ മന്ത്രി റിയാസിൻ്റെയും കുടുംബത്തിന്റെയും വസ്തുവിവരം ബോധിപ്പിച്ചിരിക്കണമെന്ന ഫോറം 'ബി' അനുസരിച്ചുള്ള പട്ടികയിൽ കൊച്ചിയിലെ കമ്പനി, വീണാ വിജയന് നൽകിയതായി പറയുന്ന 1.72 കോടി രൂപ വെളിപ്പെടുത്തിയേ പറ്റൂ. അപ്രകാരം വെളിപ്പെടുത്തുമ്പോൾ പ്രസ്തുത സംഖ്യ നിയമാനുസൃതമായി ലഭിച്ച പണമല്ലാ എന്നത് വ്യക്തമാക്കപ്പെടുന്നതോടുകൂടി അഴിമതി നിരോധന നിയമമനുസരിച്ച് വീണാ വിജയന്റെ അനധികൃത സ്വത്ത് സമ്പാദനം മന്ത്രി റിയാസിന്റെ സ്വത്ത് സമ്പാദനമായി കണക്കാക്കാതിരിക്കാൻ നിയമപരമായി സാധ്യമല്ല.
ഇടതുസർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമ ഭേദഗതിയിലൊന്നും 1999ലെ വസ്തുവിവരപ്പട്ടിക സമർപ്പിക്കുന്നത് സംബന്ധിച്ച ചട്ടത്തിൽ ഒരു ഭേദഗതിയും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇനി ദാതാവിൻ്റെ രേഖകളിൽ പണം കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരുടെ പേരുകളോ ഇനീഷ്യലുകളോ രേഖപ്പെടുത്തിയാൽപോലും പണം കൈപ്പറ്റിയതായി കണക്കാക്കി അഴിമതിക്കുറ്റം ചുമത്താൻ നിയമപരമായി സാധിക്കില്ലെന്നതാണ് ജയിൻ ഹവാല ഡയറിയിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെയും മറ്റും പേരുകൾ കാണപ്പെട്ടതിൻ്റെ പേരിൽ പ്രതികൾ നൽകിയി കേസിൽ സുപ്രിംകോടതിയുടെ വിധി.
മേൽ കാരണങ്ങൾകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ മകളും മന്ത്രി റിയാസിന്റെ പത്‌നിയുമായ വീണാ വിജയന് സ്വകാര്യ കമ്പനി 1.72 കോടി രൂപ നൽകിയെന്ന ആദായനികുതി തർക്കപരിഹാര ബോർഡിന്റെ കണ്ടെത്തലിനെ ഒരിക്കലും നിസ്സാരവൽക്കരിക്കാൻ സാധ്യമല്ല. പൊതുസേവകന്റെ പത്‌നിയും മറ്റൊരു പൊതുസേവകന്റെ മകളുമായ അപരിചിതയ്ക്ക് സേവനം ചെയ്യാതെ വൻകിട കമ്പനി 1.72 കോടി രൂപ എന്തിന് നൽകിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ കളങ്കിത സ്വഭാവം കണ്ടെത്താൻ വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല.
ഇനി നാളെകളിൽ നമ്മുടെ രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയ-ഭരണരംഗത്തെ വിവിധ സ്ഥാനങ്ങളിലിരിക്കുന്ന പൊതുസേവകർ തങ്ങളുടെ ഭാര്യമാരോ മക്കളോ വഴി കോടികൾ കൈപ്പറ്റുന്നത് അഴിമതി നിരോധന നിയമമനുസരിച്ചുള്ള കുറ്റമല്ലാതാവുമോ? ഏതെങ്കിലും താഴെക്കിടയിലുള്ള വില്ലേജ് ഒാഫിസറോ, തഹസിൽദാറോ ഭാര്യമാരിലൂടെയോ മക്കളിലൂടെയോ അനധികൃതമായി ആർജിക്കുന്ന പണത്തിന്റെ ഉറവിടം തൃപ്തികരമായി വിശദീകരിക്കാൻ സാധിക്കാത്തിടത്തോളം അത്തരം ധനസമ്പാദനം പൊതുസേവകന്റെ അനധികൃത സ്വത്ത് സമ്പാദനമല്ല എന്ന് വിജിലൻസിനോ മറ്റ് കുറ്റാന്വേഷണ ഏജൻസിക്കോ പറയാനാവില്ല.
ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കാര്യം സാധിക്കുന്നതിന് പൊതുസേവകന് പണം നൽകിയെന്നതാണ് ആരോപണമെങ്കിൽ അഴിമതി നിരോധന നിയമമനുസരിച്ച് ഇത് കുറ്റകൃത്യമാവാൻ പൊതുസേവകൻ കോഴ ആവശ്യപ്പെട്ടതിന് വ്യക്തമായ തെളിവ് വേണം. അല്ലാതെ കുറ്റം നിലനിൽക്കില്ലെന്ന് സുപ്രിംകോടതി നിരവധി വിധിന്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയായിരുന്ന കെ.എം മാണിക്കെതിരേ കോഴ ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽനിന്ന് കണ്ടെത്തിയിട്ടും കോടതി അത് ശരിവച്ചിട്ടും അദ്ദേഹത്തെ വേട്ടയാടിയവരാണ് അന്നത്തെ പ്രതിപക്ഷമായ ഇന്നത്തെ ഭരണകക്ഷി,
അഥവാ ഇടതുപക്ഷം. എന്നാൽ പൊതുസേവകനു വേണ്ടി മറ്റാരെങ്കിലും പണം നിയമവിരുദ്ധമായി ആർജിച്ചതായി തെളിഞ്ഞാൽ പൊതുസേവകനെതിരേ അഴിമതി നിരോധന നിയമമനുസരിച്ച് നടപടി സ്വീകരിച്ചേ പറ്റൂ. പ്രത്യേകിച്ച്, നിയമത്തിൽ വിവരിച്ച പൊതുസേവകനു വേണ്ടി മറ്റൊരാൾ എന്നത് സ്വന്തം ഭാര്യയോ മകളോ ആവുമ്പോൾ സ്ഥിതി അതീവ ഗുരുതരമാണ്.
2002-ലെ പണം
വെളുപ്പിക്കൽ(നിരോധന നിയമം)
അഴിമതി നിരോധന നിയമമനുസരിച്ചുള്ള എല്ലാ കുറ്റങ്ങളും 2002 ലെ പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ചുള്ള ഷെഡ്യൂൾഡ് കുറ്റങ്ങളാണ്. അപ്രകാരമുള്ള കുറ്റം ചെയ്ത് ഏതെങ്കിലും വ്യക്തി നേരിട്ടോ അല്ലാതെയോ കുറ്റകൃത്യത്തിന്റെ വരുമാനം ആർജിക്കുന്നത് 2002 ലെ പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ചുള്ള പണം വെളുപ്പിക്കലിന്റെ നിർവചനത്തിൽ ഉൾപ്പെട്ട കുറ്റമാണ്.
ഇത്തരക്കാരെ 2002 ലെ പണം വെളുപ്പിക്കൽ(നിരോധന) നിയമം 4-ാം വകുപ്പനുസരിച്ച് മൂന്നു വർഷത്തിൽ കുറയാത്ത കഠിന തടവിനു വിധിക്കാവുന്ന കുറ്റമാണ്.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ വേണ്ടി എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മാത്രം കേസെടുക്കാവുന്ന ഒരു കുറ്റം കേന്ദ്ര ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ ആധികാരിക രേഖകൾ വഴി പുറത്തുവന്നിട്ടും മൗനിയായി ഇരിക്കുന്നത് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ഇരട്ടത്താപ്പ് നയത്തെയാണ് സൂചിപ്പിക്കുന്നത്.
(കേരള മുൻ പ്രൊസിക്യൂഷൻ ഡയരക്ടർ ജനറലാണ് ലേഖകൻ)
Content Highlights:Today's Article 2023 aug 11
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."