ദേശീയപാത സര്‍വേ: കേളു ബസാറില്‍ സ്ത്രീകളുടെ ഉപരോധത്തില്‍ വീണ്ടും തടസപ്പെട്ടു
വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സര്‍വേ ഇന്നലെയും മുടങ്ങി. ഒഞ്ചിയം കേളുബസാറില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ കര്‍മസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വീടുകള്‍ക്കു മുന്നില്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ സര്‍വേ നടപടികള്‍ തടഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് വന്‍ പൊലിസ് സന്നാഹവുമായാണ് സര്‍വേ സംഘം എത്തിയത്. നാല് സ്റ്റേഷനുകളിലെ എസ്.ഐമാരുടെ നേതൃത്വത്തില്‍ 12 ജീപ്പുകളിലാണ് പൊലിസ് എത്തിയത്. 11ഓടെ നാട്ടുകാര്‍ ഉപരോധം തുടങ്ങി. തുടര്‍ന്ന്, സര്‍വേയുമായി സഹകരിക്കണമെന്ന് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ കെ. പ്രദീപ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ഉപരോധത്തില്‍ ഉറച്ചുനിന്നു. ജില്ലാ ഭരണകൂടം കര്‍മസമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ ശേഷം സര്‍വേ നടത്തിയാല്‍ മതിയെന്നായിരുന്നു സമരക്കാരുടെ പക്ഷം.
ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുന്നതുവരെ സര്‍വേ അനുവദിക്കില്ലെന്നു നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന്, പൊലിസ് നാട്ടുകാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ഒരുങ്ങിയെങ്കിലും മുകളില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ല. സമരം തുടര്‍ന്നതോടെ ഉച്ചയ്ക്കു രണ്ടോടെ ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി.
കണ്ണൂക്കരയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പി. സുരേഷ് അധ്യക്ഷനായി. പ്രദീപ് ചോമ്പാല, എ.ടി മഹേഷ്, വി.പി ഭാസ്കരന്, പുനത്തില്‍ ദേവദാസ്, പി.കെ കുഞ്ഞിരാമന്, പി.കെ നാണു, പി. പ്രകാശ്കുമാര്, കെ.പി അഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."