വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; രാജ്യം വിടുന്നതിന് മുമ്പ് ഈ അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണേ
വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; രാജ്യം വിടുന്നതിന് മുമ്പ് ഈ അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണേ
ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം പി.ജി, പി.എച്ച്.ഡി മറ്റ് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ വിദേശത്ത് ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്. ലോകോത്തര നിലവാരമുള്ള കോളജുകളില്‍ പഠിക്കാമെന്നതോടൊപ്പം ഉയര്‍ന്ന വരുമാനമുള്ള ജോലി നേടാമെന്നതും മലയാളി വിദ്യാര്‍ഥികളെ വിദേശത്തേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. യൂറോപ്പ്, വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവക്ക് പുറമെ ജപ്പാന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും ആഗോള വിദ്യാഭ്യാസ ഹബ്ബുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. വിദേശത്ത് കോളജുകളില്‍ അഡ്മിഷന്‍ എടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ പരിശോധിച്ച് നിങ്ങളുടെ ഡയറിയില്‍ എഴുതി വെച്ചോളൂ.
യൂണിവേഴ്‌സിറ്റി
ഏത് കോളജിലാണോ നിങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നത് അതിനെ കുറിച്ച് കൃത്യമായ ധാരണ നിങ്ങള്‍ക്കുണ്ടാവേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന വിഷയങ്ങള്‍ക്ക് അനുസരിച്ച് കോളജുകള്‍ തെരഞ്ഞെടുക്കുക. പല രാജ്യങ്ങളിലെയും വിവിധ യൂണിവേഴ്‌സിറ്റികള്‍ വ്യത്യസ്ത തരം കോഴ്‌സുകള്‍ക്ക് പേര് കേട്ടതായിരിക്കും. അതോടൊപ്പം ട്യൂഷന്‍ ഫീസ്, ജീവിതച്ചലെവ്, ജോലി സാധ്യതകള്‍, സുരക്ഷ എന്നിവയെക്കുറിച്ചെല്ലാം മനസിലാക്കിയിരിക്കണം. സാധാരണയായി യു.കെ, യു.എസ്.എ, ക്യാനഡ, ഓസ്‌ട്രേലിയ എന്നവയാണ് മലയാളികള്‍ക്കിടയില്‍ സുപരിചിതമായ സ്ഥലങ്ങള്‍. എന്നാല്‍ ജപ്പാന്‍, ചൈന, ന്യൂസിലാന്റ്, കൊറിയ എന്നിവക്ക് പുറമെ മിഡില്‍ ഈസ്റ്റിലെ അറബ് രാജ്യങ്ങളും പഠനത്തിന് മികച്ചൊരു ഓപ്ഷന്‍ തന്നെയാണ്.
അപേക്ഷിക്കാനുള്ള യോഗ്യത
ഓരോ രാജ്യത്തെയും നിയമങ്ങള്‍ വ്യത്യസ്തമാണ്. അതിനനുസരിച്ച് അവിടങ്ങളിലെ സര്‍വകലാശാലകളും വ്യത്യസ്ത നടപടിക്രമങ്ങളാണ് പിന്തുടരുന്നത്. മിക്ക യൂണിവേഴ്‌സിറ്റികളും അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍, ഇംഗ്ലീഷ് പരിജ്ഞാനം, എഴുതാനും വായിക്കാനുമുള്ള കഴിവ് എന്നീ കാര്യങ്ങള്‍ പരിശോധിച്ചാണ് അഡ്മിഷന്‍ നല്‍കുന്നത്. മിക്ക സ്ഥലങ്ങളിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് സ്റ്റുഡന്റ് വിസ അനുവദിക്കൂ.
ജോലി
ഒരു രാജ്യത്ത് ജീവിക്കാനുള്ള അനുമതി ലഭിച്ചു എന്നത് അവിടെ മുഴുവന്‍ സമയവും ജോലിയെടുക്കാനുള്ള സമ്മതമായി തെറ്റിദ്ധരിക്കരുത്. മിക്ക രാജ്യങ്ങളും സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് തൊഴില്‍ സമയങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ അവര്‍ നിര്‍ണയിക്കുന്ന നിശ്ചിത മണിക്കൂറുകള്‍ മാത്രമേ നിങ്ങള്‍ക്ക് ജോലിയെടുക്കാന്‍ സാധിക്കൂ. ഉദാഹരണത്തിന് ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ സമയത്ത് രണ്ട് ആഴ്ച്ചയില്‍ 40 മണിക്കൂര്‍ ജോലിയെടുക്കാനുള്ള അനുമതിയാണുള്ളത്. വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് കൃത്യ സമയത്ത് തീര്‍ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഈ വിദ്യ. അതോടൊപ്പം മിക്ക രാജ്യങ്ങളിലും നിങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ജോലിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
ബഡ്ജറ്റ്
മറ്റൊരു രാജ്യത്തേക്ക് കടക്കുന്നതിന് മുമ്പ് നിങ്ങളുടെ പക്കല്‍ ആവശ്യമായ തുക സേവിങ്‌സായി ഉണ്ടെന്ന് ഉറപ്പ് വരുത്തണം. മിക്ക രാജ്യങ്ങളിലും നിശ്ചിത തുക ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. വിസക്കനുസരിച്ച് ഈ തുകയില്‍ വ്യത്യാസമുണ്ടാകാം. വിസ നടപടികളുടെ ആദ്യഘടത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. കൂടാതെ ദൈനംദിന ചെലവുകളും ഇന്‍ഷുറന്‍സ് തുകകളും നമ്മുടെ രാജ്യത്തേക്കാള്‍ കൂടുതലാണ് പല യൂറോപ്യന്‍ രാജ്യങ്ങളിലും. മാത്രമല്ല ചില സന്ദര്‍ഭങ്ങളില്‍ സമയത്തിന് ജോലി കണ്ടെത്താന്‍ സാധിക്കാതെ നിങ്ങള്‍ക്ക് വിദേശത്ത് കഴിയേണ്ടിയും വന്നേക്കാം.
വിസ
വിദേശത്തേക്ക് കടക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യമാണ് വിസ. പോവാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ വിസ നടപടി ക്രമങ്ങളെ കുറിച്ച് ധാരണ ആദ്യമേ ഉണ്ടാക്കിയെടുക്കണം. ഏതൊക്കെ ഡോക്യുമെന്റുകള്‍ നല്‍കണം, വിസയുടെ തരം ഏതാണ്, കാലാവധി എത്രയാണ്, സര്‍ക്കാര്‍ അംഗീകൃതമാണോ എന്നതിനെക്കുറിച്ചൊക്കെ ധാരണ ഉണ്ടാവല്‍ അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."