ടാങ്ക് നിറഞ്ഞു; ആയഞ്ചേരി മത്സ്യമാര്‍ക്കറ്റിലെ മലിനജലം റോഡിലേക്കൊഴുകുന്നു
ആയഞ്ചേരി: മത്സ്യമാര്‍ക്കറ്റിലെ മലിനജല സംഭരണി നിറഞ്ഞു പുറത്തേക്കൊഴുകുന്നതു മാര്‍ക്കറ്റിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. മലിനജലം പരന്നൊഴുകുന്നതിനാല്‍ ചളിയും ദുര്‍ഗന്ധവുമാണ് മാര്ക്കറ്റിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.
മാസങ്ങളായി ഇതു തുടര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. മലിനജലം ഒഴുക്കാന്‍ മാര്‍ക്കറ്റിനോടു ചേര്‍ന്ന് ടാങ്ക് നിര്‍മിച്ചിരുന്നു. മാര്‍ക്കറ്റിലെ ശുചീകരണത്തിന് ആവശ്യമുള്ള വെള്ളത്തിനായി കിണറുമുണ്ടായിരുന്നു. ടാങ്ക് നിറഞ്ഞതോടെ മലിനജലം കിണറിലേക്കൊഴുകി കിണര്‍ വെള്ളവും മലിനമായി. അതോടെ കിണര്‍ അടച്ചിരിക്കുകയാണ്. ഇതോടെ മാര്‍ക്കറ്റിലെ ആവശ്യങ്ങള്‍ക്കായി പുറത്തു നിന്നാണു വെള്ളം കൊണ്ടുവരുന്നത്.
ടാങ്കില്‍ മാലിന്യവും വെള്ളവും നിറഞ്ഞതോടെയാണ് റോഡിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ക്കും പ്രയാസമുണ്ടാക്കുന്നു. മാലിന്യം പുറത്തേക്കൊഴുകിയതോടെ ഇവിടം കൊതുകുകളുടെ താവളമായി മാറിയിട്ടുണ്ട്. മാര്‍ക്കറ്റിന്റെ പരിസരത്ത് പ്ലാസ്റ്റിക് സഞ്ചികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നതു പതിവായിട്ടുണ്ട്. ടാങ്ക് നിര്‍മാണത്തിലെ അപാകതയാണ് ഈയൊരവസ്ഥയ്ക്കു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്.
ഇവിടെ പുതിയ ടാങ്ക് സ്ഥാപിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകും. എന്നാല്‍ ഇതിനുവേണ്ട നടപടികളൊന്നും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."