തൊഴിലുറപ്പ് പദ്ധതിയുടെ നിറംമങ്ങുന്നുവോ?
ഡോ. എൻ.പി അബ്ദുൽ അസീസ്
ഇന്ത്യയിലെ ദരിദ്രരായഗ്രാമീണവാസികൾക്കുവേണ്ടി യു.പി.എ സർക്കാർ 2005ൽ പ്രാരംഭം കുറിച്ച പദ്ധതിയായിരുന്നു ദേശീയ തൊഴിലുറപ്പ് നിയമം.ഗ്രാമീണമേഖലയിലെ ഓരോ കുടുംബത്തിനും ആവശ്യാധിഷ്ഠിതമായി ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് നൂറുദിവസം വേതനത്തോടെയുള്ള ഉപജീവന സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അക്കാലത്ത് വലിയതോതിൽ അവഗണിക്കപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്തിരുന്ന ഗ്രാമീണ ജനതയുടെ സാമൂഹികനീതി ഉറപ്പാക്കുന്നതിൽ പദ്ധതി വലിയ വിജയമാണ് കൈവരിച്ചത്. ഇന്ത്യയിലെ അർധ അല്ലെങ്കിൽ വൈദഗ്ധ്യമില്ലാത്ത ഗ്രാമീണ ജനതയുടെ വാങ്ങൽശേഷി മെച്ചപ്പെടുത്തുക, അതുവഴി ദരിദ്രരരുടെ ഉപജീവനത്തിനുള്ള വിഭവാടിത്തറ ശക്തിപ്പെടുത്തുക, ഗുണമേന്മയും ഈടുറ്റതുമായ ഉൽപാദനക്ഷമമായ ആസ്തികൾ സൃഷ്ടിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക്, പ്രത്യേകിച്ചും കൊവിഡും കൊവിഡനന്തര കാലഘട്ടത്തിലും, ഒരു ജീവനാഡിയായി പ്രവർത്തിച്ചു.
തൊഴിലുറപ്പ് നിയമം സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ പദ്ധതിയായാണ് കണക്കാക്കുന്നത്. ഇത് താഴേത്തട്ടിലുള്ളതും ജനകേന്ദ്രീകൃതവും ആവശ്യാടിസ്ഥാനമാക്കിയുള്ളതും സ്വയം തിരഞ്ഞെടുക്കുന്നതും അവകാശങ്ങളെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തതുമായ പദ്ധതിയാണ്. നിലവിൽ 15.55 കോടി സജീവ തൊഴിലാളികളാണ് എൻറോൾ ചെയ്തിട്ടുള്ളത്. യു.പി.എ സർക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ നടപടികളിലൊന്നായി ഇതിനെ പരിഗണിക്കുന്നത്. മാനസികമായി എതിർപ്പുണ്ടായിരുന്നെങ്കിലും തുടർന്നുവന്ന മോദി സർക്കാരിനും ഈ പദ്ധതിയുമായി മുന്നോട്ടു പോകേണ്ടിവന്നതും ജനങ്ങളെ സഹായിക്കുന്ന വിജയകരമായ നടപടിയെന്ന നിലയിൽ മാത്രമായിരുന്നു. തൊഴിലുറപ്പിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി തന്നെ പല തവണ വിമർശിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, ഫണ്ടിന്റെ ദൗർലഭ്യം, വൈകിയുള്ള വേതനവും തൊഴിലില്ലായ്മ അലവൻസും സാങ്കേതിക അടിച്ചേൽപ്പിക്കൽ എന്നിവയിലൂടെ പദ്ധതിയെ തകിടംമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നുള്ള വിമർശനവും ഉയർന്നു കേൾക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ് ഫണ്ട് ക്ഷാമം. സംസ്ഥാനങ്ങളിലേക്കുള്ള സുസ്ഥിരവും തുടർച്ചയായതുമായ ഫണ്ട് പ്രവാഹത്തെയാണ് ആശ്രയിച്ചിരിക്കുന്നതാണിത്. മുൻനിര പദ്ധതിയിലേക്കുള്ള ബജറ്റ് വിഹിതം തുടർച്ചയായി വർധിച്ചിട്ടുണ്ട്, എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, യഥാർഥ ചെലവ് ബജറ്റ് ഘട്ടത്തിൽ അനുവദിച്ച തുകയേക്കാൾ എത്രയോ കൂടുതലാണ്. ഉദാഹരണത്തിന്, 2021-22ലെ ബജറ്റിൽ 73,000 കോടി അനുവദിച്ചപ്പോൾ, വർഷ മധ്യത്തിൽ ഫണ്ട് തീർന്നതിനാൽ, പുതുക്കിയ കണക്കിൽ അത് 98,000 കോടിയായി ഉയർത്തേണ്ടിവന്നു. എന്നിട്ടും, 2022-23 ബജറ്റിൽ സർക്കാർ 73,000 കോടി (മുൻവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 25% കുറവ്) മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ അത്രയും തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്നതുപോലെ 100 ദിവസം തൊഴിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 2.72 ലക്ഷം കോടിയെങ്കിലും വകയിരുത്തണമായിരുന്നു. എന്നാൽ 2023-24ലെ ബജറ്റിൽ 60,000 കോടിയായി കുറക്കുകയാണ് ചെയ്തത്. ഇത് കഴിഞ്ഞ ബജറ്റ് എസ്റ്റിമേറ്റുകളേക്കാൾ 18% കുറവാണ്. 60,000 കോടിയുടെ 58 ശതമാനവും സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ഉപയോഗിച്ചു കഴിഞ്ഞു. ഇത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വലിയ വിള്ളൽ സംഭവിച്ചേക്കും.
മാത്രവുമല്ല, തൊഴിലുറപ്പ് പദ്ധതിയുടെ വേതന ഇനത്തിൽ സംസ്ഥാനങ്ങൾക്ക് 6,366 കോടിയും മെറ്റീരിയൽ ഇനത്തിൽ 6266 കോടിയും നൽകാനുണ്ടെന്ന് ഗ്രാമവികസന മന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് പാർലമെന്റിനെ അറിയിച്ചത്. ഇതിൽ 2,770 കോടി വേതന ഇനത്തിലും 2813 കോടി മെറ്റീരിയൽ ഇനത്തിലും പശ്ചിമ ബംഗാളിന് മാത്രമായി നൽകാനുണ്ട്. ബംഗാൾ കഴിഞ്ഞാൽ, പിന്നീട് നൽകാനുള്ളത് രാജസ്ഥാനിനും (979 കോടി) ബിഹാറിനിനുമാണ്(669 കോടി). മൊത്തം 18 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേതന ഇനത്തിൽ നൽകാനുണ്ട്. ഈ ജനക്ഷേമപദ്ധതി ഇല്ലാതാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണിത്.
തൊഴിലുറപ്പ് നിയമത്തിനു പിന്നിൽ ഒരുപാട് സമരങ്ങളുടെയും പ്രതീക്ഷകളുടെയും കഥയുണ്ട്. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണിത്. അത് ഏതു സമയത്തും നിർത്തലാക്കാൻ പറ്റുന്ന കേവലമൊരു പരിപാടിയോ പ്രചാരണമോ അല്ല. അധികാരത്തിലിരിക്കുന്ന ഗവൺമെന്റിന്റെ മാനസികാവസ്ഥക്കനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചുകൂടാത്തതും നിയമത്തിന് വിധേയമായതുമായ പദ്ധതിയാണിത്. ഏതൊരു അപേക്ഷക കുടുംബത്തിനും ഒരു വർഷത്തിൽ 100 ദിവസത്തെ ജോലി ഉറപ്പാക്കാൻ സർക്കാർ നിർബന്ധിതമാണ്. സർക്കാർ പരാജയപ്പെടുകയോ നിരസിക്കുകയോ ചെയ്താൽ ഗ്രാമീണ തൊഴിലാളിക്ക് കോടതിയുടെ വാതിലുകളിൽ മുട്ടാം. ജോലിയുടെ അഭാവത്തിൽ, സമയബന്ധിതമായി തൊഴിലില്ലായ്മ വേതനം നൽകാനും സർക്കാർ ബാധ്യസ്ഥരാണ്. പതിനഞ്ച് ദിവസത്തിനകം തൊഴിലുറപ്പാക്കാത്തപക്ഷം തൊഴിൽ രഹിത വേതനം ആദ്യത്തെ മുപ്പത് ദിവസത്തേക്ക് കുറഞ്ഞ കൂലിയുടെ നാലിൽ ഒരു ഭാഗവും അതിനുശേഷം രണ്ടിലൊരുഭാഗവും വേതനമായി നൽകേണ്ടതാണ്. എന്നാൽ ഈ പദ്ധതിക്ക് കീഴിൽ ജോലി അന്വേഷിക്കുന്ന എല്ലാ കുടുംബങ്ങൾക്കും തൊഴിലും തൊഴിലില്ലായ്മ അലവൻസും നൽകുന്നതിൽ സർക്കാരുകൾ വളരെ പിന്നിലാണ്.
ജോലി കണ്ടെത്തുന്നവർക്ക് വാഗ്ദാനം ചെയ്യുന്ന കൂലിയോ പല സംസ്ഥാനങ്ങളിലും (പുതുക്കിയ നിരക്കിലും) മിനിമം വേതനത്തേക്കാൾ താഴെയാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം കൂലിനിരക്കുള്ള കേരളത്തിനും ആനുപാതിക വർധനവുണ്ടായിട്ടില്ല. വിലക്കയറ്റവും ഉപഭോക്തൃ വിലസൂചികയും പരിഗണിക്കാതെയുള്ള വർധന തൊഴിലാളിവിരുദ്ധ നിലപാടിനെയാണ് വ്യക്തമാക്കുന്നത്. കൂലിവർധനയിൽ ഹരിയാനയ്ക്കാണ് മുന്തിയ പരിഗണന. കേരളത്തിൽ നിലവിലുള്ള 311നിന്ന് 333 രൂപയായി മാത്രമാണ് വർധിപ്പിച്ചത്. എന്നാൽ ഹരിയാനയിൽ 357 രൂപയാണ് പുതുക്കിയ നിരക്ക്. കർഷകത്തൊഴിലാളികളുടെ മിനിമം കൂലിയാണ് തൊഴിലുറപ്പു പദ്ധതിയിൽ നിയമപ്രകാരം നൽകേണ്ടത്. കേരളത്തിൽ ഇത് 727 രൂപയും ഹരിയാനയിൽ 395 രൂപയും ഗുജറാത്തിൽ 220 രൂപയുമാണ് നിലവിലെ മിനിമംകൂലി. എന്നാൽ കർഷകത്തൊഴിലാളികൾക്ക് ഏറ്റവും താഴ്ന്ന മിനിമംകൂലിയുള്ള ഗുജറാത്തിൽ തൊഴിലുറപ്പു കൂലി 256 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു. കൂലിവർധനയിൽ വിലക്കയറ്റവും ഉപഭോക്തൃ സൂചികയും പരിഗണിക്കണമെന്ന തൊഴിലുറപ്പു നിയമവ്യവസ്ഥയെയാണ് കേന്ദ്രസർക്കാർ അവഗണിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റൊരു ആശങ്ക കഴിഞ്ഞ രണ്ടു വർഷമായി രജിസ്റ്റർ ചെയ്ത ഒരുപാട് തൊഴിലാളികളുടെ പേരുകൾ പല കാരണങ്ങളാൽ നീക്കം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ്. ഈ വർഷം (2022-23ൽ), ജോലി ചെയ്യാൻ തയാറാകാത്തത് മുതൽ വ്യാജ ജോബ് കാർഡുകൾ വരെയുള്ള വിവിധ കാരണങ്ങളാൽ രജിസ്റ്റർ ചെയ്ത 5.13 കോടി തൊഴിലാളികളെയാണ് നീക്കം ചെയ്തിട്ടുള്ളത്. പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കാർഡുകൾ ഇല്ലാതാക്കിയത്. അഴിമതി തുടച്ചുനീക്കാനുള്ള പതിവ് നടപടിയാണിതെന്നതാണ് സർക്കാർ അവകാശപ്പെടുന്നത്. ഓരോ ഗ്രാമത്തിലും, ആധാറും ജോബ് കാർഡ് വിശദാംശങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് ഇതിനൊരു പ്രധാന കാരണം. മറ്റൊന്ന് ജോലി ചെയ്യാൻ തയാറല്ല എന്നതുമാണ്. എന്നാൽ ഒരു ഉദ്യോഗസ്ഥനും തന്റെ അനുമതി തേടുകയോ ജോലിയിൽ തുടരണോ വേണ്ടയോ എന്ന് സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് നീക്കം ചെയ്യപ്പെട്ട പല തൊഴിലാളികളും കുറ്റപ്പെടുത്തുന്നു. ഗുണഭോക്താവിന്റെ കാർഡ് ഇല്ലാതാക്കിയാൽ, അയാൾക്ക് പുതിയതൊന്ന് അപേക്ഷിക്കാൻ കഴിയില്ല, കൂടാതെ, ഇല്ലാതാക്കിയ കാർഡുകൾ പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയ സങ്കീർണവുമാണ്.
തൊഴിലുറപ്പ് പദ്ധതിയുടെയും സർക്കാരിന്റെയും പ്രശ്‌നം ഫണ്ട് മാത്രമല്ല. പദ്ധതിയോടുള്ള മനോഭാവവും സമീപനവും വളരെ പ്രധാനമാണ്. 2015 ഏപ്രിലിൽ, അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ, പാർലമെന്റിൽവച്ച് പദ്ധതിയുടെ പ്രാധാന്യം ഇല്ലാതാക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ പ്രധാനമന്ത്രി നടത്തുകയുണ്ടായി. യു.പി.എ സർക്കാരിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമായി ഇതിനെ ചിത്രീകരിച്ചു. കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് ഉപജീവനമാർഗം നൽകുന്ന നിയമത്തെക്കുറിച്ചുള്ള ഈ പ്രസ്താവന ഗുരുതരമായ ആശങ്കകളാണ് അന്നുതന്നെ ഉയർന്നുവന്നത്.
തൊഴിലുറപ്പ് പദ്ധതി ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ്. എണ്ണമറ്റ കുടുംബങ്ങളെ സാമ്പത്തികമായി താങ്ങിനിർത്തിയ വിപ്ലവകരമായ നയം. ഫലപ്രദമായി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയ്ക്ക് വിരുദ്ധമായി തുകകൾ വെട്ടിക്കുറച്ചും അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിച്ചും തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഗ്രാമീണ ജീവിത പ്രതിസന്ധിയുടെയും ഉയരുന്ന തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തിൽ, വിഹിതം കൂട്ടി പദ്ധതി വിപുലമാക്കാനായിരുന്നു സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. ഇത്രയും വലിയ വ്യാപ്തിയുള്ള ഒരു പദ്ധതിയുടെ ബജറ്റ് വിഹിതം കൂടുതൽ പ്രായോഗികമായ രീതിയിൽ നടത്തി, അതുവഴി വർഷമധ്യത്തിൽ ഫണ്ടുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കുകയും വേതനം, മെറ്റീരിയൽ വിഹിതം മുതലായവ നൽകുന്നതിനുള്ള ഫണ്ടുകളുടെ ഒഴുക്ക് തടസ്സമില്ലാതെ നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പത്തിൽ നാൽപത് ശതമാനവും കൈയടക്കി വെച്ചിരിക്കുന്ന അതിസമ്പന്നർക്കുമേൽ കൂടുതൽ നികുതി ചുമത്തുകയും ഇങ്ങനെ ശേഖരിക്കുന്ന വിഭവങ്ങൾ പാവങ്ങളെ സഹായിക്കുന്ന തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളിൽ വിനിയോഗിക്കുകയുമാണ് ചെയ്യേണ്ടത്.
(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി
സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ്
പ്രൊഫസറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."