തെരഞ്ഞെടുപ്പ് കമ്മിഷൻ ബിൽ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തെ
ഡോ.അരുൺ കരിപ്പാൽ
തെരഞ്ഞെടുപ്പ് കമ്മിഷൻപോലുള്ള ഭരണഘടനാസ്ഥാപനങ്ങളിലൂടെയാണ് ഭരണഘടനാ നിർമാണസമിതി ഇന്ത്യയിൽ ജനാധിപത്യത്തിന് ശക്തമായ അടിത്തറയിട്ടത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, വോട്ടിങ് പങ്കാളിത്തം ഗണ്യമായി വർധിച്ചുവെന്നും ജനങ്ങൾക്ക് തെരഞ്ഞെടുപ്പുകളിൽ വിശ്വാസമുണ്ടെന്നും സൂചിപ്പിക്കുന്നു. അതേസമയം, പാർലമെൻ്ററി ജനാധിപത്യത്തിൽ നിർണായക പങ്കുള്ള രാഷ്ട്രീയപാർട്ടികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്.
പല ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത പ്രതിസന്ധിയിലായപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ വിശ്വാസ്യത നേടിയിട്ടുണ്ട്. 1950 ജനുവരി 25ന് സ്ഥാപിതമായതുമുതൽ കമ്മിഷൻ്റെ ഘടനയും ഇടപെടലുകളും നീതിയുക്തമായിരുന്നു. എന്നാൽ കമ്മിഷന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന, ജനാധിപത്യത്തെ കൂടുതൽ അപകടത്തിലാക്കാൻ പോകുന്ന നിർണായക ഇടപെടൽ കേന്ദ്രഭരണത്തിൽനിന്ന് ഉണ്ടായിരിക്കുകയാണ്. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഓഗസ്റ്റ് 10ന് രാജ്യസഭയിൽ അവതരിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും(നിയമനം, സേവന വ്യവസ്ഥകളും ഓഫിസ് കാലാവധിയും) ബിൽ, വലിയ വെല്ലുവിളിയാണ് ജനാധിപത്യ ഇന്ത്യയോട് ഉയർത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് പുറത്തുവിട്ട രേഖപ്രകാരം പ്രധാനമായും മൂന്ന് മാറ്റങ്ങൾ നിയമമന്ത്രി അവതരിപ്പിച്ച ബില്ലിലുണ്ട്. ഒന്ന്, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്രത്തിന്റെ ബിൽ ശ്രമിക്കുന്നു. രണ്ട്, സെലക്ഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് സെർച്ച് കമ്മിറ്റി അഞ്ച് പേരടങ്ങുന്ന പാനൽ തയാറാക്കും. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സെർച്ച് കമ്മിറ്റി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവും അനുഭവപരിചയവുമുള്ള കേന്ദ്ര സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത മറ്റ് രണ്ട് അംഗങ്ങളും ഇതിലുണ്ടാകും. ഇൗ പാനലിൽ ഉൾപ്പെടാത്ത വ്യക്തികളെയും സെലക്ഷൻ കമ്മിറ്റിക്ക് പരിഗണിക്കാം. മൂന്ന്, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ ശമ്പളം, അലവൻസ്, സേവന വ്യവസ്ഥകൾ എന്നിവ കാബിനറ്റ് സെക്രട്ടറിയുടേതിന് തുല്യമായിരിക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും (നിയമനം, സേവന വ്യവസ്ഥകളും കാലാവധിയും) ബിൽ-2023, 1991ലെ തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ സേവന വ്യവസ്ഥകളും ബിസിനസ് ഇടപാടുകളുമെന്ന നിയമം റദ്ദാക്കുന്നു. ബില്ലിലെ അപകടമുണ്ടാക്കുന്ന വ്യവസ്ഥ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിൽ സർക്കാരിന് ഏകപക്ഷീയ ഇടപെടലിന് സ്ഥാനം ലഭിക്കുന്നു എന്നതാണ്.
ആശയവും വഴിയും
ഇന്ത്യ ജനാധിപത്യത്തിലേക്ക് മിഴിതുറക്കുമ്പോൾ തെരഞ്ഞെടുപ്പ് ആര് നടത്തണമെന്ന കാര്യത്തിൽ കൃത്യമായ ചർച്ചകൾ ഭരണഘടനാ നിർമാണസമിതി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വേണമോ എന്ന കാര്യത്തിൽ വിശദ ചർച്ച നടന്നു. ആ സമയത് ഡോ. ബി.ആർ അംബേദ്‌കർ അഭിപ്രായപ്പെട്ടത് കേന്ദ്രീകൃത തെരഞ്ഞെടുപ്പ് സംവിധാനമാണ്. എക്സിക്യൂട്ടീവ് അതോറിറ്റിയുടെ കൈകളിൽ തെരഞ്ഞെടുപ്പിനുള്ള അധികാരം കൈവന്നാൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് അപ്രാപ്യമാവുമെന്ന് മനസിലാക്കിയാണ് മൗലികാവകാശ കമ്മിറ്റി നിഷ്പക്ഷമായി പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ആശയത്തിലെക്ക് എത്തിച്ചേരുന്നത്.
ആർട്ടിക്കിൾ 324 പ്രകാരം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽവന്നു. കമ്മിഷനെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാക്കുകയും ചെയ്തു. തുടക്കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമായിരുന്നെങ്കിലും 1993ൽ മൂന്നംഗങ്ങളായി മാറി. കേന്ദ്രസർക്കാർ നിർദേശിക്കുന്നവരെ നിയമിക്കുകയെന്ന കർത്തവ്യം മാത്രമാണ് രാഷ്ട്രപതിക്കുള്ളത്. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ഭരണകൂടത്തോട് പ്രത്യേക മമതയില്ലാത്തവർ കമ്മിഷനിൽ വരേണ്ടതുണ്ടെന്ന് 1970കളിൽ അഭിപ്രായം ഉയർന്നിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ പരിഷ്കരണത്തിന് നിയോഗിക്കപ്പെട്ട തർകുണ്ഡെ കമ്മിറ്റി (1975), പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഒരു സെലക്ഷൻ കമ്മിറ്റിയുടെ നിർദേശത്തിലായിരിക്കണം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്ന ആശയം മുന്നോട്ടുവച്ചു. സമാന നിർദേശം തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കുവേണ്ടിയുള്ള സർവകക്ഷി ഗോസ്വാമി കമ്മിറ്റി (1990 ) സമർപ്പിച്ചെങ്കിലും നടപ്പായില്ല.
2015ൽ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിച്ച നടപടിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് അനൂപ് ബരൻവാൾ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. 2018 ഒക്ടോബറിൽ, സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് അഞ്ചംഗ ബെഞ്ചിലേക്ക് റഫർ ചെയ്‌തു. 2023 മാർച്ചിൽ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ തെരഞ്ഞെടുക്കണമെന്ന് കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. ഇത് സംബന്ധിച്ച നിയമനിർമാണ വേളയിലാണ് ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കാബിനറ്റ് മന്ത്രി അടങ്ങിയ സെലക്ഷൻ കമ്മിറ്റി എന്ന രീതിയിൽ കേന്ദ്രസർക്കാർ ബിൽ കൊണ്ടുവരുന്നത്.
കൂട്ടിലടയ്ക്കപ്പെട്ട
തത്തയാകുമോ കമ്മിഷൻ
ബില്ലിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനെക്കൂടി വരുതിയിലാക്കുക എന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. സുപ്രിംകോടതി നിർദേശിച്ച രീതിയിലുള്ള സെലക്ഷൻ കമ്മിറ്റിയായിരുന്നു രൂപം നൽകേണ്ടിയിരുന്നത്. തീർത്തും വിഭിന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറി ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റി നൽകുന്ന ലിസ്റ്റിൽപ്പെടാത്തയാളെ സെലക്ഷൻ കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണർമാരായി നിയമിക്കാമെന്ന ചട്ടവും സ്വതന്ത്ര തെരഞ്ഞെടുപ്പ് എന്ന മഹത്തായ പ്രക്രിയക്ക് ഗുണകരമല്ല. ഭരണകൂട താൽപര്യമുള്ളവരെ തെരഞ്ഞെടുക്കാനുള്ള വ്യവസ്ഥയായി ഇത് മാറാം.
ഏഴു പതിറ്റാണ്ടു മുൻപ് ഭരണഘടനാ നിർമാണസമിതി എക്സിക്യൂട്ടീവിൽനിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വതന്ത്രമാക്കാൻ ശ്രമിച്ചെങ്കിൽ ഇന്ന് അതിനു വിപരീതം നടപ്പാക്കുകയാണ് ബില്ലിലൂടെ.
2024 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെയുടെ കാലാവധി പൂർത്തിയാകും. പൊതു തെരഞ്ഞെടുപ്പ് വരുന്നതിനു മുമ്പ് പുതിയ അംഗത്തെ തെരഞ്ഞെടുക്കണം. നിർണായകമായ ഇൗ തെരഞ്ഞെടുപ്പിൽ പുതിയ നിയമപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയിലൂടെ അവർക്കിഷ്ടമുള്ളവരെ നിയമിക്കാനുള്ള അവസരം രൂപപ്പെടുക എന്നത് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
ബില്ലിന്റെ ഭാവി
2023 ലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് കമ്മിഷണർമാരും (നിയമനം, സേവന വ്യവസ്ഥകളും ഓഫിസ് കാലാവധിയും) ബിൽ നിയമമാവാൻ ലോക്സഭയിൽകൂടി പാസായി, രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പ്രതിപക്ഷം എതിർത്തെങ്കിലും ഭരണപക്ഷം രാജ്യസഭയിൽ ബിൽ പാസാക്കി. ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസായി രാഷ്ട്രപതിയുടെ മുന്നിലെത്താൻ കേന്ദ്രം പ്രയാസപ്പെടേണ്ടിവരില്ല. ഇതോടെ ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിനായിരിക്കും ഭീഷണി ഉയരുക. പുതിയ നിയമം പ്രാബല്യത്തിൽ വന്നില്ലെങ്കിൽ മാർച്ചിലെ സുപ്രിംകോടതി വിധി പ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിക്ക് മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ സാധിക്കു.
കേന്ദ്രസർക്കാർ ബിൽ പാസാക്കിയാൽ നിയമയുദ്ധത്തിന് വഴിയൊരുങ്ങും. ഭരണഘടനാ സാധുത പരിശോധിച്ച് പരമോന്നത നീതിപീഠം ഇത് റദ്ദാക്കുകയോ അംഗീകരിക്കുകയോ ചെയ്യാം. നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ ഭേദഗതി അസാധുവാക്കിയതുപോലെ കോടതി നിയമം അസാധുവാക്കാനാണ് സാധ്യത. പക്ഷേ എല്ലാ കാര്യത്തിനും പരമോന്നത കോടതിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ എന്നത് ഗുണകരമായ കാര്യമല്ല.
(തൃശൂർ ശ്രീ കേരളവർമ കോളജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ് ലേഖകൻ)
Content Highlights: Today's Article in aug 20 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."