മണിപ്പൂര്‍ കലാപം: സി.ബി.ഐ കേസുകള്‍ അസമിലേക്ക് മാറ്റി സുപ്രിംകോടതി
മണിപ്പൂര്‍ കലാപം: സി.ബി.ഐ കേസുകള്‍ അസമിലേക്ക് മാറ്റി സുപ്രിംകോടതി
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ നടപടികള്‍ സുപ്രിംകോടതി അസമിലേക്ക് മാറ്റി. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. കലാപബാധിതരുടെ മൊഴി രേഖപ്പെടുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
സി.ബി.ഐ അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ തീരുമാനം. പ്രത്യേക വിഭാഗങ്ങളില്‍പെട്ട മണിപ്പൂരിലെ ജഡ്ജിമാര്‍ കേസുകള്‍ പരിഗണിക്കുന്നത് പിന്നീട് പക്ഷപാത ആരോപണങ്ങള്‍ക്ക് കാരണമാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
മണിപ്പുരിലെ ഗോത്ര വിഭാഗത്തിന്റെ ഭാഷ അറിയാവുന്ന മജിസ്‌ട്രേറ്റുമാരെ വിചാരണാക്കോടതി ജഡ്ജിമാരായി തെരഞ്ഞെടുക്കാനാണ് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒന്നിലധികം വിചാരണക്കോടതി ജഡ്ജിമാരെ ചുമതലപ്പെടുത്താനും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു.
വാറന്റ് അയക്കല്‍, കസ്റ്റഡി കാലാവധി നീട്ടല്‍, മൊഴികള്‍ രേഖപ്പെടുത്തല്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട വിവിധ നടപടികളാണ് വിചാരണാക്കോടതി ജഡ്ജി ഇപ്പോള്‍ ചെയ്യേണ്ടത്.
മണിപ്പൂര്‍ കലാപത്തിനിടെ ഏഴുവയസുകാരനെയും അമ്മയേയും ബന്ധുവിനെയും ആംബുലന്‍സില്‍ ചുട്ടുകൊന്ന കേസ് അടക്കം 21 കേസുകളാണ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."