ഷാര്‍ജ പരിസ്ഥിതി അതോറിറ്റി 65 'സാന്‍ഡ്ഫിഷ് ലിസാര്‍ഡ്‌സി'നെ കണ്ടെത്തി
ഷാര്‍ജ: ഷാര്‍ജ പരിസ്ഥിതി സംരക്ഷണ മേഖലാ അഥോറിറ്റി (ഇപിഎഎ) 65 'സാന്‍ഡ് ഫിഷ് ലിസാര്‍ഡ്‌സി'നെ കണ്ടെത്തി സംരക്ഷിച്ചു.
ഖോര്‍ഫക്കാന്‍ റോഡിന് സമീപത്തെ അല്‍ ബതൈ പ്രദേശത്താണ് ഈ അപൂര്‍വ ജീവികളെ കണ്ടെത്തിയത്. വന്യ പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു ഇവയെന്ന് ഇപിഎഎ സ്ഥിരീകരിച്ചു. മരുഭൂമിയില്‍ വസിക്കുന്ന ഇവ പ്രജനനവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വ്യാപകമായി പുറത്തു വന്നിരിക്കുന്നത്. ഇവയ്ക്ക് പ്രജനനതിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങള്‍ ഇപിഎഎ നല്‍കും.
അതിനിടെ, പക്ഷികളെ ആകര്‍ഷിക്കാനും അവയെ വേട്ടയാടാനും ഉപയോഗിക്കുന്ന 755 പക്ഷി ശബ്ദ ഉപകരണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഉപകരണം ഈ വര്‍ഷാദ്യം അഥോറിറ്റി കണ്ടെത്തിയിരുന്നു. ഇത് കൈവശം വെച്ച വ്യക്തിയില്‍ നിന്നും 10 ദേശാടന പക്ഷികളെയും രക്ഷപ്പെടുത്തി. 2023ലെ ദേശാടന പക്ഷി സീസണിലെ നാല് നിയമ ലംഘനങ്ങള്‍ക്ക് അഥോറിറ്റി 40,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു.
പക്ഷികളെ ആകര്‍ഷിക്കാന്‍ വേട്ടക്കാര്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത് നിയമ വിരുദ്ധമാണ്. പക്ഷികളെ പിടിക്കാന്‍ വല വിരിക്കുന്നതും, പരുന്തുകള്‍ പോലെയുള്ള ഇര പിടിയന്‍ പക്ഷികളെ ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണ്.
കാട്ടുമൃഗങ്ങളെയും ദേശാടന പക്ഷികളെയും വേട്ടയാടുന്നത് ഷാര്‍ജ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ട്. കാട്ടുപക്ഷികളുടെ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങളുടെ വ്യാപാരം, വില്‍പന, കൈവശം വെക്കല്‍, ഉപയോഗിക്കല്‍, ഇറക്കുമതി എന്നിവ മറ്റൊരു ഉത്തരവിലൂടെ നിരോധിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."