ഇമിഗ്രേഷനിലെ തിരക്കില്‍ പെട്ട് വലയേണ്ട;ഇ-ഗേറ്റ് സേവനം ഉപയോഗപ്പെടുത്താം
ദോഹ: യാത്രക്കാര്‍ക്ക് തിരക്ക് ഒഴിവാക്കി പെട്ടെന്ന് പുറത്തു കടക്കാനായി ഇ-ഗേറ്റ് സൗകര്യം തയ്യാറാക്കി ഹമദ് വിമാനത്താവളം അധികൃതര്‍. വേനല്‍ അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നവരുടെ തിരക്ക് രൂക്ഷമായ സാഹചര്യത്തിലാണ് എളുപ്പത്തില്‍ പുറത്തേക്ക് എത്താനുളള മാര്‍ഗനിര്‍ദേശങ്ങളുമായി ദോഹയിലെ ഹമദ് വിമാനത്താവളം അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.18 വയസിന് മുകളില്‍ പ്രായമുളള യാത്രക്കാര്‍ക്കാണ് ഇമിഗ്രേഷനിലെ നീണ്ട ക്യൂ ഒഴിവാക്കി അറൈവല്‍ ഗേറ്റിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുളള ഇ-ഗേറ്റ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. ഇവിടേക്ക് വലിയ വലുപ്പമുളള ലഗേജുകളും അല്ലെങ്കില്‍ ക്രമരഹിതമായ ആകൃതിയിലുളള ചെക്ക്-ഇന്‍ ലഗേജുകളുമൊക്കെ പ്രേത്യേകമായ ബാഗേജ് റിക്ലെയിം ബെല്‍റ്റുകളിലായിരിക്കും എത്തുക.
യാത്രക്കാര്‍ക്ക് വീടുകളിലേക്ക് എത്താന്‍ ബസുകളും ടാക്‌സികളും സുലഭമാണ്. അറൈവല്‍ ഹാളിന്റെ വശങ്ങളിലായാണ് ബസ്, ടാക്‌സി പവിലിയനുകള്‍. ബസുകളോ അംഗീകൃത ടാക്‌സികളോ ഉപയോഗിക്കുന്നതാകും സുരക്ഷിതമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.അറൈവല്‍ ടെര്‍മിനലില്‍ നിന്ന് അല്‍പം നടന്നാല്‍ മെട്രോ സ്‌റ്റേഷനിലേക്ക് എത്താം. ഓരോ 3 മിനിറ്റിലും നഗരത്തിലേക്ക് മെട്രോ സര്‍വീസുണ്ട്. യാത്രക്കാരെ സ്വീകരിക്കാന്‍ ഹ്രസ്വകാല കാര്‍ പാര്‍ക്കിങ് ഉപയോഗിക്കാം. കാര്‍ റന്റല്‍, ലിമോസിന്‍ സേവനങ്ങള്‍ അറൈവല്‍ ഹാളിനോട് ചേര്‍ന്നുണ്ട്.
വോലറ്റ് സര്‍വീസ് ഉപയോഗിക്കുന്ന യാത്രക്കാരാണെങ്കില്‍ ഡിപ്പാര്‍ച്ചര്‍ കവാടത്തിന് മുന്‍പില്‍ അവരെ കാത്ത് വാഹനമുണ്ടാകും. യാത്രക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ 24 മണിക്കൂറും എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഉണ്ടാകും.
Content Highlights:hamad international airport reminds passengers to use egate facility
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."