HOME
DETAILS

ജസ്റ്റിസ് എസ്. മുരളീധർ: കൊളീജിയം നഷ്ടപ്പെടുത്തിയ പ്രതിഭ

  
backup
August 25 2023 | 18:08 PM

todays-article-in-aug-2023

പി.ബി ജിജീഷ്

എന്തുകൊണ്ടാണ് ജസ്റ്റിസ് എസ്. മുരളീധർ സുപ്രിംകോടതിയിൽ എത്താതെ പോയത്?' പ്രമുഖ നിയമജ്ഞൻ ഫലി എസ്. നരിമാൻ, മുൻ സുപ്രിംകോടതി ജഡ്ജി മദൻ ബി. ലോക്കൂർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവർ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ഒരു ലേഖനത്തിലൂടെ സുപ്രിംകോടതി കൊളീജിയത്തോട് ഉന്നയിച്ച ചോദ്യമാണിത്. സമകാലിക ഇന്ത്യയിലെ നിയമ-നീതിന്യായ വ്യവസ്ഥിതിയെ നിരീക്ഷിക്കുന്ന ഏതൊരാളുടെയും മനസിൽ ന്യായമായും ഉടലെടുക്കാവുന്ന ചോദ്യം. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ധീരനും ആർക്കും സംശയിക്കാനാകാത്ത സ്വഭാവശുദ്ധിക്കും സത്യസന്ധതയ്ക്കും ആർജവത്തിനും ഉടമയുമായ ജസ്റ്റിസ് മുരളീധർ സുപ്രിംകോടതിയിലേക്ക് പരിഗണിക്കപ്പെട്ടില്ല എന്നത് നമ്മുടെ നിയമവൈജ്ഞാനിക രംഗത്തിന് വലിയ നഷ്ടമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് അദ്ദേഹം ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചു.

സുപ്രിംകോടതിയിലേക്ക് എത്തിയിരുന്നുവെങ്കിൽ 2026 വരെ അദ്ദേഹത്തിൻ്റെ സേവനം രാജ്യത്തിന് ലഭിക്കുമായിരുന്നു.സുപ്രിംകോടതി അഭിഭാഷകനായിരുന്നപ്പോൾ മുതൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് ജസ്റ്റിസ് എസ്. മുരളീധർ. ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായപ്പോൾ, ജുഡീഷ്യൽ സംവിധാനത്തിന്റെ പതിവ് ശൈലികളിൽനിന്ന് വഴിമാറി നടക്കുന്ന, ജനാധിപത്യവാദിയായ ന്യായാധിപനെയാണ് കണ്ടത്. കൊളോണിയൽ അവശേഷിപ്പുകളായ 'മി. ലോഡ്', 'യുവർ ലോർഡ്ഷിപ്സ്' തുടങ്ങിയ ഉപചാരപദങ്ങൾ തന്റെ കോടതിയിൽ ഉപയോഗിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചു അദ്ദേഹം. സാധാരണക്കാരായ മനുഷ്യരുടെ ജീവിതം തൊട്ടറിഞ്ഞ മനുഷ്യൻ.

സുപ്രിംകോടതി പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന തൻ്റെ നീല ഓമിനി വാനായിരുന്നു അദ്ദേഹത്തിൻ്റെ ചേംബർ എന്നു പറയാറുണ്ട്. ഒഡിഷ ഹൈക്കോടതിയിൽനിന്ന് വിരമിക്കുമ്പോൾ, അദ്ദേഹം പടിയിറങ്ങുന്ന പാതയ്ക്ക് ഇരുവശവും അണിനിരന്ന അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും ബാഹുല്യം നിയമവൃത്തങ്ങളിലുണ്ടായിരുന്ന സ്വീകാര്യതയ്ക്കും ബഹുമാന്യതയ്ക്കുമുള്ള തെളിവാണ്. ചരിത്രത്തിൽ മറ്റൊരു ന്യായാധിപനും ഇത്ര വികാരനിർഭരമായ യാത്രയയപ്പ് ലഭിച്ചിട്ടുണ്ടാവില്ല.


അഭിഭാഷകൻ, നിയമവിചക്ഷണൻ, ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ അനന്യ സംഭാവനകൾ അദ്ദേഹത്തിന്റേതായുണ്ട്. 2009-ലെ നാസ് ഫൗണ്ടേഷൻ കേസ് ഇന്ത്യൻ നിയമ ചരിത്രത്തിലെ നാഴികക്കല്ലാണ്. ജസ്റ്റിസ് എ.പി ഷായോടൊപ്പം ജസ്റ്റിസ് മുരളീധറും അടങ്ങുന്ന ബെഞ്ചാണ് സ്വവർഗ പ്രണയത്തെ ക്രിമിനൽവൽക്കരിക്കുന്ന വകുപ്പ്, ഐ.പി.സി 377, റദ്ദു ചെയ്തത്. 'പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ക്രിമിനലൈസ് ചെയ്യുന്ന ഐ.പി.സി 377, ഭരണഘടനയുടെ അനുഛേദം 21 (ജീവിക്കാനുള്ള അവകാശം), അനുഛേദം 14(തുല്യതയ്ക്കുള്ള അവകാശം), അനുഛേദം 15 (വിവേചനത്തിനെതിരായുള്ള അവകാശം) എന്നിവയുടെ ലംഘനമാണ്' എന്ന് അവർ വിധിയെഴുതി. എന്നാൽ അപ്പീലിൽ സുപ്രിംകോടതി അത് റദ്ദു ചെയ്തു. പിന്നീട് 2018ലാണ് നവ്തേജ് സിങ് ജോഹർ കേസിൽ സുപ്രിംകോടതി 2009ലെ ഡൽഹി ഹൈക്കോടതിയായിരുന്നു ശരിയെന്ന നിലപാടിലേക്ക് എത്തിയത്.


2019ൽ, കൃത്യമായ പുനരധിവാസ പദ്ധതികൾ ഇല്ലാതെ ചേരിനിവാസികളെ ഒഴിപ്പിക്കുന്ന നടപടി നിയമവിരുദ്ധമാണ് എന്ന് ഉത്തരവിട്ടു. 'തലയ്ക്കു മീതെ ഒരു കൂര ഉണ്ടാവുക എന്നത് മാത്രമല്ല പാർപ്പിടത്തിനുള്ള അവകാശംകൊണ്ട് അർഥമാക്കുന്നത്. ജീവിതമാർഗത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും നല്ല ഭക്ഷണത്തിനും ശുദ്ധജലത്തിനും മാലിന്യ സംസ്കരണത്തിനും ഗതാഗതസൗകര്യങ്ങൾക്കും എല്ലാമുള്ള അവകാശമാണത്' - അദ്ദേഹം വിധിന്യായത്തിൽ കുറിച്ചു.
2018ൽ ജസ്റ്റിസ് വിനോദ് ഗോയലിനോടൊപ്പം ചേർന്ന് 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് റദ്ദു ചെയ്തു. വിധി ഇങ്ങനെ നിരീക്ഷിക്കുന്നു: 'കൂട്ടക്കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ ക്രിമിനലുകൾ, രാഷ്ട്രീയ പിന്തുണ ഉള്ളതുകൊണ്ട് വിചാരണയും ശിക്ഷയും ഒഴിവാക്കി ജീവിക്കുന്നു. അങ്ങനെയുള്ള ക്രിമിനലുകളെ നിയമത്തിനു മുന്നിൽ എത്തിക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ്'.


2018ൽ ഭീമ കൊറേഗാവ് കേസിൽ, മെട്രോപോളിറ്റൻ മജിസ്ട്രേറ്റിന്റെ ട്രാൻസിറ്റ് ഓർഡറിലെ ഗൗരവതരമായ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് റദ്ദ് ചെയ്ത ഉത്തരവും ശ്രദ്ധേയമായിരുന്നു. അന്ന്, ഗൗതം നവ്‌ലാഖയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ നടപടി.
2020 ഫെബ്രുവരി മാസത്തിലെ അതിശൈത്യത്തിനൊപ്പം, മനുഷ്യത്വവും തണുത്തുറഞ്ഞ ഡൽഹിയിലെ തെരുവീഥികളിൽ നിരപരാധികളുടെ സ്വത്തും ജീവനും കത്തിയെരിഞ്ഞുകൊണ്ടിരുന്ന അർധരാത്രികളിലൊന്നിൽ പ്രത്യേക സിറ്റിങ് നടത്തി ക്രമസമാധാന ചുമതലയുള്ള അധികാരികളെ മുൾമുനയിൽ നിർത്തി ഉത്തരം തേടിയ ജസ്റ്റിസ് മുരളീധറിന്റെ നടപടി, കലാപകാലത്തെ ക്രിയാത്മകമായ ഇടപെടലുകളുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിവയ്ക്കേണ്ടതാണ്.

കലാപത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന അനേകം സാധു മനുഷ്യരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമോ ചികിത്സിക്കാൻ ഡോക്ടർമാരോ ഇല്ലെന്ന് പറഞ്ഞു കൈമലർത്തിയിരുന്ന അധികാരികൾക്ക് ആ രാത്രിതന്നെ എല്ലാ സംവിധാനങ്ങളും ശരിയാക്കി, ഡോക്ടർമാരെ ഫോൺ വിളിച്ച് വരുത്തി ചികിത്സാ സംവിധാനങ്ങൾ ഒരുക്കി, തങ്ങളുടെ കടമ നിർവഹിക്കേണ്ടിവന്നു. 20 ജീവനുകളെങ്കിലും ആ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടാൻ ഇടയായിട്ടുണ്ട്.
സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും അക്രമവും പരത്തുന്ന മുദ്രാവാക്യങ്ങൾ വിളിച്ച ബി.ജെ.പി നേതൃത്വത്തിനെതിരേ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു.

ഉചിത സമയത്ത് എഫ്.ഐ.ആർ ഇടുമെന്ന് അറിയിച്ച ഡൽഹി പൊലിസിനോട് 'എപ്പോഴാണ് ഉചിത സമയം? നഗരം കത്തുകയാണ്. വിദ്വേഷ പ്രസംഗങ്ങളുടെ നിരവധി ക്ലിപ്പുകൾ ലഭ്യമാണെന്നിരിക്കെ നിങ്ങൾ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?' എന്നു കയർത്തു. 24 മണിക്കൂറിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിവരം അറിയിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, എട്ടു മണിക്കൂറുകൾക്കുള്ളിൽ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്ന കാഴ്ചയാണ് കണ്ടത്. കൊളീജിയവും കോടതികളും ഭരണകൂടത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെങ്കിൽ, പിന്നെ ഭരണഘടനയുടെയും അധികാര വിഭജനത്തിന്റെയുമൊക്കെ അർഥമെന്താണ് എന്ന സംശയം സാധാരണ മനുഷ്യർ ആത്മാർഥമായി ചോദിച്ചുപോയ ദിവസങ്ങളായിരുന്നു അത്. പിന്നീട് അദ്ദേഹം താരതമ്യേന ചെറിയ ഒഡിഷ ഹൈക്കോടതിയിലേക്ക് ചീഫ് ജസ്റ്റിസായി വന്നു. അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്ന നിർദേശം ഗവൺമെൻ്റ് പരിഗണിച്ചതേയില്ല. കൊളീജിയം അത് വീണ്ടും ആവശ്യപ്പെട്ടതുമില്ല.


നിറഞ്ഞ മനസോടെയാണ് താൻ ഒഡിഷ ഹൈക്കോടതിയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചീഫ് ജസ്റ്റിസായിരുന്ന ചുരുങ്ങിയ കാലഘട്ടംകൊണ്ട് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കോടതി പ്രവർത്തനം മുഴുവൻ ആധുനികവൽക്കരിക്കുകയും ഇ-സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഓരോ ജില്ലയിലും വിഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ ഒരുക്കി. ലൈബ്രറിയും മ്യൂസിയവും നവീകരിച്ചു, ഡിജിറ്റൈസ് ചെയ്തു. 33000 കേസുകൾ തീർപ്പാക്കി. 5000 ത്തിലേറെ വിധിന്യായങ്ങൾ എഴുതി.


വ്യക്തിജീവിതത്തിലും അങ്ങേയറ്റം ധാർമികത പുലർത്തുന്നവരാണ് അദ്ദേഹവും പത്നി, പ്രശസ്ത നിയമപണ്ഡിതയും ഗവേഷകയുമായ ഡോ. ഉഷ രാമനാഥനും. സ്വകാര്യതയെ ബാധിക്കും എന്നതുകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തിട്ടുള്ള ഡോ. ഉഷ രാമനാഥനെ ബന്ധപ്പെടാൻ, ഒരവസരത്തിൽ ജസ്റ്റിസ് മുരളീധറിന്റെ ഫോണിൽ വിളിച്ചപ്പോൾ, ഔദ്യോഗിക ഫോൺ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്ന് പറഞ്ഞ, അദ്ദേഹത്തിൻ്റെ 'അലോസരപ്പെടുത്തുന്ന' ആദർശനിഷ്ഠയെക്കുറിച്ച് മുതിർന്ന അഭിഭാഷകനായ സഞ്ജൊയ് ഘോഷ് എഴുതിയിരുന്നു.

പ്രമുഖ ഫെമിനിസ്റ്റും നിയമജ്ഞയുമായ പ്രൊഫസർ ലോതിക സർക്കാരിനെ, അവർക്ക് വീടും സ്വത്തും നഷ്ടമായ കാലത്ത് നിസ്വാർഥമായി പരിചരിച്ചുപോന്ന കാര്യവും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. ഈ ലേഖകന്റെ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയത് ഡോ. ഉഷാരാമനാഥനാണ്. ആ നിലയ്ക്ക് അവരുടെ സ്നേഹ വിശാലത മനസ്സിലാക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ആദർശബദ്ധമായ ജീവിതവും പ്രവർത്തിപഥവുമാണ് അവരുടേതെന്ന് നേരിട്ടുള്ള ബോധ്യവുമുണ്ട്. ജസ്റ്റിസ് മുരളീധർ സുപ്രിംകോടതിയിൽ എത്താതിരുന്നത് ഈ നാടിൻ്റെ നഷ്ടമാണ്. നീതിയുടെ മഷി മുക്കി വിധിയെഴുതാൻ കഴിയുമായിരുന്ന ഒരു തൂലിക പരമോന്നത നീതിപീഠം നഷ്ടപ്പെടുത്തിയിരിക്കുന്നു.

(നിയമ-പൗരാവകാശ മേഖലയിലെ സ്വതന്ത്ര ഗവേഷകനും ഗ്രന്ഥകാരനുമാണ് ലേഖകൻ)

Content Highlights:Today's Article In aug 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  12 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  12 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  12 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  12 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago