ഓണത്തിന്റെ പരിണാമം
പി.പി ശ്രീധരനുണ്ണി
ഇത് ഓണക്കാലമാണ്. അത്തം മുതല്‍ ഇതാരംഭിച്ചു. അത്തം പത്തിനു തിരുവോണം എന്നാണ്. പൊന്നോണം എന്നും പറയും. തിരു എന്നതും പൊന്ന് എന്നതും വിശേഷണപദം. കാരണം അത്രമേല്‍ ബഹുമാനത്തോടെ, സ്‌നേഹത്തോടെയാണ് ഓണത്തെ പരിഗണിക്കുന്നത്. പഴയ കണക്കനുസരിച്ച് വറുതിയുടെ കാലം കഴിഞ്ഞുവരുന്ന സുദിനമാണത്. കള്ളക്കര്‍ക്കടകം എന്നും പഞ്ഞമാസം എന്നുമൊക്കെ അതിനുവിശേഷണങ്ങളുണ്ട്.
'കാളമേഘം പോയ്മറഞ്ഞു
നീലമാനം കണ്‍തുറന്നു'
വര്‍ഷം കഴിഞ്ഞ് ശരത് പിറക്കുന്നു. ആറു കുമാരന്‍മാര്‍ തിരിക്കുന്ന ഒരു വലിയ ചക്രമാണത്. കര്‍ക്കടകത്തില്‍ കോരിച്ചൊരിയുന്ന മഴ എന്ന് പഴയ കണക്ക്. ഇക്കുറി പക്ഷേ, അത് പിഴച്ചു എന്നതു നേര്. അത് കാലക്കേട്.
കര്‍ക്കടകപ്പെയ്ത്ത് കഴിഞ്ഞാല്‍ ഓണക്കൊയ്ത്ത് എന്നാണ്. ഇതൊക്കെ കാലാവസ്ഥയുമായി ബന്ധപ്പെട്ട കണക്കുകള്‍. ഞാറ്റുവേലയുടെ കണക്കാണ് ആ കണക്ക്. ഓരോ ഞാറ്റുവേലയ്ക്ക് ഓരോ കൃഷിപ്പണി. പാടവും പറമ്പും ഓരോ കൃഷിപ്പണിയാല്‍ മുദ്രിതമായിരിക്കും, മുഖരിതമായിരിക്കും. കാളപ്പൂട്ടിന്റെയും നാട്ടിയുടെയും ഈണങ്ങള്‍ പിറന്നതും നമുക്കു പരിചിതമായതും അങ്ങനെയായിരിക്കാം. ഓണപ്പാട്ടുകളില്‍ അതാണ് പ്രതിഫലിക്കുന്നത്.
'ഒന്നാം കണ്ടത്തിലേയ്
ഒന്നല്ല ഞാറുനട്ടൂ...
രണ്ടാം കണ്ടത്തിലേയ്
രണ്ടല്ല ഞാറുനട്ടൂ....'
അത് കൃഷി നമ്മുടെ അടിസ്ഥാന ജീവിതോപാധിയായതു കൊണ്ടാണ്. ഓണത്തിന്റെ സമൃദ്ധി എന്നു പറയുന്നത് ഈ വിളവെടുപ്പിന്റെ അനന്തരഫലവും തജ്ജന്യമായ ആനന്ദവുമാണ്. കുളിച്ചുകയറുന്നതാണ് ഓണം. പഴയ ഓണപ്പാട്ടുകളിലെല്ലാം ഈ കുളിച്ചുകയറലിന്റെ പ്രതിധ്വനിയുണ്ട്.
പറഞ്ഞുവരുന്നത് കാലാവസ്ഥയുമായി ഓണാഘോഷത്തിനുള്ള അഭേദ്യമായ ബന്ധത്തെ അനാവരണം ചെയ്യാനാണ്. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം എന്നത് കേരളീയരുടെ സൂക്ഷ്മമായ കണക്കാണ്. ചെറുശ്ശേരിയും കാളിദാസനുമൊക്കെ ആ കണക്കാണു കൂട്ടിയത്. പാശ്ചാത്യ നാടുകളില്‍ അത് ആറില്ല. നാലേയുള്ളൂ. സ്പ്രിങ്, സമ്മര്‍, ഓട്ടം, വിന്റര്‍. നമ്മുടെ ആറിന്റെ കണക്കനുസരിച്ച് നമുക്കു ജീവിതചക്രത്തെയും തിരിക്കാം. ഓരോ ആഘോഷവും അങ്ങനെ കാലാവസ്ഥയുമായി ബന്ധപ്പെടുത്തി നാം ആഘോഷിക്കാന്‍ തുടങ്ങി. ഓണവും വിഷുവും തിരുവാതിരയുമൊക്കെ ആ കണക്കില്‍പ്പെടും. വീടുകളില്‍ ആനന്ദം കളിയാടണമെങ്കില്‍ വരുമാനം വേണം. അതിന് കൃഷിയുടെ വരുമാനം പരിഹാരമായി. ഓണം വന്നതിന്റെ ഭൂമിശാസ്ത്രപരമായ ചിത്രമാണിവിടെ പറയുന്നത്. അതു ജീവിതത്തിന്റെ ചിത്രം തന്നെ. നൂറ്റാണ്ടുകളായി നമ്മുടെ മുന്നില്‍ തെളിയുന്ന ചരിത്രവും ഇതാണ്.
ഓണത്തിനു പല മാനങ്ങളുണ്ടെന്നു പറഞ്ഞല്ലോ. ചരിത്രപരമായ മാനമെന്തെന്ന് അത്ര വ്യക്തമല്ല എന്നതാണു കഥ. അതുകൊണ്ടുകൂടിയാവാം ഇതു പുരാവൃത്തവും ഐതിഹ്യവുമൊക്കെയായി രൂപം പ്രാപിച്ചത്. ചിങ്ങം കൊല്ലവര്‍ഷത്തിന്റെ ആരംഭമാണ്. ചിങ്ങം മുതല്‍ എന്നാണ് അന്നു കണക്കുകൂട്ടുക. മലയാളം, പഞ്ചാംഗം രചിക്കുന്നത് ഇതനുസരിച്ചാണ്. ആദ്യം സൂചിപ്പിച്ചതുപോലെ കൊയ്ത്തിനു പറ്റിയ കാലം. മേടത്തില്‍ വിതച്ചത് ചിങ്ങത്തില്‍ കൊയ്യാം എന്നു കര്‍ഷകപാഠം. ശരത്കാലം പ്രസന്നതയുടെ കാലം. ശ്രാവണം എന്ന സംസ്‌കൃത നാമധേയത്തിന്റെ മലയാളരൂപമാണ് ഓണം, അല്ലെങ്കില്‍ ദ്രാവിഡപര്‍വം.
ഈ പ്രസന്നതയുടെ കാലത്ത് എന്തൊക്കെയാവാം? പാട്ട്, കളി, തമാശ, ആഹാരം, നീഹാരം അങ്ങനെ സന്തോഷത്തിന്റെ അടയാളങ്ങള്‍ വരും. അവിടെ നമുക്ക് ഓണത്തിന്റെ സാമൂഹികശാസ്ത്രം വെളിപ്പെടും. ജീവിതം എന്ന പ്രഹേളികയെ ആനന്ദമയമാക്കാനുള്ള ഉപാധികളുണ്ടാവും. തുമ്പിയുടെ പറക്കലും കിളികളുടെ ആരവവും പൂമ്പാറ്റയുടെ ചിറകാട്ടവും സാമൂഹികജീവിയായ മനുഷ്യനെ ബാധിക്കും. ബോധിക്കും എന്നോ ഇഷ്ടപ്പെടും എന്നോ മറുഭാഷ. അവനില്‍ അന്തര്‍ലീനമായ സൗന്ദര്യബോധത്തെ സ്വയം ആവിഷ്‌കരിക്കാന്‍ തോന്നും. ചുറ്റും വിരിഞ്ഞുനില്‍ക്കുന്ന അനേകം പൂക്കള്‍. അവ, അവനെ അഥവാ അവളെ ആകര്‍ഷിക്കും. തുമ്പ, അരിപ്പൂ, മുക്കുറ്റി, ചെത്തി, ചെമ്പരത്തി, കായാമ്പൂ, വാടാമല്ലിക, ചുറ്റുപാടും പുഷ്പമയം. അവയെ ഇറുത്തെടുത്ത് മുറ്റത്തു മനോഹരമായി വിന്യസിച്ചാല്‍ പൂക്കളമായി. തുമ്പയും മുക്കുറ്റിയുമാണ് രാജാക്കള്‍. ആ പൂക്കളം നാനാത്വത്തിലെ ഏകത്വമാണ്. മഴവില്ലുപോലെ. അവിടെ വര്‍ത്തിക്കുന്നത് മനസാണ്. അതു സൗന്ദര്യമാണ്. പൂവേപൊലി എന്നതാണ് അന്നത്തെ മുദ്രാവാക്യം അഥവാ അടയാളവാക്യം. പൂവുകള്‍ പൊലിയണം. വര്‍ധിക്കണം. സൂചിപ്പിച്ചതുപോലെ പൂവ്് എന്നത് സൗന്ദര്യം. അഥവാ നന്മ കൂടണം. സഹോദരന്‍ അയ്യപ്പന്റെ പഴയ ഓണപ്പാട്ടിന്റെ സന്ദേശവും അതു തന്നെ.
'മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.'
വീണ്ടും ഓണത്തിന്റെ സൗന്ദര്യശാസ്ത്രത്തിലേക്കു വന്നാല്‍ വെണ്‍മ തൂകൂന്ന തുമ്പപ്പൂവിനെപ്പറ്റിയും മഞ്ഞ മുക്കുറ്റിയെപ്പറ്റിയും നാം ഓര്‍ത്തേ തീരൂ.
'തുമ്പേയരിമ്പേയരിമ്പാരത്തുമ്പേ...' എന്ന് ആവര്‍ത്തനങ്ങളായി ആ താല്‍പര്യം പ്രകടമാകും.
കാലം ശരത് ആണെങ്കിലും വസന്തത്തിന്റെ എല്ലാ കാഴ്ചകളും ഈ മുഹൂര്‍ത്തത്തിലേക്ക് ആവാഹിക്കുകയാണ്. അപ്പോള്‍ പൂവും പുലരിയും കാട്ടാറും കൈത്തോടും ഓണനിലാവും എല്ലാം അതിന്റെ കാല്‍പനിക ഭംഗിയോടെ തിരുവോണത്തോടു ചേരും. അടുത്തത് ഓണത്തിന്റെ യഥാര്‍ഥ അഥവാ റിയലിസ്റ്റിക് പരിവേഷം. പ്രായോഗിക ജീവിതത്തിലെ ഓണം എന്നു നമുക്കിതിനെ വിളിക്കാം. അവിടെ ജന്മികളുണ്ടായിരുന്നു, കുടിയാന്മാരുണ്ടായിരുന്നു, പണിയാളരുണ്ടായിരുന്നു.
വിളഭൂമി മുഴുവന്‍ ജന്മികളുടേതായിരുന്നു. വിളയുന്ന നെല്ലും വിഭവങ്ങളും അവരുടെ പത്തായത്തിലേക്ക്. പണിക്കാര്‍ക്കു കൂലിയോ വല്ലിയോ കിട്ടും. അവര്‍ കുടിലുകളില്‍ പാര്‍ത്തു. ഉള്ളതുകൊണ്ട് ഓണമുണ്ടു. കാണം വിറ്റും ചിലര്‍ ഓണമുണ്ടു. ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി എന്ന് പില്‍ക്കാല തലമുറ പാട്ടും കവിതയും കെട്ടി. കേരളത്തിന്റെ സാമൂഹികജീവിതത്തിലൂടെ സഞ്ചരിച്ച ഓണത്തിന്റെ ചരിതം ഇങ്ങനെയൊക്കെയായിരുന്നു. അതുകൊണ്ടായിരിക്കണം അവര്‍ പാട്ടില്‍ പറഞ്ഞപോലെ മാനുഷരെല്ലാരുമൊന്നുപോലെ വാണ ഒരു പഴയകാലത്തെ ഗൃഹാതുരതയോടെ ഓര്‍ത്തത്.
'ആമോദത്തോടെ വസിക്കും കാലം
എന്നും ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും ' എന്നും ആ ഓര്‍മ.
പറഞ്ഞുകൊണ്ടുവരുന്നത്, മറഞ്ഞുപോയ ഏതോ, ഒരു നല്ല കാലത്തിന്റെ ഓര്‍മപുതുക്കലായി നാം ഓണം ആഘോഷിക്കുന്നുവെന്ന് കാണിക്കാനാണ്, അഥവാ സമര്‍ഥിക്കാനാണ്. അവിടെയാണ് ഓണത്തെക്കുറിച്ചുള്ള പുരാവൃത്തത്തിന്റെ പ്രസക്തി. അതു മഹാബലിയുടെയും വാമനന്റെയും കഥയാണ്. സുവിദിതമായ കഥ. മഹാബലിയുടെ ഭരണകാലത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നുവെന്നും എല്ലാവരും സമന്മാരായിരുന്നുവെന്നും കള്ളവും ചതിയും ഇല്ലായിരുന്നുവെന്നും വിശ്വസിക്കുമ്പോള്‍ ആ കാലം ഇനിയും വരണേ എന്ന് ആരും മോഹിച്ചുപോകും.
വാമനന്‍ ആ ചക്രവര്‍ത്തിയെ പാതാളത്തിലേക്കയച്ചു. വിനീതനായ മഹാബലി പാതാളം പൂകാന്‍ തയാറായി. ഒരു വരംമാത്രം ചോദിച്ചു. ആണ്ടിലൊരു തവണ പ്രജകളെ വന്ന് കാണാനനുവദിക്കണം. ആ ദിവസമാണ് തിരുവോണം. അന്ന് ഏവരും മഹാബലിയെ സ്വീകരിക്കുന്നു. ആ വരവ് കൊണ്ടാടുന്നു. നൈമിഷികമെങ്കിലും അതൊരു വലിയ ആനന്ദംതന്നെ. കഥ, പുരാവൃത്തമോ, മിത്തോ, സത്തോ എന്തുമാകട്ടെ മഹാബലിക്കഥയിലെ ന്യായാന്യായങ്ങള്‍ എന്തു തന്നെയാകട്ടെ, യുക്തിയോ ഭക്തിയോ എന്ന ചോദ്യം ആരും ചോദിച്ചുകൊണ്ടേയിരിക്കട്ടെ. കേരളം അന്ന് ആഘോഷലഹരിയിലാണ്. ദേശീയോത്സവം എന്ന നിലയില്‍ എന്നും അതങ്ങനെത്തന്നെ.
ജനങ്ങൾ അതില്‍ പങ്കാളികളാവുകയും ചെയ്യും. ഇവിടെയാണ് ഓണത്തിന്റെ യഥാര്‍ഥ സന്ദേശം സ്പഷ്ടമാകുന്നത്. സമത്വം, സാഹോദര്യം, സമഭാവന തുടങ്ങിയ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. അന്നേരം അവര്‍ ആഘോഷിക്കും. പഴയ തിരുവാതിരക്കളി, ഓണക്കളി, കുമ്മി, കോലാട്ടം, ഊഞ്ഞാലാട്ടം, തലപ്പന്തുകളി തുടങ്ങിയവ പുനരാവിഷ്‌കരിക്കും. മുതിര്‍ന്ന തലമുറ അവരുടെ പഴയ കാലങ്ങളിലേക്ക് തിരിച്ചുപോകും. തൊടിനീളെ പൂപറിക്കാനായി പൂവട്ടിയുമായി അലഞ്ഞ കുട്ടിക്കാലം, എല്ലാവരുംകൂടി ശേഖരിച്ച വിവിധയിനം പൂക്കള്‍ ഒരേ പൂക്കളത്തില്‍ ഭംഗിയോടെ വിന്യസിച്ച കാലം, കര്‍ണമധുരമായ പാട്ടുകള്‍ പാടിയ കാലം, കാരണവര്‍ തന്ന പുതുപുടവയണിഞ്ഞ് അഭിമാനിച്ച കാലം. വയറുനിറച്ച് ഭക്ഷണം കഴിച്ച് ആഹ്ലാദത്തിമര്‍പ്പിലായ കാലം... അങ്ങനെ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍. അത് കാണാനാണ് പാതാളം വിട്ട് മഹാബലി വരുന്നത്. വാസ്തവത്തില്‍ ഇതുപോലെ ഒരുത്സവം ലോകത്തില്‍ വേറെ എവിടെയെങ്കിലുമുണ്ടോ?
പഴയ കണക്കനുസരിച്ചാണെങ്കില്‍ അത്തത്തിനേ തുടങ്ങും ആഘോഷങ്ങള്‍. ഇന്നുപക്ഷേ, കാലം മാറി. കവികള്‍ പഴയ ഓണമഹാത്മ്യം പല രീതിയില്‍ പകര്‍ത്തി. പുതിയ പുതിയ ഭാഷ്യങ്ങള്‍ ചമച്ചു, കാവ്യാത്മക ഭാഷ്യങ്ങള്‍.
വൈലോപ്പിള്ളിയും ശങ്കരക്കുറുപ്പും അക്കിത്തവും ചങ്ങമ്പുഴയും സുഗതകുമാരിയും മറ്റും പാടിത്തന്ന കാവ്യശീലുകളില്‍ കേരളം രോമാഞ്ചമണിഞ്ഞ ഒരു കാലവും വിടപറഞ്ഞു. അതില്‍ പുടവയുടുത്ത ഓണവും കീറത്തുണിയുടുത്ത ഓണവും നാമറിഞ്ഞു. ബലിദര്‍ശനത്തിന്റെ ആഴങ്ങളില്‍ ആണ്ടുമുങ്ങി. അക്കിത്തം, കവിതയിലൂടെ ഒരുപക്ഷേ, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടത് ഓണം എന്ന വിഷയത്തെ അധികരിച്ചായിരിക്കും. അത്രമേല്‍ അദ്ദേഹത്തിന്റെ മനസിന്റെ ആഴങ്ങളില്‍ സ്പര്‍ശിച്ചതാണ് ഓണസങ്കല്‍പം. കാലം മാറുകയാണ്. അതോടനുബന്ധിച്ച് ഓണം എന്ന സങ്കല്‍പവും വാണിജ്യവല്‍ക്കരിക്കപ്പെട്ടു. വിപണി ഓണവും ഓണവിപണിയുമായി തന്ത്രങ്ങള്‍ മാറിമറിയുകയാണ്.
അന്ന് ഓണം ഭക്തിയും പ്രണയവും എല്ലാം അടങ്ങിയ ജീവിതമായിരുന്നു. പക്ഷേ, പഴയ ആ സമഭാവനയുടെ സന്ദേശം തലമുറകള്‍ മറന്നിട്ടില്ല. ഗ്രാമവൃക്ഷത്തില്‍ ആ കുയില്‍ അനന്തമായി പാടിക്കൊണ്ടിരിക്കുന്നു. കേള്‍ക്കാതെ പോകുന്നതെങ്ങനെ.
'ഓണമേ നിനക്കൊരു
പാട്ടുപാടാമോ വന്നെന്‍
പ്രാണനില്‍ കടന്നിരു-
ന്നെന്റെ മണ്‍കുടില്‍ പൂകി'
എന്നാവുമോ ആ കുയില്‍പ്പാട്ട്? അല്ലെങ്കില്‍,
'ദൂരെ മലിനമാം
വാനില്‍ കടയ്‌ക്കൊരു
ചാരുശോണിഭ
അതോണമല്ലോ...'
എന്നും ആവാം. ചുരുക്കത്തില്‍ കവിതപോലെ മനോഹരമായ ഓണം പരിവര്‍ത്തനത്തിന്റെ വക്കിലാണ്. അത്ര ആശാസ്യമല്ലാത്ത പരിവര്‍ത്തനം. എല്ലാം നല്ലതിനെന്നു പ്രതീക്ഷിച്ചുകൊണ്ട് നമുക്കു സ്വാഗതം ചെയ്യാം. കാരണം ഓണംപോലെ ഓണം മാത്രം. ഓണം ഒരു അനന്വയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."