സ്‌കൂൾ തുറക്കുന്നു; ഇന്ന് അപകടങ്ങളില്ലാതെ വാഹനമോടിക്കുന്നവർക്ക് സമ്മാനം; ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കുക
സ്‌കൂൾ തുറക്കുന്നു; ഇന്ന് അപകടങ്ങളില്ലാതെ വാഹനമോടിക്കുന്നവർക്ക് സമ്മാനം; ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കുക
ദുബൈ: വേനലവധിക്ക് ശേഷം യുഎഇയിൽ ഇന്ന് സ്‌കൂളുകൾ തുറക്കുകയാണ്. ലക്ഷക്കണക്കിന് കുട്ടികളാണ് സ്‌കൂളിലേക്ക് പോകാനായി തയ്യാറെടുക്കുന്നത്. യുഎഇ ഭരണകൂടം കൃത്യമായ തയ്യാറെടുപ്പുകളാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് ‘അപകടങ്ങളില്ലാത്ത ദിനം’ ആയി ആചരിക്കുന്നത്. ഇന്ന് അപകടങ്ങൾ സൃഷ്ടിക്കാതെ സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് അവരുടെ ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്നുണ്ട് യുഎഇ.
സുരക്ഷിതമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് സമ്മാനം എന്ന നിലയിലാണ് നാല് ബ്ലാക്ക് പോയിന്റുകൾ നീക്കം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. യുഎഇയിലെ ‘അപകടങ്ങളില്ലാത്ത ദിനം’ പദ്ധതിയുടെ ഭാഗമാകാൻ പ്രതിജ്ഞയെടുക്കുന്ന വാഹനമോടിക്കുന്നവർക്ക് ആണ് ഈ അവസരമുള്ളത്. ദേശീയ സംരംഭത്തിൽ പങ്കെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ യുഎഇയുടെ ഫെഡറൽ ട്രാഫിക് കൗൺസിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ കുട്ടികൾ വേനലവധി കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങുന്ന ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28 'അപകടങ്ങളില്ലാത്ത ദിനം' ആയി ആചരിക്കുമെന്ന് കൗൺസിൽ അറിയിച്ചു.
എങ്ങനെ നാല് ബ്ലാക്ക് പോയിന്റുകൾ നീക്കം ചെയ്യാം?
കൗൺസിലിന്റെ അറിയിപ്പ് അനുസരിച്ച്, അപകടങ്ങളില്ലാത്ത ഒരു ദിവസത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രതിജ്ഞയിൽ വാഹനമോടിക്കുന്നവർ ഒപ്പിട്ടു നൽകണം. ശേഷം ട്രാഫിക് നിയമലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കാതെ വാഹനമോടിക്കണം.
അപകടങ്ങളില്ലാത്ത ദിനം - പാലിക്കേണ്ട 6 നിയമങ്ങൾ
അപകടങ്ങളില്ലാത്ത ദിനം കാമ്പെയ്‌ൻ അനുസരിച്ച് നിങ്ങൾക്ക് നല്ല ഡ്രൈവിംഗ് പരിശീലിക്കുന്നതിനുള്ള ആറ് വഴികൾ ഇതാ:
1. എപ്പോഴും സുരക്ഷിതമായ അകലം പാലിക്കുക
സുരക്ഷിതമായ അകലം പാലിക്കാതെയോ ടെയിൽഗേറ്റിംഗ് നടത്തുകയോ ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും. യുഎഇയുടെ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകൾ ലഭിക്കുകയും 400 ദിർഹം പിഴ ലഭിക്കുകയും ചെയ്യും. അബുദാബിയിൽ ആണെങ്കിൽ, നിങ്ങളുടെ വാഹനവും കണ്ടുകെട്ടുകയും അത് വിട്ടുനൽകുന്നതിന് 5,000 ദിർഹം പിഴ നൽകുകയും വേണം.
2. കാൽനടയാത്രക്കാർക്ക് വഴി നൽകുക
യുഎഇ ട്രാഫിക് നിയമം അനുസരിച്ച്, സീബ്രാ ക്രോസിംഗുകൾ പോലുള്ള നിയുക്ത സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകിയില്ലെങ്കിൽ വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
3. സീറ്റ് ബെൽറ്റ് ധരിക്കുക
ഒരു വാഹനത്തിലെ എല്ലാ യാത്രക്കാരും, നിയമപ്രകാരം, മുൻ സീറ്റിലായാലും പിൻസീറ്റിലായാലും സീറ്റ് ബെൽറ്റ് ധരിക്കണം. ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനത്തിന്റെ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും അടയ്‌ക്കേണ്ടി വരും. കൂടാതെ:
- നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് ചൈൽഡ് സേഫ്റ്റി സീറ്റ് നൽകണം. നിയമലംഘകർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും നൽകും.
- മുൻ സീറ്റ് യാത്രക്കാരന് കുറഞ്ഞത് 145 സെന്റീമീറ്റർ ഉയരവും 10 വയസ്സിന് മുകളിൽ പ്രായവും വേണം.
4. വേഗത പരിധി ശ്രദ്ധിക്കുക
റോഡിന്റെ വേഗപരിധിക്കുള്ളിൽ എപ്പോഴും വാഹനമോടിക്കാൻ ഡ്രൈവർ തയ്യാറാകണം. ഓരോ റോഡിലും പാലിക്കേണ്ട പരമാവധി വേഗപരിധി വ്യക്തമായി സൂചിപ്പിക്കുന്ന സൂചനാബോർഡുകൾ ഉണ്ട്. വേഗപരിധി മറികടന്ന് വാഹനമോടിച്ചാൽ കർശനമായ പിഴകൾ ഉണ്ട്. പരമാവധി വേഗത പരിധി മണിക്കൂറിൽ 80 കി.മീ ഉള്ള ഒരു റോഡിൽ, ഒരു വാഹനമോടിക്കുന്ന ഒരാൾ മണിക്കൂറിൽ 180 കി.മീ വേഗതയിൽ ഓടിക്കാൻ തീരുമാനിച്ചാൽ, അവർ 3,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. ഇവരുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ ചുമത്തുകയും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. റോഡിനും വേഗത്തിനും അനുസരിച്ച് പിഴയിൽ മാറ്റമുണ്ടാകും.
5. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കുക
2022-ൽ അബുദാബി പൊലിസ് നടത്തിയ ഒരു സർവേയിൽ 80 ശതമാനത്തോളം റോഡപകടങ്ങൾക്കും കാരണം ഡ്രൈവിങ്ങിന് ഇടയിലുള്ള ഫോൺ വിളിയാണെന്ന് കണ്ടെത്തിയിരുന്നു.
6. എമർജൻസി, പൊലിസ്, പബ്ലിക് സർവീസ് വാഹനങ്ങൾക്കോ ഔദ്യോഗിക വാഹനവ്യൂഹങ്ങൾക്കോ വഴി നൽകുക
അത്യാഹിത വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ 3000 ദിർഹം പിഴയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും വാഹന ഉടമയുടെ ലൈസൻസിൽ ആറ് ട്രാഫിക് പോയിന്റുകൾ ചുമത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."