ഏഴായിരത്തിൽ നിന്ന് എഴുന്നൂറിലേക്ക് വിലയിടിവിൽ നടുവൊടിഞ്ഞ് ഏലം കർഷകർ
ബാസിത് ഹസൻ
തൊടുപുഴ •ഏലക്കാ വില ഏഴായിരത്തിൽ നിന്ന് എഴുന്നൂറിലേക്ക് കൂപ്പുകുത്തിയതോടെ ഏലം കർഷകരും വ്യാപാരികളും വർണനാതീതമായ പ്രതിസന്ധിയിൽ.
രണ്ടര വർഷം മുമ്പ് ഏലക്കാ വില 7,000 കടന്നിരുന്നു. 22 വർഷം മുമ്പ് ലഭിച്ച ശരാശരി വിലയാണ് ഇപ്പോൾ ലഭിക്കുന്നത്, കിലോയ്ക്ക് 700 രൂപ. 2020 ജനുവരി നാലിന് വണ്ടന്മേട് മാസ് ഏജൻസി നടത്തിയ ഓൺലൈൻ ലേലത്തിൽ കിലോഗ്രാമിന് കൂടിയ വില 7,000 രൂപയും ശരാശരി വില കിലോഗ്രാമിന് 4015.6 രൂപയും ലഭിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് വിൽപനയിലുണ്ടായ ഇടിവും ഒപ്പം ഉപയോഗത്തിലുണ്ടായ കുറവിന്റേയും പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ വ്യാപാരികൾ വാങ്ങൽ കുറച്ചതോടെയാണ് വിലയിടിവിന് തുടക്കമായതെന്ന് വ്യപാരികൾ പറയുന്നു. കയറ്റുമതിയിലുണ്ടായ ഇടിവും ഉത്പാദനത്തിലെ വർധനവും പ്രശ്‌നമായി. വില ഉയരുമെന്നു പ്രതീക്ഷയിൽ ഏലക്ക സ്റ്റോക്ക് ചെയ്ത കർഷകർ ഇതോടെ വൻ പ്രതിസന്ധിയിലായി.
പുറ്റടി സ്‌പൈസസ് പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന കാർഡമം പ്ലാന്റേഴ്‌സ് അസോസിയേഷൻ കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ ലഭിച്ച ശരാശരി വില കിലോക്ക് 736.83 രൂപയാണ്. ഏലക്ക വിൽക്കാതെ പിടിച്ചുവച്ച കർഷകർക്കും വ്യാപാരികൾക്കും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ഉൽപാദനച്ചെലവിന് ആനുപാതികമായി കണക്കാക്കിയാൽ ഏലക്കായ്ക്ക് കുറഞ്ഞത് കിലോഗ്രാമിന് 2000 രൂപ എങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂ. വളം, കീടനാശിനി വില ഇരട്ടിയായതോടൊപ്പം ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും വെല്ലുവിളിയാണ്. വ്യാപാരികളുടെയും ലേല ഏജൻസികളുടെയും കള്ളക്കളിയും കർഷകർക്കുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല.
എല്ലാ ലേല ഏജൻസികൾക്കും വലിയ വിപണന ശൃംഖലയുണ്ട്. ഉത്തരേന്ത്യൻ വ്യാപാരികളും ലേല ഏജൻസികളും ചേർന്ന് നടത്തുന്ന കള്ളക്കളിയിലൂടെ കർഷകന് ലഭിക്കേണ്ട ലാഭം ചോർത്തുകയാണെന്ന് ആക്ഷേപമുണ്ട്.
ഉത്തരേന്ത്യൻ വിപണിയിൽ എലത്തിന്റെ വിലയിൽ കാര്യമായ കുറവൊന്നും വന്നിട്ടില്ല. കിലോഗ്രാമിന് 1500 മുതൽ 1800 രൂപ വരെ ഇപ്പോൾ വിലയുണ്ട്. വിലയിലെ ഈ അന്തരം വ്യാപാരികളുടെ പോക്കറ്റിലേക്കാണ് എത്തുന്നതെന്ന് കർഷകർ പറയുന്നു.
ഏലക്കയിൽ കീടനാശിനി പ്രയോഗം കാരണം ഉയർന്നതോതിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കയറ്റുമതിയിൽ ഇടിവുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."