കാലിക്കറ്റിന്റെ ബി.എഡ് സെന്ററുകൾ അടച്ചുപൂട്ടാൻ നീക്കം
ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം • എൻ.സി.ടി.ഇയും കാലിക്കറ്റ് സർവകലാശാലയും തമ്മിലുള്ള ശീതസമരം കാരണം അംഗീകാരം ലഭിക്കാത്തത് മറയാക്കി യൂനിവേഴ്സിറ്റി നേരിട്ടു നടത്തുന്ന 11ബി.എഡ് സെന്ററുകൾ അടച്ചുപൂട്ടിക്കാൻ അണിയറയിൽ നീക്കം.
11 സെന്ററുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാൻ പോലും ഇതുവരെ തീരുമാനമായിട്ടില്ല. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ( എൻ.സി.ടി.ഇ) ആവശ്യപ്പെട്ട രേഖകളൊന്നും തന്നെ കൃത്യസമയത്ത് നൽകാത്തതാണ് കാരണം. 2014 മുതൽ ഇക്കാര്യത്തിൽ എൻ.സി.ടി.ഇയുമായി സർവകലാശാല നേരിട്ടേറ്റുമുട്ടി കൊണ്ടിരിക്കുകയാണ്. സർവകലാശാലയുടെ സെന്ററുകളിൽ രണ്ടു വർഷ ബി.എഡ് തുടങ്ങുന്ന കാര്യം പോലും എൻ.സി.ടി.ഇ അധികൃതരെ അറിയിക്കാത്തതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
സർവകലാശാല സെന്ററുകളിൽ ബി.എഡിന് കുറഞ്ഞ നിരക്കിലാണ് ഫീസ്. ഇവിടങ്ങളിൽ 35,000 രൂപ മാത്രമേ ഫീസായി ഇൗടാക്കാറുള്ളൂ. എന്നാൽ അൺ എയ്ഡഡ് കോളജുകളിൽ 45,000 മുതലാണ് ഫീസ്. മാനേജ്മെന്റ് ക്വാട്ട സീറ്റിന് 60,000 രൂപയോളം ഇൗടാക്കുന്നുണ്ട്. സ്വാശ്രയ കോളജുകളിൽ ഒരു ബി.എഡ് സീറ്റിന് രണ്ടും മൂന്നും ലക്ഷം രൂപ വരെ ഡൊണേഷൻ വാങ്ങുന്നുണ്ട്. ബി.എഡ് സെന്ററുകൾ അടച്ചുപൂട്ടുന്നത് സ്വാശ്രയ കോളജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് ഗുണം ചെയ്യുക.
സർവകലാശാല സെന്ററുകൾക്കെല്ലാം സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങളുമുണ്ട്. ഓരോന്നിലും 55 വിദ്യാർഥികൾക്കാണ് പ്രവേശനം. മലപ്പുറം ഉൾപ്പെടെയുള്ള സെന്ററുകളിലാകട്ടെ രണ്ടും മൂന്നും ബാച്ചുകൾ തുടങ്ങാനുള്ള സൗകര്യങ്ങളുണ്ട്.
2014 ന് മുമ്പാണ് എൻ.സി.ടി.ഇ സംഘം സർവകലാശാല ബി.എഡ് സെന്ററുകൾ സന്ദർശിച്ചിരുന്നത്. വൈസ് ചാൻസലർ ഡൽഹിയിൽ പോയി എൻ.സി.ടി.ഇ അധികൃതരുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. എൻ.സി.ടി.ഇ അംഗീകാരമില്ലാത്തതിനാൽ സർവകലാശാല അധികൃതർ കോടതിയെ സമീപിച്ചാലല്ലാതെ ബി.എഡ് സെന്ററുകളിൽ ക്ലാസ് തുടങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
ഡൽഹിയിൽ വി.സി നടത്തിയ ചർച്ച പരാജയപ്പെട്ട ഉടനെ ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാമായിരുന്നിട്ടും ഇതുവരെ ഇതിൽ തീരുമാനമായിട്ടില്ല. കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ അഞ്ച് ജില്ലകളിലായി 58 അൺ എയ്ഡഡ് കോളജുകളും രണ്ട് എയ്ഡഡ് കോളജുകളും രണ്ട് ഗവൺമെൻ്റ് കോളജുകളുമാണ് 11 ബി.എഡ് സെന്ററുകൾക്ക് പുറമെയുള്ളത്.
സർവകലാശാല സെന്ററുകൾ അടച്ചുപൂട്ടിച്ച് സ്വാശ്രയ ലോബിക്ക് വഴിയൊരുക്കുന്നതായി ആരോപണമുയർന്നതിനിടെ മറുനാടൻ സംസ്ഥാന ലോബിയും വിദ്യാർഥികളെത്തേടി ഇവിടെ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."