എൻ.ഐ.എ പിടിച്ചെടുത്ത ഐ ഫോൺ വിട്ടുകിട്ടണമെന്ന് സ്വപ്ന കോടതിയെ സമീപിക്കും
സ്വന്തം ലേഖിക
കൊച്ചി •ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ ) പിടിച്ചെടുത്ത ഐ ഫോൺ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷ്.
മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേയുള്ള തെളിവുകൾ ഈ ഫോണിലുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടു. ബംഗളൂരുവിൽ നിന്ന് താൻ അറസ്റ്റിലായതിനുപിന്നാലെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എൻ.ഐ.എ ഫോണുകൾ പിടിച്ചെടുത്തത്. ഇതിൽ ഒരു ഐഫോൺ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ അന്വേഷണസംഘം മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. ഉന്നതർ സ്വർണക്കടത്തുമായി ബന്ധപ്പെട്ടതിൻ്റെ തെളിവുകൾ ഈ ഫോണിലുണ്ടെന്നാണ് സ്വപ്ന പറയുന്നത്. ഫോണിലെ വാട്സ്ആപ്പ് ചാറ്റുകൾ നിർണായക തെളിവാണെന്നും സ്വപ്ന പറയുന്നു. പ്രോട്ടോകോൾ ലംഘിച്ചവരുടെ തെളിവുകൾ ഇതിലുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഈ ഫോൺ ഉപയോഗിച്ച് പുതിയ ഇ മെയിൽ ഐ.ഡിയുണ്ടാക്കി യു.എ.ഇ കോൺസുൽ ജനറലിന് മെയിൽ അയച്ചിട്ടുണ്ട്. ഫോൺ ലഭിച്ചാൽ ഈ തെളിവുകളൊക്കെ വീണ്ടെടുക്കാനാകുമെന്നും സ്വപ്ന പറഞ്ഞു. കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും തെളിവ് പുറത്തുവരാതിരിക്കാൻ എൻ.ഐ.എ ഉദ്യോഗസ്ഥർ ഈ ഫോൺ മനഃപൂർവം മാറ്റിയതാണെന്ന് സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ ഐഫോണിൻ്റെ കോഡ് അടക്കമുള്ള രേഖകൾ ലഭിച്ചാലുടൻ സ്വപ്ന കോടതിയെ സമീപിക്കും. ഫോൺ ഹാജരാക്കണമെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ എൻ.ഐ.എ കോടതിയെയായിരിക്കും സമീപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."