മന്ത്രി റിയാസിന് അഞ്ച് പേഴ്സണല്‍ സ്റ്റാഫ് കൂടി; നിയമനം പെന്ഷന് ഉറപ്പിക്കാന്‍ വേണ്ടിയെന്ന് ആക്ഷേപം
തിരുവനന്തപുരം : ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന് രാജി വയ്ക്കേണ്ടി വന്ന മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായി പുനര്‍ നിയമനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റേയും കായിക മന്ത്രി അബുറഹിമാന്റേയും പേഴ്സണല്‍ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്. സജി ചെറിയാന്റെ സ്റ്റാഫിലുണ്ടായിരുന്ന അഞ്ചുപേരെ വീതമാണ് മന്ത്രിമാരായ മുഹമ്മദ് റിയാസിന്റേയും അബുറഹിമാന്റേയും സ്റ്റാഫിലേക്ക് നിയമിച്ചത്.
പുതിയ നിയമനത്തോടെ മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 30 ആയി ഉയര്‍ന്നു. സജി ചെറിയാന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി വി സൈനന്‍, ക്ലര്‍ക്ക് ആയിരുന്ന കെ സവാദ്, സഞ്ജയന് എം ആര്,ഓഫിസ് അറ്റന്റന്റുമാരായ വിഷ്ണു പി, വിപിന്‍ ഗോപിനാഥ് എന്നിവരെയാണ് റിയാസിന്റെ സ്റ്റാഫിലേക്ക് മാറ്റിയത്.
സജി ചെറിയാന് രാജി വെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്റേയും അബുറഹിമാന്റേയും സ്റ്റാഫിലേക്ക് മാറ്റിയത്. സ്റ്റാഫുകള്‍ക്ക് പെന്ഷന് ഉറപ്പാക്കാന്‍ ആണ് ഈ മാറ്റം എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷത്തെ സര്‍വീസ് മാത്രമാണ് സജി ചെറിയാന്റെ സ്റ്റാഫിനുണ്ടായിരുന്നത്. രണ്ട് വര്‍ഷം സര്‍വീസുള്ളവര്‍ക്കാണ് പെന്ഷന് അര്‍ഹതയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."