കേരളം മറ്റൊരു ശ്രീലങ്കയാകുമോ?
മൂന്നേകാൽ കോടിയാണ് കേരളത്തിലെ ജനസംഖ്യ. സംസ്ഥാനത്തിന്റെ പൊതുകടമാകട്ടെ 3.36 ലക്ഷം കോടി രൂപയും. ശരാശരി ഒരു ലക്ഷം രൂപയുടെ ബാധ്യതയുമായാണ് കേരളത്തിൽ ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് എന്നത് നമ്മെ ഭയപ്പെടുത്തുന്ന കണക്കാണ്. കാൽക്കാശില്ലാതെ സംസ്ഥാന ഖജനാവ് ശൂന്യമാകുമ്പോഴും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടാൻ കമ്മിഷനെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. ഏകാംഗ കമ്മിഷനായി റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ നായരെയും കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം നിയോഗിച്ചു. നാട് കടംകേറി കുത്തുപാളയെടുത്തു നിൽക്കുമ്പോൾ, ശമ്പള വർധന തൽക്കാലം വേണ്ടെന്നു പറയാൻ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ഒരു സാമാജികനു പോലും നാവുയർന്നില്ലെന്നതാണ് ആശ്ചര്യം.
വരവും ചെലവും ഒത്തുപോകാത്ത സാമ്പത്തിക മാനേജ്‌മെന്റ് ഏതു സ്ഥാപനത്തെയും സംരംഭത്തെയും കുത്തുപാളയെടുപ്പിക്കുമെന്നത് ലളിത യുക്തിയിലടങ്ങിയ സാമാന്യ ബോധമാണ്. ആവിധം ആർജിതബാധ്യതയിൽ വീർപ്പുമുട്ടുന്ന കേരളത്തിലാണ് ജനപ്രതിനിധികളുടെ ശമ്പളം ഒരു ന്യായലേശമന്യേ വർധിപ്പിക്കാനുള്ള നീക്കം. ഇതിനൊക്കെയും പുറമേയാണ് രാജിവയ്‌ക്കേണ്ടി വന്ന മുൻമന്ത്രി സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫിലെ 17 പേർക്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ സ്റ്റാഫിൽ പുനർനിയമനം നൽകിയത്. മന്ത്രി വി. അബ്ദുറഹിമാന്റെ സ്റ്റാഫിൽ ആറു പേരെയും മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി.എൻ വാസവൻ എന്നിവരുടെ സ്റ്റാഫിൽ അഞ്ചുപേർ വീതവും മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒരാളെയും തിരുകിക്കയറ്റിയത്. ഇതോടെ മൂന്നു മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം 30 ആയി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക്, ആ പദവിയിൽ വരുന്ന ചെറിയൊരു ഇടവേള പോലും പെൻഷൻ ആനുകൂല്യങ്ങൾക്ക് തിരിച്ചടിയാകുമെന്നതിനാൽ, സജി ചെറിയാൻ രാജിവച്ച ഉടൻ, സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടി സർക്കാർ അവരെ സുരക്ഷാ വലയത്തിലിട്ടിരുന്നു. ജൂലൈ ആറിനാണ് മന്ത്രിയുടെ രാജിയെങ്കിൽ ജൂലൈ 20 വരെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ജോലിയിൽ നിന്ന് പിരിഞ്ഞുപോകാനുള്ള സാവകാശവും നൽകി. 21 മുതലാണ് ഇവരെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയത്. ചെലവുചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫിൽ പരമാവധി 25 പേരേ പാടുള്ളൂ എന്നായിരുന്നു ഇടതുമുന്നണിയുടെ മുൻനയം. ഇതിനു വിരുദ്ധമാണ് ഇപ്പോഴത്തെ നടപടി. പുതുതായി നിയമിച്ചവർക്കുകൂടി പെൻഷൻ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് കോടി രൂപയുടെ കടബാധ്യതയിൽ നട്ടംതിരിയുമ്പോഴാണ് പാർട്ടിക്കൊടി പിടിച്ചു എന്നതിന്റെ പേരിൽ മാത്രം ഇഷ്ടക്കാരെ പേഴ്‌സണൽ സ്റ്റാഫിലും മന്ത്രിമന്ദിരങ്ങളിലും അവരോധിക്കുന്നത്. മുഴുവൻ മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിൽ ആളെണ്ണം കൂട്ടാമെന്ന് ഇന്നലെ എടുത്ത തീരുമാനം ഈ സന്ദർഭത്തിൽ കൂട്ടി വായിക്കുമ്പോൾ ആർക്കും ചിരിവരും. ആരെയാണ് ഈ സർക്കാർ വിഡ്ഢിയാക്കുന്നത്! പണമില്ലാത്തതിന്റെ പേരിൽ ജീവനക്കാരുടെ ലീവ് സറണ്ടർ വരെ മൂന്നു മാസത്തേക്കു നീട്ടിയതിനു പിന്നാലെയാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനം.
ഇതിനിടെ, മൂക്കറ്റം കടത്തിൽ മുങ്ങി നിൽക്കുമ്പോളും വികസനപ്രവർത്തനങ്ങളുടെ പേരിൽ കിട്ടാവുന്നിടത്തുനിന്നൊക്കെ കൊള്ളപ്പലിശക്കു കടം വാങ്ങിക്കൂട്ടുകയുമാണ്. കണ്ണുംപൂട്ടിയുള്ള ഈ കടമെടുപ്പ് നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. കടമെടുപ്പിനു പരിധി നിശ്ചയിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങിനിൽക്കുന്നത്. അല്ലാതെ മുണ്ടുമുറുക്കിയുടുക്കാനല്ല.
ഒരു വിഷയത്തെ സമഗ്രമായി വിശകലനം ചെയ്യുന്ന രേഖയാണ് ധവളപത്രം. കേരളത്തിന്റെ സാമ്പത്തിക പരാധീനതകളെക്കുറിച്ച് ആറു വർഷം മുമ്പ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ഒരു ധവളപത്രം അവതരിപ്പിച്ചിരുന്നു. ഈ രേഖയനുസരിച്ച് അന്നേ ട്രഷറി കാലിയാണ്. ദിനേനയുള്ള ഇടപാടുകൾക്കു പോലും പണമില്ല. യു.ഡി.എഫ് സർക്കാർ പടിയിറങ്ങുമ്പോൾ ട്രഷറിയിൽ 1,643 കോടി രൂപ മിച്ചമുണ്ടായിരുന്നുവെന്നാണ് അവരുടെ ധനമന്ത്രി പറഞ്ഞിരുന്നത്. അത് കേവല അവകാശവാദം മാത്രമാണെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. എന്നാൽ 2021ൽ ഐസക് ധനമന്ത്രിക്കസേര ഒഴിയുമ്പോഴും ഇത്തരമൊരു അവകാശവാദം ഉയർന്നു. 5000 കോടി രൂപ ട്രഷറിയിൽ മിച്ചമുണ്ടെന്നായിരുന്നു ഐസക്കിന്റെ പറച്ചിൽ. ഇതിൽ 4000 കോടി കടം വാങ്ങിയതും ഭാവിയിൽ വാങ്ങാൻ കഴിയുന്ന 1000 കോടിയും ചേർത്തായിരുന്നു 5000 കോടി മിച്ചമെന്ന ഐസക്കിന്റെ കണ്ടുപിടിത്തം. തോമസ് ഐസക്കിന് പിന്നാലെ കെ.എൻ ബാലഗോപാൽ ധനമന്ത്രിയായി ചുമതലയേറ്റ ഉടൻ, ശമ്പളവും പെൻഷനും കൊടുക്കുന്നതിനു വേണ്ടി മാത്രം 3,500 കോടി രൂപ കടമെടുത്തുവെന്നത് മറ്റൊരു വസ്തുത.
വ്യക്തികൾ തമ്മിലുള്ള കടം മോശം കാര്യമെന്നും സർക്കാരിന്റെ കടം അങ്ങനെയല്ലെന്നും വാദിക്കുന്ന, വിദഗ്ധരെന്ന് ഊറ്റംകൊള്ളുന്ന ചിലരുണ്ട്. നാളത്തെ സമ്പദ്‌വ്യവസ്ഥ ഇന്നത്തെ കടവും പലിശയും തിരിച്ചുകൊടുക്കുമെന്നാണ് അവർ നിരത്തുന്ന ന്യായം. എന്നാൽ ചൈനയടക്കം കിട്ടാവുന്ന സകല രാജ്യങ്ങളിൽനിന്നും കടത്തിൻമേൽ കടം വാങ്ങി നിലയില്ലാക്കയത്തിലായ ശ്രീലങ്കയിലേക്ക് ഒന്ന് തല നീട്ടി നോക്കുക! സാമ്പത്തികപ്രതിസന്ധിയിൽ തകർന്നടിഞ്ഞ ശ്രീലങ്കയിലെ അവസ്ഥ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് കേരളത്തിനു കുറച്ചുനാൾമുമ്പ് നൽകിയ മുന്നറിയിപ്പിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ഇനിയെങ്കിലും ശ്രമിക്കുക. അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയത്. കേരളത്തിനു പുറമേ പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളുടെ കടബാധ്യത കൂടുന്നുവെന്നും സാമ്പത്തികനില കടുത്ത പ്രതിസന്ധിയിലാണെന്നുമാണ് സ്ഥിതിവിവര കണക്കുകൾ നിരത്തി ആർ.ബി.ഐ ഓർമിപ്പിച്ചത്.
ജി.എസ്.ടി നഷ്ടപരിഹാരത്തുക 5,693 കോടി, കേന്ദ്രം അനുവദിച്ചതു കൊണ്ടാണ് ഈ മാസം ശമ്പളവും പെൻഷനും ക്ഷേമപെൻഷനും വിതരണം ചെയ്തത്. കേന്ദ്ര സർക്കാരുമായുള്ള കടുത്ത മൽപിടിത്തത്തിനൊടുവിൽ കഴിഞ്ഞ മാസം അവസാനമാണ് സംസ്ഥാന സർക്കാർ 1,500 കോടി രൂപ കടമെടുത്തത്. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം സംസ്ഥാനം വിപണിയിൽനിന്ന് 'സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണു'കളായി മാത്രം 1.87 ലക്ഷം കോടി കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചുതീർക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും. ഇങ്ങനെ കടം പെരുകുമ്പോൾ, പെട്രോൾ ഡീസൽ വിൽപനയിലൂടെ കിട്ടുന്ന നികുതി, മദ്യം-ലോട്ടറിക്കച്ചവടം, ഭൂമിയുടെയും മറ്റും രജിസ്‌ട്രേഷനിൽനിന്ന് കിട്ടുന്ന വരുമാനം എന്നിവ മാത്രമാണ് സംസ്ഥാനത്തിന്റെ ധനാഗമന മാർഗം. കടബാധ്യതയുള്ള സംസ്ഥാനങ്ങൾ ചെലവ് ചുരുക്കി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ, രാജ്യം കടത്തിൽ പെട്ടുപോകരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഗുണകാംക്ഷികളുടെ ഉപദേശങ്ങൾ ചെവിക്കു പുറത്തേക്കിട്ട്, ആരും തങ്ങളേക്കാൾ പോന്നവരല്ല, അറിവുള്ളവരല്ല എന്ന അഹങ്കാരം അണിഞ്ഞു നടക്കുകയാണ് കേരള സർക്കാർ. ഈ നില തുടർന്നാൽ, വാർത്തകളിൽമാത്രം കണ്ടും കേട്ടുമറിഞ്ഞ ശ്രീലങ്കയുടെ ദുരിതാവസ്ഥകളിലേക്ക് വൈകാതെ കേരളവും എത്തിച്ചേർന്നേക്കും; അനായാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."