ആദിവാസികളിൽനിന്ന് കൂറുമാറുന്ന കേരളം
ടി.കെ തേജസ്സ്വിനി
മാവോയിസ്റ്റുകളെ മറയിട്ട് ആദിവാസി സമൂഹത്തിനുമേൽ ഭരണാധികാരികൾ നടത്തുന്ന കടന്നുകയറ്റത്തിന് അറുതിയാവുന്നില്ല.മാവോയിസ്റ്റുകൾ 'ഭീഷണി' ഉയർത്തുന്ന കേരളത്തിൽ ആ പേരുപറഞ്ഞ് ഒരു ജനതയെ അകറ്റിനിർത്താനുള്ള അധികൃതരുടെ തുടർച്ചയായ ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമാണ്. ആദിവാസി ഊരുകളിലെ പ്രശ്‌നങ്ങൾ പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള മാധ്യമങ്ങളുടെയും അവ ചർച്ച ചെയ്യാനുള്ള പൊതുസമൂഹത്തിന്റെയും വിമുഖതയുടെ ആനുകൂല്യം അനുഭവിക്കുകയാണ് ഭരണകൂടം. ഇതുകൊണ്ടൊക്കെയാണ് പട്ടികവർഗ കോളനികളിലെ പ്രവേശന വിലക്കും അട്ടപ്പാടിയിലെ മധു കൊലക്കേസിലെ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നതും പൊതുസമൂഹം ചർച്ച ചെയ്യാൻ മടിക്കുന്നതെന്നു വേണം വിലയിരുത്താൻ.
പുറമെ നിന്നുള്ളവർക്ക് ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഇക്കഴിഞ്ഞ മെയിൽ പട്ടികവർഗ വികസന വകുപ്പ് ഇറക്കിയ ഉത്തരവിൽ ചില മാറ്റങ്ങൾ വരുത്തികഴിഞ്ഞ ദിവസം മറ്റൊരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പട്ടികവർഗ കോളനികളിലെ സന്ദർശകർക്കുള്ള വിലക്കിനെതിരേ ആദിവാസി സമൂഹത്തിൽ നിന്നുണ്ടായ എതിർപ്പിനെ തുടർന്നായിരുന്നു ഈ മാറ്റം. എന്നാൽ പുതിയ ഉത്തരവിൽ 'വിലക്ക്' നീക്കിയെങ്കിലും ഊരുകളിൽ ഇലയനങ്ങിയാൽ വകുപ്പോ പൊലിസോ അറിയുന്ന വിധത്തിലാണ് പുതിയ 'നിരീക്ഷണം' ഏർപ്പെടുത്തിയിരിക്കുന്നത്.
വിവാദ പ്രവേശന വിലക്ക് ഉത്തരവിൽ ഭേദഗതി വരുത്തി പുറത്തിറക്കിയ പുതിയ ഉത്തരവ് ആദിവാസി കോളനികളിൽ കൂടുതൽ നിരീക്ഷണവും നിയന്ത്രണവും കൊണ്ടുവരുകയാണെന്നാണ് വ്യക്തമാക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം എന്ന പൊലിസ് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ മറപിടിച്ചാണ് ഈ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഗവേഷകരും സന്നദ്ധപ്രവർത്തകരും എന്ന വ്യാജേന മാവോയിസ്റ്റ് അനുകൂല പ്രവർത്തകർ ഊരുകളിൽ സ്വാധീനം ഉണ്ടാക്കിയേക്കാമെന്ന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നുവത്രെ. അതിനാൽ കോളനികളിൽ ആരെങ്കിലും വരുന്നുണ്ടോയെന്നും അവർ എന്തുതരം ഇടപെടലാണ് നടത്തുന്നതെന്നും കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് നൽകാനും എസ്.ടി പ്രമോട്ടർമാർ ഉൾപ്പെടെയുള്ള ഫീൽഡ് സ്റ്റാഫുകളെ പുതിയ ഉത്തരവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായും 'ഗുരുതരമായ' ഈ റിപ്പോർട്ട് പൊലിസിനും എത്തും. ഇത് ബാക്കിയാക്കുക ഏതൊരാളെയും മാവോയിസ്റ്റ് എന്ന പേരിൽ അറസ്റ്റു ചെയ്യാനുള്ള സമ്മതപ്പത്രമായിരിക്കും. ആദിവാസി ഊരുകളെ മാവോയിസ്റ്റ് ഇടപെടലിൽ നിന്ന് മോചിപ്പിക്കേണ്ടതാണ്. എന്നാൽ ഇതിനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ കോളനികൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ഇടപെടൽ നടക്കുന്നുവെന്ന ഒരു റിപ്പോർട്ടിന്റെയെങ്കിലും പിൻബലം ആവശ്യമാണ്.
അട്ടപ്പാടിയിലെ മധു വധക്കേസിലെ മറ്റൊരു സാക്ഷിയും കൂറുമാറിയ വാർത്തയാണ് ഏറ്റവും ഒടുവിൽ വന്നത്. ഇതോടെ മണ്ണാർക്കാട് പട്ടിക ജാതി-വർഗ പ്രത്യേക കോടതിയിൽ നടക്കുന്ന വിസ്താരത്തിനിടെ ഒൻപതാമത്തെ സാക്ഷിയാണ് കൂറുമാറുന്നത്. വിചാരണ നടക്കുന്ന ദിവസങ്ങളിലെല്ലൊം സാക്ഷികൾ കൂറുമാറുന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 18ാം സാക്ഷിയായ കാളിമൂപ്പനും കൂറുമാറിയിരുന്നു. വണ്ടിക്കടവ് പൊട്ടിക്കലിൽ ഭക്ഷണം കഴിക്കുന്ന ഷെഡിൽവച്ച് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊണ്ടുവരുന്നതും മെഹറുന്നീസ എന്ന സ്ത്രീ അവശയായ മധുവിന് വെള്ളം കൊടുക്കുന്നതും താൻ കണ്ടുവെന്ന് പൊലിസിന് മൊഴി കൊടുത്ത സാക്ഷിയായിരുന്നു കാളിമൂപ്പൻ. 15 ാം സാക്ഷിയായ മെഹറുന്നീസ നേരത്തെ കൂറുമാറിയിരുന്നു. കേസിലെ പ്രതികളുടെ രാഷ്ട്രീയമോ സമുദായമോ ഒന്നുമല്ല ഇവിടെ വിഷയം. മധുവിന്റെ കേസിൽ ആരെങ്കിലും നീതിനിർവഹണത്തെ ബോധപൂർവം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇത് സമകാലിക ഇന്ത്യയുടെ നേർചിത്രമാണെന്ന് കൂടി വിലയിരുത്തേണ്ടി വരും. ഇന്ത്യയിൽ നിരവധി ആൾക്കൂട്ട കൊലപാതകങ്ങളുടെ എഫ്.ഐ.ആറുകൾ കോടതി മുറികളിൽ ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അവിടെയൊക്കെ നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന ആർക്കും മധുവിന്റെ കുടുംബത്തിന് നീതി കിട്ടരുതെന്നു ചിന്തിക്കാനാവില്ല. നിയമം കൃത്യമായി നിർവഹിക്കപ്പെടുന്നിടത്തുമാത്രമേ ഭയരഹിതമായ ഒരു സമൂഹമുണ്ടാകുകയുള്ളൂ. അതാണ് കാലങ്ങളായി ആദിവാസി സമൂഹത്തിൽ ഇല്ലാതെ പോകുന്നതും.
പീഡനത്തിനിരയായി ജീവൻ നഷ്ടമായ വാളയാറിലെ സഹോദരിമാരുടെയും വിശപ്പടക്കാനായി ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെയും അമ്മമാരുടെ കണ്ണുനീർ തോരാത്ത നാട്ടിൽ എന്ത് സാഹോദര്യ സന്ദേശമാണ് സമൂഹത്തിന് നൽകാൻ കഴിയുക. ഇത് ഭരണകൂടം കാട്ടുന്ന ക്രൂരതയ്ക്ക് ഒരർഥത്തിൽ കുടപിടിക്കലാണ്. ഊരുകളിൽ നിന്നും കോളനികളിൽ നിന്നും വിശപ്പിന്റെ നിലവിളികളെ ഇല്ലാതാക്കിയെന്ന് നെഞ്ചുയർത്തിപ്പിടിച്ച് പറയാനാകാത്ത, അരിവാൾ രോഗത്തിന്റെ പിടിയിലമർന്ന് മരണം കാത്തുകഴിയുന്നവരുടെ എണ്ണം മുകളിലേക്കുയരുമ്പോൾ ഉത്തരം മുട്ടുന്ന, അട്ടപ്പാടിയിലെ അമ്മമാരുടെ ഗർഭപാത്രത്തിൽനിന്ന് ചാപിള്ളകൾ പുറത്തേക്കൊഴുകുമ്പോൾ കണ്ണടയ്ക്കുന്ന ഭരണകൂടങ്ങൾക്കൊപ്പം മധുവിന് നീതിനിഷേധിക്കാൻ ഒരു പരിഷ്‌കൃതസമൂഹം കൂട്ടുനിൽക്കുവെന്നതാണ് ഏറെ ഭീതിദം. ആദിവാസികളുടെ ചോദ്യങ്ങൾ ഉയരാതിക്കാൻ അധികൃതർ കൊണ്ടുവരുന്ന ഒറ്റപ്പെടുത്തലകൾക്കും പുതിയ നിയമങ്ങൾക്കുമെതിരേ എങ്ങനെ തലകുനിഞ്ഞ ഒരു സമൂഹത്തിന് തലയുയർത്തി ചോദ്യം ചെയ്യാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."