പേമാരിയും വെള്ളപ്പൊക്കവും: മലയാളികളും ഏറെ ദുരിതത്തിലായി
ദുബൈ: യു.എ.ഇയുടെ കിഴക്കന്‍ പ്രവിശ്യകളിലുണ്ടായ പേമാരിയും വെള്ളപ്പൊക്കവും മലയാളി പ്രവാസികളെയും ഏറെ പ്രയാസത്തിലാക്കി. ഫുജൈറയില്‍ ആള് നാശം ഉണ്ടായില്ലെങ്കിലും താമസ സ്ഥലങ്ങളും വാണിജ്യ കേന്ദ്രങ്ങളും വെള്ളത്തിലായത് ഏറെ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
മണിക്കൂറുകള്‍ നീണ്ട പേമാരിയുണ്ടായതോടെ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും കടകളിലും ഹോട്ടലുകളിലും മറ്റും വെള്ളം കയറുകയായിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന മലയാളികള്‍ പാസ്പോര്‍ട്ട് മാത്രം എടുത്ത് രക്ഷപ്പെടുകയായിരുന്നു. അര്‍ധരാത്രിയാണ് പലരും ഉയര്‍ന്ന ഭാഗങ്ങളിലേക്ക് രക്ഷപ്പെട്ടത്. പലപ്പോഴും മഴയുണ്ടാവാറുണ്ടെങ്കിലും ദീര്‍ഘസമയം നീണ്ടു നില്ക്കുന്ന അവസ്ഥ ഉണ്ടാവാറില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിലും സന്നദ്ധ സേവനത്തിനുമായി എത്തിയ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
ഹോട്ടലുകളില്‍ ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളും മറ്റും വെള്ളം കയറി നശിച്ച അവസ്ഥയിലാണ്. താമസസ്ഥലങ്ങളിലെ വസ്തുവകകളും പലര്‍ക്കും നഷ്ടമായി. ഭരണകൂടവും സന്നദ്ധ പ്രവര്‍ത്തകരും അശ്രാന്ത പരിശ്രമം നടത്തി സ്ഥിതി സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വീടും, കടകളും വൃത്തിയാക്കാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."