ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി
ആലപ്പുഴ: മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. കൃണ തേജയെ പുതിയ ജില്ലാ കലക്ടറായി നിയമിച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഉത്തരവ്.
സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കലക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫിസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്.കൃഷ്ണ തേജയെ ആലപ്പുഴ കലക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കലക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.
മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കലക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കലക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു.
അതിനിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് കത്തയച്ചിരുന്നു.
ആലപ്പുഴ ജില്ലാ കലക്ടർ ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി ലഭിച്ചിരുന്നു. ശ്രീറാം വെങ്കട്ടരാമൻ, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."