സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല് സംഭരണ വിലയിൽ 20 പൈസയുടെ വർധന
തിരുവനന്തപുരം • സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്. സംഭരിച്ച നെല്ലിന് ഇതുവരെ 20,62 കോടി രൂപ 2,48,237 കർഷകർക്കു വിതരണം ചെയ്തു. ജൂലൈ 22 വരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചിട്ടുള്ളത് പാലക്കാട് ജില്ലയിലാണ്. 1,22,454 കർഷകരിൽ നിന്നായി ജില്ലയിൽ 980 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ആലത്തൂർ, ചിറ്റൂർ, പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലമടക്കമുള്ള താലൂക്കുകളിൽ നിന്ന് 3,50,008 ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. 405 കോടി രൂപയുടെ 1,44,997.358 ടൺ നെല്ല് സംഭരിച്ച ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 40,650 കർഷകരിൽ നിന്നായി 1,02,939.927 ടൺ നെല്ല് 288 കോടി രൂപയ്ക്ക് സംഭരിച്ച തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
2022-23 വിള സീസൺ രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു. സംസ്ഥാനത്ത് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോം എയും പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോം സിയും വഴിയാണ് നെല്ല് സംഭരണത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്.
പൊതുവിപണിയിലെ വിലയേക്കാൾ കൂടുതൽ നൽകിയാണ് സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്. 2020-21 സീസണിൽ കേന്ദ്ര താങ്ങുവില (എം.എസ്.പി) 18.68 രൂപയും സംസ്ഥാന ബോണസ് 8.80 രൂപയും ഉൾപ്പെടെ 27.48 രൂപയായിരുന്നു സംസ്ഥാനത്ത് നെല്ലിന്റെ വില. 2021-22 സീസൺ മുതൽ കേന്ദ്ര താങ്ങുവില 19.40 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 8.60 രൂപയും ഉൾപ്പെടെ നെല്ലിന്റെ വില 28 രൂപയായിരുന്നു. 2022-23 സീസൺ മുതൽ നെല്ലിന്റെ സംഭരണ വില 20 പൈസ കൂടി വർധിപ്പിച്ച് കിലോഗ്രാമിന് 28.20 രൂപയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."