പള്ളിയിൽ നികാഹിന് വധുവിനെ പ്രവേശിപ്പിച്ച സംഭവം കുറ്റസമ്മതം നടത്തി ജമാഅത്ത് മഹല്ല് കമ്മിറ്റി
ടി.സി അജ്മൽ അശ്അരി
കുറ്റ്യാടി (കോഴിക്കോട്) • പള്ളിയിൽ വച്ച് നടന്ന നികാഹ് ചടങ്ങിൽ വരനോടൊപ്പം വധുവിനേയും പങ്കെടുപ്പിച്ചതിൽ നാട്ടുകാരോട് കുറ്റസമ്മതം നടത്തി മഹല്ല് കമ്മിറ്റി. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള കുറ്റ്യാടി പാലേരി പാറക്കടവ് മഹല്ല് കമ്മിറ്റിയാണ് നടപടി തെറ്റായിപ്പോയെന്ന് സമ്മതിക്കുന്ന കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മഹല്ലിന്റെ കീഴിലുള്ള പള്ളിയിൽ നടന്ന നികാഹ് ചടങ്ങിൽ വരനോടൊപ്പം വധുവിനേയും പ്രവേശിപ്പിച്ചത്. നികാഹിന് ശേഷം മിമ്പറിനടുത്ത് വച്ച് ഫാമിലിയുടെ ഫോട്ടോ ഷൂട്ടും നടന്നിരുന്നു.
ജമാഅത്തെ ഇസ്‌ലാമിക്ക് ഭൂരിപക്ഷമുള്ള മഹല്ലിലെ ഈ സംഭവം വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും പിന്നാലെ ചർച്ചയാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പു പറച്ചിലുമായി കമ്മിറ്റി തന്നെ രംഗത്തെത്തിയിരിക്കുന്നത്. പള്ളിയിലെ നികാഹ് വേദിയിൽ വധുവിന് പ്രവേശനം അനുവദിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറൽ സെക്രട്ടറിയോട് നികാഹിന് തൊട്ടുമുമ്പാണ് കുടുംബം സമ്മതം ചോദിച്ചതെന്നും മഹല്ല് ജനറൽ സെക്രട്ടറി സ്വന്തം നിലക്ക് അനുവാദം നൽകിയത് വലിയ വീഴ്ചയാണെന്നുമാണ് മഹല്ല് നിവാസികൾക്കായുള്ള കുറിപ്പിൽ പറയുന്നത്.
പാലേരി പാറക്കടവ് മസ്ജിദിൽ അത്തരം ഒരു പ്രവേശന അനുമതി മഹല്ല് കമ്മിറ്റിയിൽ നിന്നോ, കമ്മിറ്റി അംഗങ്ങളിൽ നിന്നോ, ഏതെങ്കിലും പണ്ഡിതനിൽ നിന്നോ ജനറൽ സെക്രട്ടറിക്ക് ലഭിച്ചിട്ടില്ല. മഹല്ല് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയതായും കുറിപ്പിലുണ്ട്. സെക്രട്ടറിയുടെ കുറ്റസമ്മതം മഹല്ല് കമ്മിറ്റി മുഖവിലക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്തതായും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പള്ളിക്കുള്ളിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചത് അനധികൃതമാണെന്നും ഇതിന് വധുവിന്റെ കുടുംബമാണ് ഉത്തരവാദികളെന്നും കുറിപ്പ് വ്യക്തമാക്കുന്നു. സംഭവം ഗൗരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കുമെന്നും കുറിപ്പിൽ പറയുന്നു. വർഷങ്ങളായി ജമാഅത്തെ ഇസ് ലാമിയുടെ കമ്മിറ്റിയാണ് മഹല്ല് ഭരിക്കുന്നത്. ഇവിടെ മതപരമായ കർമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും അവർ തന്നെയാണ്. മഹല്ലിലെ ഭൂരിപക്ഷം നിവാസികളും ജമാഅത്തെ ഇസ് ലാമി പ്രവർത്തകരുമാണ്. അതേ സമയം, പാലേരി പാറക്കടവ് മഹല്ല് കമ്മിറ്റി ജമാഅത്തെ ഇസ്‌ലാമിയുടെ മഹല്ലല്ലെന്നും മുതവല്ലിക്ക് കീഴിലാണെന്നും ഇതിൽ എല്ലാം വിഭാഗം ആളുകളുണ്ടെന്നും മഹല്ല് സെക്രട്ടറി ഇ.ജെ മുഹമ്മദ് നിയാസ് 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."