മുഖ്യമന്ത്രിയുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് പൊലിസ് ഉദ്യോഗസ്ഥന്‍; കേസെടുത്ത് സൈബര്‍ പൊലിസ്
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ പൊലിസ് ഉദ്യോഗസ്ഥനെയാണ് സംഘം കബളിപ്പിച്ചത്.
കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ.ജയനാഥിന്റെ പരാതിയില്‍ സംഘത്തിനെതിരെ പൊലിസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 419, 468, 471 എന്നീ വകുപ്പുകള്‍ ചുമത്തി വഞ്ചന കുറ്റത്തിനും ഐടി ആക്ട് സെക്ഷന്‍ 66 സി, 66ഡി പ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പും ചുമത്തിയാണ് ഇവര്‍ക്കെതിരെ സൈബര്‍ പൊലിസ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈല്‍ ചിത്രമുള്ള 8099506915 എന്ന നമ്പറില്‍ നിന്ന് ആഗസ്റ്റ് മൂന്നിന് ഇദ്ദേഹത്തിന് ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചു.
സന്ദേശം അയച്ച വ്യക്തി പണം ആവശ്യപ്പെട്ടതായാണ് ഉദ്യോഗസ്ഥന്റെ പരാതി. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ നിന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ സന്ദേശങ്ങള്‍ ലഭിച്ചതായി സംശയിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പൊലിസ് പറഞ്ഞു.
പൊലിസ് ഉദ്യോഗസ്ഥനായ സഞ്ജീബ് പട്ജോഷിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സൈബര്‍ പൊലിസ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു.
ഇതിനുപുറമെ കോഴിക്കോട് ജില്ലാ കലക്ടര്‍ നരസിംഹുഗരി ടി എല്‍ റെഡ്ഡിയുടെ പേരിലും വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി സംഘം തട്ടിപ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."