ജെൻഡർ ന്യൂട്രാലിറ്റി: എതിർപ്പുകൾ എന്തുകൊണ്ട്?
ഡോ. ഫൈസൽ ഹുദവി മാരിയാട്
വിദ്യാലയങ്ങളിലൂടെ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ നടപ്പിലാക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ടുവരുന്നതിന്റെ സൂചനകൾ മുന്നിൽ കണ്ട് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണല്ലോ. പെൺകുട്ടികൾക്ക് പാന്റ്സും ഷർട്ടും നിർബന്ധമാക്കി ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കാനുള്ള നീക്കത്തെ സ്ത്രീവിരുദ്ധവും കൺസെൻ്റ് മാനിപുലേഷനും പുരുഷാധിപത്യം നടപ്പാക്കാനുള്ള ശ്രമവുമായാണ് എം.കെ മുനീർ വിമർശിച്ചത്. ആൺ-പെൺ വ്യത്യാസമില്ലാത്ത യൂനിഫോം എന്നതിനപ്പുറം അത്തരമൊരാശയത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ലിബറൽ ചിന്തകളെക്കുറിച്ചുള്ള തുറന്ന സംവാദത്തിലേക്ക് കേരളീയ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ പ്രസ്തുത വിവാദത്തിന് സാധിച്ചിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ.
വിവാദങ്ങളുടെയും എതിർപ്പുകളുടെയും പശ്ചാത്തലത്തിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം ആരെയും നിർബന്ധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതിനകം വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ എം.കെ മുനീർ നടത്തിയ പ്രസ്താവന നിരുത്തരവാദപരവും സമൂഹവിരുദ്ധവുമായെന്ന് ആക്ഷേപിച്ച മന്ത്രി ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. അഥവാ, കേവലം യൂനിഫോമിൽ ഒതുങ്ങുന്നതല്ല ജെൻഡർ ന്യൂട്രൽ ആശയങ്ങൾ എന്നർഥം. ലിംഗത്വനിരപേക്ഷതയിലൂന്നിയ പുതിയ കേരളീയ സമൂഹത്തിന്റെ സൃഷ്ടിപ്പ് ഈ സർക്കാരിന്റെ ലക്ഷ്യമാണെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു മുമ്പ് നടത്തിയ പ്രസ്താവന ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾക്കെല്ലാം പാൻ്റ്സും ഷർട്ടും നിർബന്ധമാക്കി നടത്തിയ ജെൻഡർ ന്യൂട്രൽ യൂനിഫോമിന്റെ പ്രഖ്യാപന പശ്ചാത്തലത്തിൽ അവർ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു "സമൂഹത്തിന്റെ എതിർ ലിംഗ വർഗത്തോടുള്ള കാമാതുരത സ്വാഭാവികമായി കാണുന്ന പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താൽ തടസപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നൽകപ്പെടുന്ന വിദ്യാഭ്യാസത്തിനുള്ള അവസരം നമ്മുടെ വിദ്യാർഥികൾക്കുണ്ടാവണം. അതിലൂടെ ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങൾ'.
അഥവാ, സ്കൂളിൽ വിദ്യാർഥികൾ ഏതുതരം വസ്ത്രം ധരിക്കണമെന്നതുമായി ബന്ധപ്പെട്ടതല്ല നിലവിലുള്ള വിവാദങ്ങളുടെ അടിസ്ഥാനമെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിലെ രണ്ട് വിദ്യാഭ്യാസ മന്ത്രിമാരുടെയും പ്രസ്താവനകൾ. മറിച്ച് ലിംഗം, ലിംഗത്വം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നവലിബറൽ ആശയങ്ങളുടെ വെളിച്ചത്തിൽ ഒരു പുതിയ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ് കേരളത്തിലെ നിലവിലുള്ള ഭരണകൂടമെന്നും ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണെന്നുമാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു നീക്കം നിലവിലുള്ള ധാർമിക സദാചാര കാഴ്ചപ്പാടുകളെ തകർക്കുന്നതും മൂല്യവ്യവസ്ഥയെ തകിടം മറിക്കുന്നതായിരിക്കുമെന്ന ആശങ്കയാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരേ രംഗത്തുവന്നവർ ഉയർത്തികൊണ്ടിരിക്കുന്നത്. അവർ ഉയർത്തികൊണ്ടിരിക്കുന്ന ഭയാശങ്കകളെ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെയോ മതവിഭാഗത്തിന്റെയോ മേലിൽ ചുമത്തി നിലവിലുള്ള വിവാദത്തിനു വംശീയവും സാമുദായികവുമായ മാനം നൽകാനുള്ള ശ്രമങ്ങളുണ്ടാവുന്നത് ജനാധിപത്യസമൂഹത്തിന് യോജിക്കുന്നതല്ല. യഥാർഥത്തിൽ ജെൻഡർ ന്യൂട്രാലിറ്റിയും അതുയർത്തുന്ന സാമൂഹിക സാംസ്കാരി പ്രതിസന്ധികളും കൃത്യമായ വിശകലന വിധേയമാക്കപ്പെടേണ്ടതുണ്ട്.
ജെൻഡർ ന്യൂട്രാലിറ്റി
നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിൽ മാത്രമല്ല ലൈംഗികമായ അഭിനിവേഷത്തിലും ആളുകളെ ആൺ-പെൺ വേർതിരിവില്ലാതെ വളരെ വിശാലവും സ്വതന്ത്രവുമായ കാഴ്ചപ്പാടുകളോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന ലിംഗത്വ സിദ്ധാന്തങ്ങളുടെ (gender theories) അടിസ്ഥാനത്തിൽ രൂപപ്പെട്ടുവെന്ന ആശയമാണ് ജെൻഡർ ന്യൂട്രാലിറ്റി. സ്ത്രീ-പുരുഷ സ്വത്വങ്ങൾ കേവലം ലൈംഗികാവയവങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടതല്ലെന്നും ഓരോ വ്യക്തിക്കും അവരുടെ ഉള്ളിൽ നിന്ന് വരുന്ന തോന്നലുകൾക്ക് അടിസ്ഥാനത്തിൽ നിർണ്ണയിക്കേണ്ടതാണ് ലിംഗത്വമെന്നുമാണ് സിദ്ധാന്തം. ഇതനുസരിച്ച് ലിംഗം (sex), ലിംഗത്വം (gender), ലൈംഗികത (sexuality) എന്നിവ പരസ്പരബന്ധമില്ലാത്ത സ്വത്വങ്ങളാണ്. ബാഹ്യമായി ഏത് ലിംഗ (sex) മുള്ളയാളാണെങ്കിലും ഏത് ലിംഗത്തിലുള്ള ആളായാണോ ഒരാൾക്ക് സ്വയം തോന്നുന്നത് അതാണ് അയാളുടെ ലിംഗത്വം (gender). ആരോടാണോ അയാൾക്ക് ലൈംഗികാകർഷണം തോന്നുന്നത് അതാണ് അയാളുടെ ലൈംഗികത (sexuality).
സ്ത്രീവാദികളുടെ മാനിഫെസ്റ്റോ ആയി അറിയപ്പെടുന്ന ‘ദ് സെക്കൻഡ് സെക്സ്' എന്ന കൃതിയിലൂടെ ഫ്രഞ്ച് എഴുത്തുകാരിയും ഫെമിനിസ്റ്റ് സൈദ്ധാന്തികയുമായിരുന്ന സിമോൺ ദ ബൊവ മുന്നോട്ടുവയ്ക്കുന്ന ലിബറൽ ആശയങ്ങളാണ് മിക്ക ജെൻഡർ തിയറികളുടെയും അടിസ്ഥാനം.
ചുരുക്കത്തിൽ നാളിതുവരെ മാനവരാശി പരിഗണിച്ചിരുന്ന ആൺ-പെൺ സത്വങ്ങളെക്കുറിച്ചുള്ള ധാരണകളും സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തെറ്റാണെന്നും അവയെല്ലാം കേവലം സാമൂഹ്യനിർമിതികളായതിനാൽ തള്ളപ്പെടേണ്ടതാണെന്നുമാണ് ഇത്തരം സിദ്ധാന്തങ്ങളുടെ താൽപര്യം.
ജെൻഡർ ന്യൂട്രൽ യൂനിഫോം
മുകളിൽ പറഞ്ഞ ജെൻഡർ തിയറികളെ വളരെ പുരോഗമനമായി കാണുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചതുപോലെ കുട്ടികൾക്ക് ആണാണോ പെണ്ണാണോ എന്ന് സ്വയം തിരിച്ചറിയാൻ കഴിയാതെ വളരാനുള്ള സാഹചര്യങ്ങളുണ്ടാവണമെന്ന് അവർ ആത്മാർഥമായും ആഗ്രഹിക്കുകയും അതിനു വേണ്ട രാഷ്ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ജെൻഡർ ന്യൂട്രൽ യൂനിഫോം എന്നത് അത്തരമൊരു ബോധ്യത്തിൽ നിന്ന് കൂടിയാണ് വരുന്നത്. അഥവാ, ആൺ-പെൺ വേർതിരിവില്ലാത്ത വസ്ത്രരീതി പെൺകുട്ടികളിൽ തങ്ങൾ ആൺകുട്ടികളേക്കാൾ ഒട്ടും മോശമല്ലെന്ന ധാരണ ഉണ്ടാക്കാനും പെണ്ണായതിന്റെ പേരിൽ നിലനിൽക്കുന്ന അപകർഷതാ ബോധം ഇല്ലാതെയാക്കാനും സാധിക്കുമെന്നാണ് അവരുടെ ന്യായം. എന്നാൽ, സ്ത്രീയും പുരുഷനും അടിസ്ഥാനപരമായി രണ്ട് സത്വമാണെന്നും ശാരീരികമായും മാനസികമായും അവർ തമ്മിൽ ഏറെ വ്യതിരിക്തതകളുണ്ടെന്നുമുള്ള നഗ്നമായ വസ്തുതകളെ തിരസ്കരിക്കുന്നതാണ് ഇത്തരം ന്യായങ്ങളെന്നു കാണാൻ പ്രയാസമില്ല. സത്വത്തിന്റെ പേരിൽ നിലനിൽക്കുന്ന സാമൂഹിക വിവേചനങ്ങളെയും വ്യക്തിപരമായ അപകർഷതാബോധത്തെയും നേരിടേണ്ടത് അവരെ രണ്ടുപേരെയും ഒരേ വസ്ത്രം ധരിപ്പിച്ചതുകൊണ്ടല്ല. മറിച്ച് അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാനാവശ്യമായ പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്.
ജെൻഡർ ന്യൂട്രൽ യൂനിഫോമുകൾ പ്രചാരത്തിൽ വരുന്നതോടെ ആൺകുട്ടിയെയും പെൺകുട്ടിയെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ടാവും. മതപരമായി പ്രത്യേക വസ്ത്രധാരണം സ്വീകരിച്ചവർക്ക് അതിനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടും. മതബോധമുള്ള കുട്ടികളിൽ ഇത്തരം സാഹചര്യം ഉണ്ടാക്കുന്ന അപകർഷതാബോധവും മാനസികപിരിമുറുക്കവും വലുതായിരിക്കും. ആൺ-പെൺ തിരിച്ചറിയാത്ത വസ്ത്രങ്ങൾ വ്യാപകമാവുന്നതോടെ ലിംഗവ്യത്യാസങ്ങളില്ലാതെ ഇടപഴകൽ സ്വാഭാവികമാകും. നടേ പറഞ്ഞ രീതിയിലുള്ള ലിംഗത്വത്തെയും ലൈംഗികതയെയും സംബന്ധിച്ച് ആശയങ്ങൾ കൂടി ഇതിന്റെ മറവിൽ പ്രചരിപ്പിക്കപ്പെടുന്നതോടെ (പല കാംപസുകളിലും ഇതിനകം തന്നെ അത്തരം സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകൾ പ്രചാരത്തിലുണ്ട്) ലൈംഗികരാജകത്വത്തിലേക്കും ധാർമ്മിക സദാചാരസംവിധാനങ്ങളുടെ തകർച്ചക്കും ഇത് വഴിവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."