'ഇടയ്ക്കിടെ പോയിവന്ന് ബുദ്ധിമുട്ടേണ്ട, എന്റെ വീട്ടില്‍ താമസിക്കാം; കേന്ദ്ര ഏജന്‍സികളോട് തേജസ്വി യാദവ്
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ നേരിടാന്‍ മോദിസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നതിനെതിരെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇ.ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ബിഹാറില്‍ വന്ന് താമസിക്കാന്‍ താന്‍ ക്ഷണിക്കുകയാണെന്നും എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'എന്റെ വീട്ടില്‍ ഒരു ഓഫീസ് തുറക്കാന്‍ അന്വേഷണ ഏജന്‍സികളെ ഞാന്‍ ക്ഷണിക്കുകയാണ്. നിങ്ങളുടെ ചാനലിലൂടെ ഞാന്‍ അവരെ ക്ഷണിക്കുന്നു. ഇ.ഡി, സിബിഐ, ഇന്‍കം ടാക്സ് ദയവായി കടന്നുവരണം, എത്രകാലം വേണമെങ്കിലും ഇവിടെ താമസിക്കാം. എന്തിനാണ് തിരിച്ചുപോയി രണ്ടു മാസത്തിന് ശേഷം റെയ്ഡിന് വരുന്നത്? ഇവിടെ താമസിക്കൂ, അതാണ് എളുപ്പം'' തേജസ്വി യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ പോഷക സംഘടനപോലെയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി. ബുധനാഴ്ചയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തേജസ്വി യാദവാണ് പുതിയ ഉപമുഖ്യമന്ത്രി. റെയില്‍വേ മന്ത്രിയായിരിക്കെ സ്വകാര്യ കമ്പനിയെ വഴിവിട്ടു സഹായിച്ചെന്ന് ആരോപിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."