പിന്നോട്ടേക്ക് മുന്നേറുമ്പോൾ മനുഷ്യന് സംഭവിക്കുന്നത്
വെള്ളിപ്രഭാതം
ശുഐബുൽ ഹൈതമി
1950-60 കാലഘട്ടത്തിലാണ് പാശ്ചാത്യലോകത്ത് ഉദാരലൈംഗിക വിപ്ലവചിന്ത ആഞ്ഞുവീശീയത്. ഭരണകൂടം, ധർമകേന്ദ്രം, കുടുംബം, നിയമം, പാരമ്പര്യം തുടങ്ങിയ മൂർത്തമോ അമൂർത്തമോ ആയ യാതൊന്നും വ്യക്തിയുടെ ലൈംഗികതയുടെ കാര്യത്തിൽ ഇടപെടരുത് എന്നതായിരുന്നു പ്രസ്തുത ചിന്താപദ്ധതി. 1953ൽ പ്രസിദ്ധീകരണമാരംഭിച്ച പ്ലേബോയ് മാഗസിൻ മുതൽ 1969ൽ ആൻഡി വാൻഹോൾ എന്ന സംവിധായകൻ ആദ്യമായൊരു പോൺ മൂവി ചിത്രീകരിക്കുന്നത് വരെയായിരുന്നു ആ പദ്ധതിയുടെ ഗർഭകാലം. ജൈവിക ലൈംഗികത(sex), ലൈംഗികസ്വത്വം (Gender), ലിംഗനിരപേക്ഷത്വം (Gender nutrality) എന്നിവയുമായി ബന്ധപ്പെട്ട 'ഞെട്ടിപ്പിക്കുന്ന' കണ്ടെത്തലുകൾ പുറത്തുവന്നുതുടങ്ങിയതിന്റെ സാമൂഹിക പശ്ചാത്തലം അതായിരുന്നു. 'This planet needs sexual liberation' എന്നതിലേക്ക് ചുരുങ്ങുന്നതായിരുന്നു എല്ലാവിധ പഠനങ്ങളുടെയും രത്‌നസാരം. നേരത്തെ തയാറാക്കിയ ശാസ്ത്രീയ ഭാഷ്യങ്ങൾ സഹിതം അപ്രതീക്ഷതമായി പൊട്ടിപ്പുറപ്പെട്ട സിദ്ധാന്തങ്ങൾക്ക് മുമ്പിൽ ലോകം ഒരിട പകച്ചുപോയി.
പഠനലോകങ്ങൾ ലിംഗത്തിലേക്കും ലിംഗത്വത്തിലേക്കും കൂടുതൽ വ്യാപിച്ചതോടെ മറുവ്യാഖ്യാനങ്ങൾക്കും മറുപടികൾക്കും കൂടുതൽ ശാസ്ത്രീയത കൈവന്നു. അപ്പോഴാണ് Sex Revolution അതിന്റെ പണിപ്പുര ശാസ്ത്രത്തിന്റെ ലാബിൽനിന്ന് രാഷ്ട്രീയത്തിന്റെ ഇല്ലങ്ങളിൽ ചെന്ന് പടർച്ച പരതിത്തുടങ്ങുന്നത്. ലിബറലിസം+മോഡേണിറ്റി = ഇൻഡിവിജ്വലിസം എന്ന രാസസമവാക്യം പുതിയരാഷ്ട്രീയ സാധ്യത തന്നെയായി മാറി. മതങ്ങളെ വിഴുങ്ങിയതുപോലെ ലിബറലിസം രാഷ്ട്രീയത്തെ കൂടി വിഴുങ്ങിയതോടെ കടുത്ത ഭരണകൂടവാദികളായ ഇടതുഭരണകൂടങ്ങൾ പോലും വ്യക്തിവാദത്തിലേക്ക് ചുരുങ്ങി. വാസ്തവത്തിൽ, ലിംഗാതീത ലൈംഗിക വ്യവസായത്തിന്റെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി ആൺ-പെൺ ദ്വന്ദം എന്ന സ്വാഭാവിക കാഴ്ചപ്പാടായിരുന്നു. 'സ്വാഭാവികത' സ്വാഭാവികമല്ലെന്നാക്കാൻ അവർ ആദ്യം നിശ്ചയിച്ച സെക്ഷ്വൽ ഗിയർ പൊസിഷനാണ് ന്യൂടാലിറ്റി. അതിനുവേണ്ടി മാത്രം പടയപ്പെട്ട സിദ്ധാന്തമാണ് ഹോമോസാപ്പിയൻ, Monomorphic അഥവാ സ്ത്രീ -പുരുഷ ദ്വന്ദം ജന്മനാ വഹിക്കാത്ത വർഗമാണെന്ന തീർപ്പുശ്രമങ്ങൾ. Dimorphism അഥവാ ലൈംഗികദ്വന്ദം പ്രകൃതമാണ് അല്ലാതെ പ്രാകൃതമല്ലെന്ന് തന്നെയാണ് ഏറ്റവും പുതിയ പഠനങ്ങൾ. ടോപ്പിലേക്കും റിവേഴ്‌സിലേക്കും യഥേഷ്ടം വിഹരിക്കാവുന്ന 'ന്യൂടാലിറ്റിയെ' ഇടതുലിബറലുകൾ പുൽകുന്നത് മുതലാളിത്തത്തിന്റെ ഉപകരണമായി പരിണമിച്ച ഇടതുബോധത്തിന്റെ വിലക്ഷണമാണ്.'യൂറോപ്പിനെ നോക്കി പരിഷ്‌കരിക്കൂ' എന്ന് പറയുന്ന വലത്തേ അറ്റത്താണ് ഇവിടത്തെ ഇടത്തേയറ്റം. അത്രനിഷ്‌കളങ്കമല്ല ഈ പിറകിലേക്ക് വലിക്കുന്ന മുന്നേറ്റനാട്യങ്ങൾ എന്ന് മനസ്സിലാക്കാൻ താഴേപ്പറയുന്ന ന്യായങ്ങൾ തന്നെ മതിയാവും.
ഒന്ന്: ഭൂമിശാസ്ത്രം, ചരിത്രം, കാലാവസ്ഥ, സംസ്‌കാരം, സാമ്പത്തികം തുടങ്ങി ഭൗതികവും സാങ്കേതികവും ആശയപരവുമായ ഘടകങ്ങൾ പരിഗണിച്ച് അതത് സമൂഹത്തിന്റെ സ്ഥിതിഗതികളെ സംബന്ധിച്ച യാഥാർഥ്യബോധം ഉൾക്കൊണ്ട് വേണം ഏതുതരം പുതിയ രീതിയും പരിചയപ്പെടുത്താൻ. ശാസ്ത്രീയമാണെന്ന് വന്നാൽ തന്നെ നിലനിൽക്കുന്ന സാമൂഹിക ചട്ടങ്ങൾക്കെതിരാവാതിരിക്കുക കൂടി വേണം. ശാസ്ത്രവും നിയമവും മാത്രമല്ല വ്യക്തിജീവിതത്തിന്റെ ധർമ്മബോധത്തിന്റെ അടിസ്ഥാനം.
രണ്ട്: ലിംഗസമത്വം എന്ന ഭരണഘടനാപരമായ തത്വത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി അസ്ഥാനങ്ങളിൽ ദുരുപയോഗപ്പെടുകയാണ്, ഔദ്യോഗികയിടങ്ങൾ പോലും വസ്തുനിഷ്ഠമായി സംസാരിക്കുന്നില്ല. ലിംഗ വിവേചനമില്ലാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടാനുള്ള അവസരസമത്വം എന്നതിനപ്പുറം 'ലിഗം' എന്ന വിവേചനമില്ലാതെ എല്ലാവരെയും ഒന്നാക്കുക എന്ന ആശയം ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നില്ല. ആൺ-പെൺ ലൈംഗിക സ്വത്വം അതിന്റെ വ്യത്യസ്ത സവിശേഷതകളോടെ പരിപാലിക്കപ്പെടുകയും അതോടൊപ്പം രണ്ടു വിഭാഗത്തിനും നിയമപരമായ പൊതുവിഷയങ്ങളിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ആശയത്തെ ലിംഗാതീത തലമുറയെ ഉൽപ്പാദിപ്പിക്കുക എന്നാക്കുന്നത് ഗുരുതരമായ ലൈംഗികബന്ധിത മനോരോഗങ്ങൾ വരുത്തിവെക്കാനേ കാരണമാവുകയുള്ളൂ.
മൂന്ന്: ലിംഗപരമായ അസമത്വം ഇല്ലാതാക്കുക എന്നർഥം വരുന്ന പ്രയോഗങ്ങളാണ് ന്യൂട്രാലിറ്റി എന്ന ആശയത്തെ സാധൂകരിക്കാൻ കൊണ്ടുവരപ്പെടുന്നത്. അതുകൊണ്ട് എന്താണവർ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ അവ്യക്തത ബാക്കിയുണ്ട്. പുരുഷ -സ്ത്രീ ദ്വന്ദത്തെ ഇല്ലായ്മ ചെയ്യുക എന്ന കമ്പോളവൽകൃത ലൈംഗിക വ്യവസായത്തിന്റെയും വ്യക്തികേന്ദ്രീകൃത ഉദാരവാദത്തിന്റെയും സങ്കൽപ്പത്തെ കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി നടപ്പിൽവരുത്തിത്തുടങ്ങുക എന്നതാണെങ്കിൽ, അത്തരം രീതി നടപ്പിൽവരുത്തി വിജയിച്ച മുൻമാതൃകകളും ശാസ്ത്രീയ പഠനങ്ങളുടെ പിൻബലവും ബന്ധപ്പെട്ടവർ ഹാജരാക്കേണ്ടതുണ്ട്. ഇത്ര വിശാലമായ അർഥങ്ങൾ ഉദ്ദേശിക്കപ്പെട്ടിട്ടില്ല എന്നാണെങ്കിൽ ഉദ്ദേശിക്കുന്ന ആശയം എന്താണെന്ന കാര്യത്തിൽ സുതാര്യത വരുത്തുകയും വേണം.
നാല്: ലിംഗപരമായ അസമത്വം ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിലൂടെ തന്നെ മറികടക്കണമെന്ന് പറയുന്നത് യുക്തിപരമല്ല. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം കേവലം യൂനിഫോമുമായോ വസ്ത്രധാരണത്തോടോ ബന്ധപ്പെട്ടതല്ല. ഇത് വിപുലമായ ലൈംഗിക സ്‌പെക്ട്രം എന്ന ആശയത്തെ ഉപജീവിച്ച് നിൽക്കുന്ന മറ്റൊരു ജീവിതരീതിയുടെ അടിത്തറയാണെന്ന് ബോധപൂർവം മറച്ചുവയ്ക്കുന്നതാണ്. കേരളീയ സംസ്‌കാരത്തോട് ചേരാത്ത കാര്യങ്ങളെ ഗ്ലോറിഫൈ ചെയുന്നതിനു വേണ്ടി ഭരണഘടനാപരമായ സൗകര്യങ്ങൾ പോലും ഇവിടെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ജെൻഡർ ന്യൂട്രാലിറ്റിയുടെ രണ്ടാം ഘട്ടം കൗമാരപ്രായത്തിലെത്തിയാൽ വിദ്യാർഥികൾക്ക് Puberty Ban Treatment അഥവാ ഋതുമതിത്വ വർജ്ജന മുറ നൽകലാണെന്ന് ആ ആശയദാതാക്കൾ പരസ്യമായി പറയുന്ന കാര്യമാണ്. തദ്ഫലമായി നോർഡിക് രാജ്യങ്ങളിൽ താൻ ആണോ പെണ്ണോ എന്നറിയാതെ Gender Dysphoria എന്ന മനോരോഗം സാർവത്രികമാകുന്നുവെന്ന ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങൾ 'പരിഷ്‌കരണവാദികൾ' മുഖവിലക്കെടുക്കണം. Nordic Paradox എന്ന ഇന്ന് ഏവർക്കുമറിയാവുന്ന ഭാഷാപ്രയോഗം വന്നത് അതു വഴിയാണ്.
അഞ്ച്: ലിംഗ അസമത്വം ഇല്ലാതാക്കാൻ ലിംഗം തന്നെ ഇല്ലാതാക്കുകയെന്ന് ഫലത്തിൽ വരുന്നത് തുഗ്ലക്ക് പരിഷ്‌കാരം മാത്രമാവും. കൂടുതൽ വിവേചനം നേരിടുന്നത് പെൺകുട്ടികളായതിനാൽ അവർക്ക് പ്രത്യേകം പരിഗണനയും ശ്രദ്ധയും നൽകുകയാണ് വേണ്ടത്. അതിന് Gender Sensibility എന്നാണ് പറയുക. അതാണ് നമ്മുടെ നാടിന് ആവശ്യം. അതടിസ്ഥാനത്തിലാണ് പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേകം ഇരിപ്പിടങ്ങളും താവളങ്ങളും ആലയങ്ങളും നിർമിക്കപ്പെടുന്നത്. അത്തരം റിസർവേഷനുകൾ ഇല്ലാതെ വന്നാൽ ഇന്നാട്ടിലെ സാധാരണ സ്ത്രീ സമൂഹം മാത്രമല്ല, കാംപസുകളിലെ അധ്യാപികമാരും പെൺകുട്ടികളും നേരിടുന്ന വൈഷമ്യങ്ങൾ എത്ര വലുതായിരിക്കും എന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് സാമൂഹിക ക്ഷേമവകുപ്പിനോട് ചോദിച്ച് മനസ്സിലാക്കണം. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം അപ്പറഞ്ഞതിന് നേർവിപരീതമാണ്. പെൺകുട്ടികൾക്ക് പ്രത്യേകം കരുതൽ നൽകേണ്ടതില്ലെന്നും അവർ ഫലത്തിൽ ആൺകുട്ടികളായി ബാഹ്യമായെങ്കിലും മാറണമെന്നും ശഠിക്കുന്നത് എത്ര ബാലിശമാണ്. പാട്രിയാർക്കിക്കൽ ഡൊമിനൻസി അഥവാ ആൺകോയ്മയെ ആഘോഷിക്കാനല്ലേ പെൺകുട്ടികൾ കൽപ്പിക്കപ്പെടുന്നത്?
ആറ്: പെൺകുട്ടികളുടെ കംഫർട്ട്‌നെസ്സാണ് മാനദണ്ഡമെങ്കിൽ ഭരണകൂടം എന്തിനാണ് പ്രത്യേകം ചട്ടം അടിച്ചേൽപ്പിക്കുന്നത്? ബാലുശ്ശേരിയിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം ഉദ്ഘാടനം ചെയ്ത ശേഷം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ട്വീറ്റ് ചെയ്തത് ലിംഗാതീത ബോധത്തിലേക്കുള്ള പെൺകുട്ടികളുടെ ചുവടുവയ്പ്പ് എന്നാണ്. ആ രീതിയെ കേരളത്തിലെ എത്ര ശതമാനം പെൺകുട്ടികൾ അംഗീകരിക്കുന്നുണ്ടെന്ന കണക്ക് സർക്കാരിന്റെ കൈവശമുണ്ടോ?
ഏഴ്: എല്ലാവരെയും ഒരുപോലെയാക്കുക എന്ന യൂനിഫോമിറ്റിയല്ല, നാനാത്വത്തിൽ ഏകത്വം എന്ന യൂനിറ്റിയാണ് കരണീയം. വിവേചനങ്ങളവസാനിക്കാൻ വ്യത്യസ്തതകളെ നശിപ്പിക്കുകയോ വൈവിധ്യങ്ങളെ മൂടിവയ്ക്കുകയോ അല്ല വേണ്ടത്. വിവേചന ചിന്താഗതി മാറ്റിയെടുക്കുകയാണ് വേണ്ടത്. ദലിതർ അവഗണിക്കപ്പെടുന്നതിന് പരിഹാരം ഭരണകൂടം ദലിതരെ സവർണരായി പ്രഖ്യാപിക്കലോ മറിച്ചോ അല്ല. ദലിതരെ അവരുടെ സാംസ്‌കാരിക തനിമ നിലനിർത്തി മുഖ്യധാരയിലെത്തിക്കലാണവിടെ പോംവഴി. വ്യത്യസ്തകളെ വ്യത്യസ്തതയോടെ പരിപാലിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന തത്ത്വത്തെ നാനാത്വങ്ങളുടെ ഏകീകരണം എന്നാക്കുന്ന പ്രവണത ശരിയല്ല. നാലിനെയും കൂടി ഒന്നാക്കലല്ല നാലിനെയും നാലായി വിടുന്ന ഒരിടമാവലാണ് നാടിന് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."