'കേരള സവാരി ' പ്ലേ സ്റ്റോറിൽ എത്തിയില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം • കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവിസ് ' കേരള സവാരി' ആഘോഷപൂർവം ഉദ്ഘാടനം ചെയ്‌തെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ പ്ലേ സ്‌റ്റോറിൽ ഇതുവരെയും ലഭ്യമല്ല. ഉദ്ഘാടനത്തിനു തൊട്ടു പിന്നാലെ ആപ്പ് പ്ലേ സ്റ്റോറിൽ എത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതുണ്ടായില്ല. ആപ്ലിക്കേഷൻ ലഭ്യമാകാത്തതിനാൽ ടാക്‌സി ബുക്കിങും തുടങ്ങിയില്ല. സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ആപ്ലിക്കേഷൻ ലഭ്യമാകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
ഒരു സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന രാജ്യത്തെ തന്നെ ആദ്യ ഓൺലൈൻ ടാക്‌സി സർവിസാണ് കേരള സവാരി. ഡ്രൈവർക്ക് പൊലിസ് ക്ലിയറൻസ്, യാത്രക്കാർക്കും ഡ്രൈവർക്കും പാനിക് ബട്ടൺ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്ന കേരള സവാരി ബുധനാഴ്ച മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്രവർത്തന സജ്ജമാകാത്ത ആപ്ലിക്കേഷനാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതെന്ന വിമർശനം ഉയരുന്നുണ്ട്.
കേരള സവാരി ആപ്പിൽ നിലവിൽ ചില സാങ്കേതിക തടസങ്ങൾ നേരിടുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കി. ഉദ്ഘാടന ദിവസം തന്നെ താൻ ഇക്കാര്യം സൂചിപ്പിച്ചതാണ്. ആദ്യമായി ആരംഭിക്കുന്ന പദ്ധതിയായതിനാലാണിത്. അടുത്ത ദിവസം തന്നെ ആപ്പ് പ്രവർത്തന ക്ഷമമാക്കുമെന്നും ഇതിനായുള്ള പ്രയത്‌നത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."