മഴ 'തകർത്തിട്ടും' ഒമ്പത് ജില്ലകളിൽ മഴക്കുറവ് അഞ്ച് അണക്കെട്ടുകൾ തുറന്നു തന്നെ
ബാസിത് ഹസൻ
തൊടുപുഴ • സംസ്ഥാനത്ത് മഴ തകർത്ത് പെയ്തിട്ടും ഒമ്പത് ജില്ലകളിൽ ഇപ്പോഴും മഴക്കുറവ്. ഇടുക്കിയും മുല്ലപ്പെരിയാറും അടക്കമുള്ള അണക്കെട്ടുകൾ തുറന്നുവിടേണ്ടിവന്ന ഇടുക്കി ജില്ലയിലടക്കം മഴക്കുറവാണ്.
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ ഇന്നലത്തെ കണക്കു പ്രകാരം കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ മാത്രമാണ് സാധാരണ മഴ ലഭിച്ചത്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 21 വരെയുള്ള കണക്കുപ്രകാരമാണിത്. മഴക്കുറവ് ഏറ്റവും കൂടുതലുള്ളത് ആലപ്പുഴ ജില്ലയിലാണ്, 37 ശതമാനം. 1271.3 മി.മീ മഴ ലഭിക്കേണ്ടിയിടത്ത് 796.6 മി.മീ മാത്രമാണ് ലഭിച്ചത്. മറ്റു ജില്ലകളിലെ മഴക്കുറവ് ശതമാനത്തിൽ ഇങ്ങനെയാണ്. എറണാകുളം 26, ഇടുക്കി 22, കൊല്ലം 25, കോട്ടയം 23, കോഴിക്കോട് 25, മലപ്പുറം 23, പത്തനംതിട്ട 33, തിരുവനന്തപുരം 27. എന്നാൽ കേരളത്തോട് ചേർന്നു കിടക്കുന്ന ലക്ഷദ്വീപിൽ ശരാശരി മഴ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പെയ്ത മഴയുടെ ശരാശരി കണക്കു പരിശോധിച്ചാൽ 21 ശതമാനം മഴക്കുറവുണ്ട്. 1635.8 മി.മീ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ ലഭിച്ചത് 1291.2 മി.മീ ആണ്.
അതേസമയം കക്കി, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാർകുട്ടി, പെരിങ്ങൽകുത്ത് അണക്കെട്ടുകൾ ഇപ്പോഴും തുറന്നു തന്നെയാണ്. ഇതിൽ മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളിൽ ജലനിരപ്പ് 90 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുലർച്ചെ മഞ്ഞും പകൽ കനത്ത ചൂടും അനുഭവപ്പെട്ടിരുന്നു. ഇന്നലെ മുതൽ വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനം ഉയർന്ന നിലയിൽ തുടരുകയാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 43.3954 ദശലക്ഷം യൂനിറ്റായിരുന്നു ഉൽപാദനം. ഇത് നിലവിലെ ഉൽപാദന ശേഷിയുടെ പരമാവധിയാണ്. 78.6356 ദശലക്ഷം യൂനിറ്റ് ഇന്നലെ ഉപയോഗിച്ചു. ഇതിൽ 35.2403 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളിൽ നിന്നും ദീർഘകാല കരാർ പ്രകാരവും എത്തിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."