അയ്യൻകാളി: ദലിതർക്ക് ദിശയും സ്വാതന്ത്ര്യവും നൽകിയ പോരാളി
ദലിത് സമൂഹത്തിന്റെ ഉദ്ധാരണത്തിനും നവോത്ഥാനതിനുമായി ജീവിതം സമർപ്പിച്ച അയ്യൻകാളിയുടെ 159ാംമത് ജന്മ ദിനമാണിന്ന്. കേരളത്തിൽ നിലനിന്നിരുന്ന അസമത്വത്തിനും അനാചാരങ്ങൾക്കുമെതിരേ ഭയ ലേശമെന്യേ പോരാടിയ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു മഹാത്മാ അയ്യൻകാളി. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ തറവാട്ടിൽ അയ്യന്റെയും മാലയുടെയും മകനായി 1863 ഓഗസ്റ്റ് 28 നാണ് അയ്യൻകാളി ജനിച്ചത്.
കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ട ഇദ്ദേഹം, പിന്നീട് ദലിത് സമൂഹത്തിനും ചരിത്ര സാക്ഷ്യങ്ങൾക്കും അയ്യൻകാളിയായി മാറുകയായിരുന്നു. അധഃസ്ഥിത സമൂഹത്തെ മനുഷ്യരായി പരിഗണിക്കപ്പെടാതിരുന്ന കാലഘട്ടത്തിലാണ് അയ്യൻകാളിയുടെ ജനനം. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യനേടുന്നതിനും പോലും അധഃസ്ഥിത സമൂഹത്തിന് അവകാശമില്ലായിരുന്നു. ജൻമിമാരുടെ നെല്ലറകൾ നിറക്കാൻ എല്ലൊടിഞ്ഞു പണിയെടുക്കുക മാത്രമായിരുന്നു അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കൽപ്പിച്ചു നൽകിയ വിധി.
പാടത്തെ പണി കഴിഞ്ഞു വരുമ്പോൾ മണ്ണിൽ കുഴി കുത്തി അതിൽ ഇല വച്ചായിരുന്നു ദലിതർക്ക് ഭക്ഷണം. പൊതുസ്ഥലങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടു പരിശോധിക്കില്ല. ഗുളികകളും മരുന്നും എറിഞ്ഞുകൊടുക്കും. ഭീകരമായ ബഹുവിധ ബഹിഷ്ക്കരണങ്ങളാൽ ദുരിതപൂർണമായിരുന്നു അയ്യൻകാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീവിതം.
എല്ലാറ്റിനുമപ്പുറം ജാതിയുടെ അടയാളങ്ങളായ കല്ലുമാലകൾ കഴുത്തിലണിഞ്ഞ് നടക്കുവാനും അവർ നിർബന്ധിക്കപ്പെട്ടു. സവർണർ ഉപയോഗിക്കുന്ന പൊതുവഴികൾ, കിണറുകൾ തുടങ്ങിയവ ഒന്നും തന്നെ അവർക്ക് ഉപയോഗിച്ചു കൂടായിരുന്നു. അരക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രം ധരിക്കാൻ പാടില്ല. പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അതിൽ മണ്ണ് പുരട്ടി വൃത്തിഹീനമാക്കിയിട്ടു വേണം ധരിക്കാൻ. അടിമക്കച്ചവടത്തിനും അധഃസ്ഥിതർ ഇരകളാക്കപ്പെട്ടു.
ചുറ്റിലും നടമാടിയ ഇത്തരം പീഡനങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരേ അധഃസ്ഥിതരുടെ ഇടയിൽ നിന്ന് ആദ്യം ഉയർന്ന ശബ്ദമായിരുന്നു അയ്യൻകാളി. സ്വസമുദായത്തിൽ നിന്നു തന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് 30-ാം വയസിൽ കിരാത നിയമങ്ങൾക്കെതിരേ പോരാടാൻ അദ്ദേഹം മുൻപോട്ടു വന്നു. 1898 - 99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴകൂട്ടം, കണിയാപുരം തുടങ്ങിയ തന്റെ സ്വാധീന മേഖലകളിൽ എല്ലാ മാടമ്പികളുമായും അദ്ദേഹവും അനുയായികളും ഏറ്റുമുട്ടി.
തിരുവതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻകാളിയായിരുന്നു. അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന സവർണവിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേയായിരുന്നു ആ സമരം. ഒരു വർഷം നീണ്ടു നിന്ന സമരത്തിൽ ജൻമിമാരുടെ പാട ശേഖരങ്ങളിൽ കൃഷി ഇറക്കാതെ തരിശിട്ടു. മാടമ്പിമാർക്കെതിരേയുള്ള ആ സമരം, 1905ൽ ഒത്തു തീർപ്പാക്കി, അധഃസ്ഥിത കുട്ടികൾക്ക് സ്കൂൾ പ്രവേശനം സാധ്യമാക്കി. ചരിത്ര പ്രസിദ്ധമായ ഈ സമരമാണ് പിന്നീട് കേരളത്തിടനീളമുള്ള കർഷക മുന്നേറ്റത്തിന് ഊർജ്ജം പകർന്നത്. 1893ലെ വില്ലുവണ്ടി സമരമാണ് അയ്യൻകാളിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സമരമായി മാറിയത്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അയ്യൻകാളി വലിയ പ്രാധാന്യം കൊടുത്തിരുന്നു. അധഃസ്ഥിതരായ സ്ത്രീകൾ മേൽവസ്ത്രം ധരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്ത്രീകൾ മുലക്കച്ചഅണിയണമെന്നും ആവശ്യപ്പെട്ടു. അടിമത്വത്തിന്റെ അടയാളമായിരുന്ന കഴുത്തിലെ കല്ലുമാലയും കാതിലെ ഇരുമ്പുവളയങ്ങളും ധരിക്കണമെന്ന ജാതി ശാസനകളെ ധിക്കരിക്കാൻ അയ്യൻകാളി ആവശ്യപ്പെട്ടു. ഈ ആഹ്വാനം സവർണ്ണ തമ്പുരാക്കൻമാരെ ഏറെ ചൊടിപ്പിച്ചു. ഇതിന്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ ആക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും ഉണ്ടായി. സവർണരുടെ കിരാത പ്രവർത്തനങ്ങളെ അധഃസ്ഥിത വർഗ്ഗക്കാർ പ്രതിരോധിച്ചു, പ്രത്യാക്രമണം നടത്തി. ഇതിന്റെ ഭാഗമായി കൊല്ലത്തെ പീരങ്കി മൈതാനത്ത് ജനങ്ങളെ സമ്മേളിപ്പിക്കുവാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. 1915ൽ നടന്ന ഈ മഹാ സഭയിൽ വച്ച് ജാതിയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായ കല്ലുമാല സമര പ്രഖ്യാപനമായിരുന്നു അത്.അയ്യൻകാളിയുടെ ആദ്യ കാല പ്രവർത്തനങ്ങളുടെ നല്ല ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങൾക്കായിരുന്നു. 1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധി- അയ്യൻകാളി കൂടികാഴ്ച നടക്കുന്നത്.
ബഹിഷ്കൃതരായ ഒരു ജനവിഭാഗത്തിന്റെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് ജീവൻ പണയപ്പെടുത്തി പോരാടിയ ധീര ദേശാഭിമാനിയായിരുന്നു അയ്യൻകാളി. അദ്ദേഹത്തിന്റെ 159-ാം ജൻമദിനം ആചരിക്കുന്ന വേളയിൽ, മഹാ മാറ്റങ്ങൾക്കു തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ജീവിതം പുനർവായനക്കെടുക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ പുതിയ തലമുറക്ക് അതു പഠിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര-കേരള സർക്കാരുകൾ അയ്യൻകാളിയുടെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ചരിത്രം ഈ നാട്ടിന്റെ ഇന്നലെകളുടെ രേഖയാണ്. കാലത്തിനൊപ്പം കോലം കെട്ടുന്നവർ ആ രേഖകൾ കോലക്കേടാക്കും മുൻപ് ചരിത്ര സ്നേഹികൾ അവസരത്തിനൊത്തു ഉയരുക മാത്രമേ നിർവാഹമുള്ളൂ.
( ദലിത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."