എം.വി ഗോവിന്ദന്‍ സി.പി.എം പുതിയ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സി.പി.എം പുതിയ സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍. നിര്‍ണായ സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. കമ്മിറ്റി ഐക്യകണ്‌ഠേനയാണ് എം.വി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്ന് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 1979 ല്‍ സി.പി.എം അംഗമായ എം.വി ഗോവിന്ദന്‍ ഇപ്പോള്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. വാര്‍ത്താ കുറിപ്പ് വഴിയാണ് പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്.
'സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തതുകൊണ്ട് എ.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം തെരഞ്ഞെടുത്തു' സി.പി.എം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോടിയേരി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. കോടിയേരി ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് പോകും. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സീതാറാം യെച്ചൂരിക്ക് പുറമെ പി.ബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുത്തിരുന്നു.
എം.വി ഗോവിന്ദന്റെ തെരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രി സഭാ തലത്തിലും അഴിച്ചു പണി നടന്നേക്കും. ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും.അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പിലേക്ക് പുതിയ ആളെ കണ്ടെത്തുകയോ മറ്റൊരാള്‍ക്ക് ചുമതല നല്‍കുകയോ ചെയ്യേണ്ടിവരും. നിലവില്‍ തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദന്‍. പുതിയ രണ്ട് മന്ത്രിമാര്‍ വരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. വീണാ ജോര്‍ജ്ജ് നിയമസഭാ സ്പീക്കറാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രി സഭാ അഴിച്ചു പണി സംബന്ധിച്ച തീരുമാനം അടുത്ത സെക്രട്ടറിയേറ്റിലായിരിക്കും.
ഇന്നലെ രാത്രി എ.കെ.ജി സെന്ററില്‍ പി.ബി അംഗങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നിരുന്നു. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് തീരുമാനിച്ചിരുന്നതെങ്കിലും നാളെ നിയമസഭയുള്ളതിനാല്‍ സംസ്ഥാന സമിതി ഇന്ന് തന്നെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഗവര്‍ണറുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഗവര്‍ണര്‍ക്കെതിരെയുള്ള രാഷ്ട്രീയ നിയമ നീക്കങ്ങളും ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."