വില്ലൻ ലഹരി; ഒരുമിച്ച് എതിർക്കാം ശക്തമായ നടപടി തുടരും
സ്‌കൂള്‍, കോളജ് തലങ്ങളില്‍ ലഹരിക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് എടുത്തുവരുന്നത്. സ്‌കൂള്‍തലത്തില്‍ ലഹരിവിരുദ്ധ ക്ലാസുകള്‍, ജാഗ്രതാസമിതികള്‍ തുടങ്ങിയവ രൂപീകരിച്ച്, എക്‌സൈസ്, പൊലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ വിപുല പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ് എന്നിവ മുഖേന ലഹരി ബോധവൽക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളെ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലഹരിവിരുദ്ധ ചങ്ങലകള്‍, കൂട്ടയോട്ടം, ഫ്ലാഷ് മോബ്, സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരേ നിയമപരമായ മുന്നറിയിപ്പ് പതിക്കല്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവിരുദ്ധ പ്രചാരണം, സ്‌കൂള്‍ പരിസരത്തും ചുറ്റുവട്ടത്തും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമെതിരേയുള്ള യെല്ലോലൈന്‍ കാംപയിന്‍, വിദ്യാര്‍ഥികളിൽ ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള ഇന്‍സൈറ്റ് പരിശീലനം, മാതാപിതാക്കളിൽ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തുന്നതിനുള്ള പോസിറ്റീവ് പാരന്റിങ്, ഹാബിറ്റ് സ്ലേറ്റ്, ജാഗ്രതാമതില്‍ തുടങ്ങി നിരവധി പദ്ധതികളാണ് നടന്നുവരുന്നത്. പൊലിസ്, എക്‌സൈസ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി സഹകരിച്ച് സ്‌കൂള്‍തലത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവൽക്കരണം, കൗണ്‍സലിങ് പരിപാടികള്‍ കാര്യക്ഷമമാക്കും.
വി. ശിവന്‍കുട്ടി
(വിദ്യാഭ്യാസ മന്ത്രി)
മൊബൈൽ ഫോണും വില്ലൻ
കൊവിഡിന് ശേഷം കലാലയങ്ങള്‍ തുറന്നതോടെ കുട്ടികളില്‍ ലഹരി ഉപയോഗം കൂടിയിട്ടുണ്ട്. ഇതിന് പ്രധാന കാരണം മൊബൈല്‍ ഉപയോഗം തന്നെയാണ്. ശരീരം അനങ്ങാതെയുള്ള ഓണ്‍ലൈന്‍ ഗെയിമുകളാണ് കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ പുതിയ പുതിയ ലഹരികളുടെ വിവരങ്ങള്‍ നോക്കി അതില്‍ ആകൃഷ്ടരാകുന്നവരാണ് കൂടുതലും. അതിനാല്‍ കുട്ടികള്‍ക്ക് അനാവശ്യമായി മൊബൈല്‍ നല്‍കാതിരിക്കുക. കാംപസുകളിൽ ലഹരിക്കെതിരേ ശക്തമായ നടപടികളാണ് എക്‌സൈസ് വിഭാഗം എടുത്തുവരുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ ആയിരത്തിലേറെ കോളജുകളിലും 6400 സ്‌കൂളുകളിലും എക്‌സൈസ് വകുപ്പിന്റെ വിവിധ യൂനിറ്റുകള്‍ ബോധവൽക്കരണം നടത്തി.
ലഹരിക്കെതിരേ ഷോർട്ട് ഫിലിം നിര്‍മാണം, ചിത്രരചന തുടങ്ങിയ പരപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ക്ലാസില്ലാത്ത സമയങ്ങളിൽ, അവരെ കായികമേഖലയിലേക്ക് ആകൃഷ്ടരാക്കുന്നതിനായി ഉണര്‍വ് പദ്ധതി വിവിധ ഇടങ്ങളില്‍ നടപ്പിലാക്കുന്നുണ്ട്. ഓരോ ജില്ലയിലെയും മൂന്ന് സ്‌കൂളില്‍ പദ്ധതി പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ അത് അധികൃതരില്‍ എത്തിക്കാനുള്ള പ്രയാസം അവര്‍ക്ക് പലപ്പോഴുമുണ്ട്. ഈ ഭയപ്പാട് ഒഴിവാക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ എക്‌സൈസ് വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കുകയും കൗണ്‍സലിങ് നടത്തുകയും ചെയ്യും.
അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരിക്കെതിരേയുള്ള കൈപ്പുസ്തകങ്ങള്‍ നല്‍കി ശാക്തീകരിക്കുന്നുമുണ്ട്. ഈ പുസ്തകത്തിലെ വിവരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എസ്.സി.ഇ.ആര്‍.ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്. ആനന്ദകൃഷ്ണന്‍
(സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍)
തിരികെവരാന്‍ കഴിയാത്ത മാരകലഹരി
കൗമാരക്കാര്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ ലഹരി ഉപയോഗം കൂടി വരികയാണ്. നേരത്തെ സ്‌കൂള്‍ കോളജ് തലങ്ങളില്‍ സിഗരറ്റ്, ബീഡി, കഞ്ചാവ്, വല്ലപ്പോഴും മദ്യം തുടങ്ങിയവയായിരുന്നു ലഹരി. എന്നാല്‍ ഇന്ന് കുട്ടികൾ കഞ്ചാവ്, എം.ഡി.എം.എ, സ്റ്റാമ്പ് തുടങ്ങിയ മാരക മയക്കുമരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇത് വളരെ പെട്ടെന്ന് ശരീരം നശിപ്പിക്കുകയും മരണത്തിലേക്ക് അവരെ നയിക്കുകയും ചെയ്യും. ലഹരിക്ക് അടിമകളായി ആശുപത്രികളിൽ എത്തുന്ന രോഗികളില്‍ ഏറെയും കൗമാരക്കാരാണ്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ വരെ ചികിത്സതേടി എത്തുന്നു.
ഇതരസംസ്ഥാനങ്ങളില്‍ പഠിക്കാൻ പോകുന്ന വിദ്യാര്‍ഥികളാണ് നേരത്തെ എം.ഡി.എം.എ പോലുള്ള ലഹരികൾ ഉപയോഗിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നാട്ടിൻപുറത്തെ സ്കൂളുകളിൽ പോലും എം.ഡി.എം.എ സുലഭം. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നവരുണ്ട്. മദ്യപിക്കുന്ന ഒരാളെ മണം, നടത്തം തുടങ്ങിയവ കൊണ്ട് തിരിച്ചറിയാനാവും. എന്നാല്‍ പുതിയ മാരകലഹരി ഉപയോഗിക്കുന്ന ഒരു കുട്ടിയെ വീട്ടിലുള്ളവര്‍ക്ക് പോലും ആദ്യം തിരിച്ചറിയാനാവില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്വഭാവത്തിലെ മാറ്റംകൊണ്ട് തിരിച്ചറിയാനാവും.
എം.ഡി.എം.എ പോലുള്ള ലഹരിമരുന്നുകൾ തലച്ചോറിനെയാണ് ആദ്യം ബാധിക്കുക. ഉറക്കമില്ലായ്മ, ക്ഷമയില്ലായ്മ, പെട്ടെന്നു ദേഷ്യം തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പ്രകടിപ്പിക്കുക. പിന്നീട് മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. രണ്ടാംഘട്ടത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ അവന്‍ കാണും. തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരിക്കുന്നു എന്നിങ്ങനെയുള്ള സംശയങ്ങളായി. ഈ സംശയം മറ്റൊരാളെ കൊല്ലുന്നതിലേക്കുവരെ നീളും. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം തലച്ചോറാണ്. ഇതിന്റെ പ്രവർത്തനം നിലയ്ക്കുക വഴി അവന്‍ ഒരു മൃഗമായി മാറുകയാണ്. തലച്ചോറിലെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കുറയുന്നതോടെയാണിത്. ഏത് ആളെ കൊല്ലാനും ക്വട്ടേഷന്‍ ഏറ്റെടുക്കുകയും തരിമ്പും കുറ്റബോധമില്ലാതെ വകവരുത്തുകയും ചെയ്യും.
മാരകലഹരി ഉപയോഗിക്കുന്നവരെ ജീവിതത്തിലേക്കു തിരികെകൊണ്ടുവരാന്‍ പ്രായാസമാണ്. മദ്യപിക്കുന്ന ഒരാളെ ചില മരുന്നുകള്‍ നല്‍കി നമുക്ക് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാം. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരെ പഴയ ജീവിത്തിലേക്ക് കൈപിടിക്കാൻ ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം മാരകലഹരികളോട് അകലം പാലിക്കുക മാത്രമേ രക്ഷയുള്ളൂ.
ഡോ. പി.എന്‍
സുരേഷ്കുമാര്‍
(മനോരോഗ വിദഗ്ധൻ)
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."