റോഡിലെ കുഴിയില്‍ പൊലിഞ്ഞ് ഒരു ജീവന് കൂടി; ആംബുലന്‍സ് ഇടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു
തിരുവനന്തപുരം: റോഡിലെ കുഴി മൂലം നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരത്ത് ചന്തവിള സ്വദേശി ധനീഷ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ദേശീയപാതയില്‍ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് മുന്നിലാണ് അപകടം നടന്നത്.
റോഡിലെ കുഴി കണ്ട് മുന്നില്‍ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ ആംബുലന്‍സ് ഡിവൈഡര്‍ തകര്‍ത്ത് എതിര്‍വശത്ത് നിന്ന് വന്ന രണ്ട് കാറുകളിലും സ്കൂട്ടറിലുമിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലന്സിനടിയില്പ്പെട്ടു.
ആംബുലന്‍സിന്റെ അടിയില്‍ അകപ്പെട്ട ധനീഷിനെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ധനീഷിനെ ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."