സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ അപേക്ഷകൾ ക്യൂവിൽ പ്രഖ്യാപനത്തിന്റെ വേഗം ഫയലുകൾക്കില്ല
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം • സംസ്ഥാനത്ത് ഫയൽ തീർപ്പാക്കലിന് വേഗത കൂടുമെന്ന് പറയുമ്പോഴും ഭൂമി തരംമാറ്റലിനുള്ള അപേക്ഷകൾ ക്യൂവിൽ തന്നെ.
2008ന് മുമ്പ് നികത്തിയ നെൽവയലുകൾ റവന്യൂ രേഖയിൽ മാറ്റം വരുത്തുന്നതിനായി നൽകിയ 1,58,754 അപേക്ഷകരാണ് ഇപ്പോഴും കാത്തിരിക്കുന്നത്. ആറുമാസം കൊണ്ട് അപേക്ഷകളിൽ കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി തീർപ്പാക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്നുണ്ടായിരുന്ന അപേക്ഷകളേക്കാൾ ആറായിരത്തിലേറെ അപേക്ഷകൾ ഇപ്പോൾ കൂടുകയാണ് ചെയ്തത്. ഓൺലൈൻ വഴി 1,18,947 അപേക്ഷകളും നേരിട്ട് 39,807 അപേക്ഷകളും ലഭിച്ചു.
25 സെന്റിൽ താഴെയുള്ള ഭൂമി തരം മാറ്റുന്നതിനാണ് 1,000 രൂപ ചെലാൻ അടച്ച് അപേക്ഷിക്കുന്നത്. എന്നാൽ, റവന്യൂ വകുപ്പിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ ഭൂമി പരിശോധനയ്ക്കടക്കം ആളില്ലാത്ത അവസ്ഥയാണ്. അടുത്തിടെ പുതിയ ജീവനക്കാരെ താൽക്കാലികമായി നിയമിച്ചെങ്കിലും അപേക്ഷകളിൽ തീർപ്പുണ്ടാകുന്നില്ല. 2008ന് മുമ്പ് നികത്തിയ തണ്ണീർതടങ്ങൾ ഇപ്പോഴും റവന്യൂ രേഖയിൽ വയലായി കിടക്കുന്നതിനാൽ ഇവിടെ കെട്ടിടവും വീടും വച്ചവർക്ക് ഇപ്പോഴും തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്ന പരാതി ശക്തമാണ്. തരംമാറ്റൽ വൈകുന്നത് മറ്റു ആനുകൂല്യങ്ങൾക്കും തടസമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."