തായ്‌വാന് യു.എസിന്റെ സൈനിക സഹായം: ചൈന-അമേരിക്ക ബന്ധം വഷളാവുന്നു
തായ്‌വാന് 1.1 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാനുള്ള പെന്റഗണിന്റെ നീക്കം അമേരിക്ക-ചൈന ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തുന്നു. യു.എസ് സ്പീക്കര്‍ നാല്‍സി പെലോസി ആഴ്ചകള്‍ക്ക് മുമ്പ് തായ്‌വാന്‍ സന്ദര്‍ശിച്ച ശേഷം ഈ രാജ്യത്തെ ചൊല്ലി ഇരു വന്‍കര ശക്തികളും കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് പെന്റഗണിന്റെ പുതിയ പ്രഖ്യാപനം. വിദേശനയങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി വിരുദ്ധചേരിയില്‍ നില്‍ക്കുന്ന അമേരിക്കയുടെയും ചൈനയുടെയും പുതിയ നീക്കങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
ആകാശത്തു നിന്ന് തൊടുക്കാവുന്ന 100 എയര്‍ ടു എയര്‍ മിസൈലുകളും കപ്പലില്‍ നിന്ന് തൊടുക്കാവുന്ന 60 മിസൈലുകളുമാണ് ആദ്യഘട്ടത്തില്‍ പെന്റഗണ്‍ തായ്‌വാന് നല്‍കുന്നത്. തായ്‌വാന്റെ സുരക്ഷയ്ക്ക് യുദ്ധോപകരണങ്ങള്‍ അനിവാര്യമാണെന്ന് യു.എസ് സ്റ്റേറ്റ് വക്താവ് പറഞ്ഞു. അങ്ങേയറ്റം പ്രകോപനമുണ്ടാക്കുന്ന നടപടിയെന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്. ആയുധമെത്തിക്കല്‍ തായ്‌വാനിലെ വിഘടനവാദികള്‍ക്കും മറ്റും തെറ്റായ സന്ദേശം നല്‍കുമെന്നും ഇത് യു.എസ്-ചൈന ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തുമെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെന്‍ഗ്യു കുറ്റപ്പെടുത്തി. യു.എസിന്റെ നീക്കം ചെറുക്കാന്‍ ആവശ്യമായ നടപടികളുമായി ബെയ്ജിങ് മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
തായ്‌വാനെ ചൈന ആക്രമിക്കുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ ആ രാജ്യത്തിന് ആയുധങ്ങള്‍ നല്‍കേണ്ടതുണെന്നും അതിനാല്‍ 1.1 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് അനുമതി നല്‍കണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തേ സെനറ്റിനോട് അഭ്യര്‍ഥിച്ചിരുന്നു. 'തീ കൊണ്ടുള്ള കളി' എന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്.
തങ്ങളുടെ കടുത്ത എതിര്‍പ്പ് മറികടന്ന് സന്ദര്‍ശനത്തിനെത്തിയ പെലോസിയെ തായ്‌വാന്‍ ഔദ്യോഗികമായി തന്നെ സ്വീകരിച്ചിരുന്നു. ഏതാണ്ട് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് അമേരിക്കയുടെ ഏതെങ്കിലും ഒരു ഉന്നത നേതാവ് തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് ചൈന തായ്‌വാന്റെ അതിര്‍ത്തിയില്‍ സൈനികനീക്കം ശക്തമാക്കിയിരുന്നു. ദ്വീപിനു ചുറ്റും കടലിലും കരയിലുമെല്ലാം ചൈന വലിയ സൈനികവിന്യാസത്തിന് തയ്യാറായി. എന്നാല്‍ വര്‍ഷങ്ങളായി ചൈനക്കൊപ്പം നിലയുറപ്പിച്ചിരുന്ന സ്വതന്ത്ര ദ്വീപ് രാഷ്ട്രമായ തായ്‌വാന്‍ ചൈനയുടെ സൈനിക നീക്കത്തെ വിമര്‍ശിക്കുകയാണുണ്ടായത്. തങ്ങളുടെ ആകാശപരിധിയില്‍ ചൈനയുടെ ഡ്രോണ്‍ പ്രവേശിച്ചതിലുള്ള അതൃപ്തിയും പരസ്യമാക്കി. കിന്‍മെന്‍ ദ്വീപിനു മുകളിലൂടെ നീങ്ങിയ ചൈനീസ് ഡ്രോണ്‍ കഴിഞ്ഞ വ്യാഴാഴ്ച തായ്‌വാന്‍ വീഴ്ത്തിയിരുന്നു. ചൈനീസ് ഡ്രോണുകള്‍ക്കു നേരെ തായ്‌വാന്‍ സൈനികര്‍ കല്ലെറിയുന്നതിന്റെ വിഡിയോയും വൈറലായി.
ചൈനയുടെ അയല്‍രാജ്യത്ത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നത് ചൈന അതീവ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്ന് അവരുടെ സപീമകാല പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ജനാധിപത്യ സര്‍ക്കാര്‍ തായ്‌വാനിലുണ്ടെങ്കിലും ഈ രാജ്യം തങ്ങളുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ വരുന്നതാണെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ തായ്‌വാന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ആവര്‍ത്തിച്ച യു.എസ്, ആ രാജ്യത്തിനു മേല്‍ സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ സമ്മര്‍ദ്ദം ചെലുത്തുന്ന ചൈനീസ് നിലപാട് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കുന്നു. തായ്‌വാനുമായി അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചയ്ക്ക് ചൈന സന്നദ്ധമാവുകയാണ് വേണ്ടതെന്നും യു.എസ് കരുതുന്നു.
അതിനിടെ യു.എസും തായ്‌വാനും തമ്മില്‍ വ്യാപാര കാറില്‍ ഏര്‍പ്പെടാനുള്ള നീക്കത്തിന് തുടക്കമിട്ടിട്ടുണ്ട്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വാഷിങ്ടണും തായ്‌പേയിയും കരാറില്‍ ഒപ്പുവച്ചേക്കും. ഇരു ഭാഗത്തുനിന്നും ആശാവഹമായ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യു.എസ് വാണിജ്യവിഭാഗത്തിലെ ഉപമേധാവി സാറ ബിയാന്‍ഷി വെളിപ്പെടുത്തുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുമായിട്ടാണ് തായ്‌വാന്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്നത്. ഇതിനു കൂടി തങ്ങളാലാവുന്ന വിധം തടയിടാനാണ് അമേരിക്കയുടെ പദ്ധതി.
നാന്‍സി പെലോസിക്കു പിന്നാലെ കൂടുതല്‍ അമേരിക്കന്‍ നേതാക്കള്‍ തായ്‌വാന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നുണ്ട്. റിപ്ലബ്ലിക്കന്‍ സെനറ്റര്‍ മര്‍ഷ ബ്ലാക്ക്‌ബേണ്‍ വ്യാഴാഴ്ച ഇവിടെയെത്തിയിരുന്നു. തന്റെ സന്ദര്‍ശനം ബെയ്ജിങിനുള്ള സന്ദേശമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി. ഏഷ്യ-പസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യം ചെറുക്കുകയെന്ന ലക്ഷ്യത്തോടെ 2021ല്‍ അമേരിക്കയും ബ്രിട്ടണും ആസ്‌ത്രേലിയയും ചേര്‍ന്ന് സുരക്ഷാസഖ്യം രൂപീകരിച്ചിരുന്നു. പെലോസിയുടെ സന്ദര്‍ശനത്തിനു മുമ്പുതന്നെ അമേരിക്ക തായ്‌വാനില്‍ തങ്ങളുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം നടപടികള്‍ തുടങ്ങിയിരുന്നുവെന്ന് വ്യക്തം. അപ്രതീക്ഷിത സന്ദര്‍ശനമല്ല ഇതെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു ശേഷം യു.എസിന്റെ തായ്‌വാന്‍ നയത്തില്‍ കാര്യമായ മാറ്റമുണ്ടായെന്നും നിരീക്ഷിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."