ഇറാഖിലും സിറിയയിലും ബൈഡന്റെ നിര്‍ദേശപ്രകാരം വ്യോമാക്രമണം; പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമെന്ന് ഇറാഖ്
ബഗ്ദാദ്: ഇറാഖിലും സിറിയയിലും ഓരോ കേന്ദ്രങ്ങളില്‍ യു.എസിന്റെ വ്യോമാക്രമണം. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം അര്‍ധരാത്രിയിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് വിശദീകരണം.
എന്നാല്‍, ആക്രമണത്തിനെതിരെ ഇറാഖ് രംഗത്തെത്തി. ഇറാഖിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് യു.എസ് നടത്തിയതെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദമി പ്രതികരിച്ചു.
അഞ്ചു മാസം മുന്‍പ് പ്രസിഡന്റായതിനു ശേഷം ഇത് രണ്ടാമത്തെ തവണയാണ് ബൈഡന്റെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ ആക്രമണം നടക്കുന്നത്.
ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കാതൈബ് ഹിസ്ബുല്ല, കാതൈബ് സയ്യില്‍ അല്‍ ശുഹദ എന്നീ സംഘങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അത്യാവശ്യവും ഉചിതവുമായ ആക്രമണമാണ് യു.എസ് നടത്തിയതെന്നും അതിലൂടെ കൃത്യമായ സന്ദേശം കൈമാറിയെന്നും ജോണ്‍ കിര്‍ബി പറഞ്ഞു.
ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടുവെന്നോ മറ്റു നാശനഷ്ടമുണ്ടായെന്നോ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഏഴ് പോരാളികള്‍ കൊല്ലപ്പെടുകയും മറ്റു ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വ്യക്തമാക്കി.
ഒരു കുട്ടി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് സിറിയന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.
ഇറഖാലിലെ സിറിയന്‍ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇറാഖി സായുധാംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കതൈബ് സയിദ് അല്‍ ശുഹദ എന്ന സംഘത്തിലെ ആളുകളാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ തിരിച്ചടിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."